വാഷിംഗ്ടണ്‍: യുഎസ് വിദേശകാര്യ സെക്രട്ടറി പദത്തിലേക്ക് ഹിലരി ക്ലിന്റനു പിന്‍ഗാമിയായി സെനറ്റര്‍ ജോണ്‍ കെറിയെ പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദ്ദേശം ചെയ്തേക്കും. വൈതൗസിനോടടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തയാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. 2004ല്‍ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന കെറി നേരിയ വ്യത്യാസത്തിലാണ് ജോര്‍ജ് ബുഷിനോടു പരാജയപ്പെട്ടത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി പദത്തിലേക്കുള്ള മത്സരത്തില്‍നിന്നു യുഎന്നിലെ യുഎസ് സ്ഥാനപതി സൂസന് റൈസ് പിന്മാറിയ സാഹചര്യത്തിലാണ് കെറിക്ക് സാധ്യത ഏറിയത്. ഒബാമയുടെ വിശ്വസ്തനും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ നേതാവുമാണ് ജോണ്‍ കെറി. ഒബാമയുടെ രണ്ടാമൂഴത്തില്‍ താന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കില്ലെന്നു ഹില്ലരി ക്ലിന്റണ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പിന്‍ഗാമിക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചത്. ബംഗാസിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമണത്തെത്തുടര്‍ന്നു റൈസ് പുറപ്പെടുവിച്ച പ്രസ്താവനയാണ് അവര്‍ക്കു വിനയായത്. ഇതു ഭീകരാക്രമണമല്ലെന്നും ജനക്കൂട്ടം പൊടുന്നനേ നടത്തിയ ആക്രമണമാണെന്നുമായിരുന്നു റൈസിന്റെ വാദം. ഇതു പാര്‍ട്ടി തലത്തില്‍ റൈസിനെതിരെ വ്യാപക വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. ബംഗാസിയില്‍ നടന്നത് ഭീകരാക്രമണമാണെന്നായിരുന്നു യുഎസിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: