ന്യൂദല്‍ഹി: ഇന്ത്യ ഗേറ്റ് കോംപ്ലക്സിന് സമീപം ദേശീയ യുദ്ധസ്മാരകം നിര്‍മ്മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രംഗത്തെത്തി. ജനങ്ങള്‍ വിശ്രമ വേളകള്‍ ചെലവഴിക്കുന്നത് ഇവിടെയാണ്. സ്മാരകം ഇതിന് തടസമുണ്ടാകും. കൂടാതെ പരിസ്ഥിതിക്ക് കോട്ടം തട്ടുമെന്നും ഷീലാ ദീക്ഷിത് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണിക്കും ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്കും കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥിനും ഷീലാ ദീക്ഷിത് കത്തയച്ചു.
സ്മാരകം നിര്‍മ്മിക്കാന്‍ പകരം സ്ഥലം കണ്ടെത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യാ ഗേറ്റിനു സമീപം പ്രിന്‍സസ് പാര്‍ക്ക് കോംപ്ലക്സിന് സമീപം സ്മാരകം നിര്‍മ്മിക്കാനായിരുന്നു കേന്ദ്രമന്ത്രിസഭ ഉപസമിതിയുടെ നിര്‍ദ്ദേശം. ഈ തീരുമാനം കേന്ദ്രമന്ത്രിസഭാ യോഗത്തിന് വിടുകയും ചെയ്തു. നഗരത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഒത്തുകൂടുന്ന സ്ഥലമാണ് ഇന്ത്യാ ഗേറ്റ്. സ്മാരകം വന്നാല്‍ ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും ഷീലാ ദീക്ഷിത് കത്തില്‍ പറയുന്നു.
ജമ്മു കാശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെ ഓര്‍മ്മക്കായി യുദ്ധസ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പ്രതിരോധമന്ത്രി എ.കെ ആന്റണിയാണ് സ്മാരകം നിര്‍മ്മിക്കാന്‍ ശുപാര്‍ശ ചെയ്തത്. 2009ല്‍ പ്രണബ് മുഖര്‍ജി അധ്യക്ഷനായി കേന്ദ്ര മന്ത്രിമാരെ ഇതിനായി നിയോഗിക്കുകയും ചെയ്തിരുന്നു. ഇവരുടെ ശുപാര്‍ശ അനുസരിച്ചാണ് സ്മാരകം നിര്‍മ്മിക്കാന്‍ നീക്കം ആരംഭിച്ചത്. കേന്ദ്ര മന്ത്രിമാരുടെ സമിതിയെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഷീലാ ദീക്ഷിത് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ദേശീയ യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിന് ഏറ്റവും യോജിച്ച സ്ഥലം ഇന്ത്യാഗേറ്റ് തന്നെയാണെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. പാക്കിസ്ഥാനെതിരായ 1971ലെ യുദ്ധത്തില്‍ വിജയിച്ചതിന്റെ നാല്‍പ്പത്തിയൊന്നാം വാര്‍ഷികത്തില്‍ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാഗേറ്റില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുമായി ഷീല ദീക്ഷിത് രംഗത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു ആന്റണി.
യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രിമാരും മൂന്ന് സൈനിക മേധാവികളുമടങ്ങുന്ന സമിതിയെ പ്രധാനമന്ത്രിയാണ് നിയമിച്ചത്. യുദ്ധസ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനം മന്ത്രിസഭയുടെ മുന്നിലെത്തുന്നതിന് മുമ്പ് കേന്ദ്രനഗര വികസന മന്ത്രാലയം ഇതു സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയുട്ടുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: