തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത് അന്യായമാണെന്ന് പശ്ചിമഘട്ടം പരിസ്ഥിതി വിദഗ്ദ്ധ സമിതി ചെയര്മാന് പ്രൊഫ.മാധവ് ഗാഡ്ഗില്‍. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ പറ്റില്ല. പരിസ്ഥിതി പ്രശ്നം മാത്രമല്ല പദ്ധതിക്കു തടസം. വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അതിരപ്പിള്ളി പദ്ധതി പ്രായോഗികമല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെളിവെടുപ്പ് നടത്തിയപ്പോള്‍ റിവര്‍ റിസര്‍ച്ച് ഫൗണ്ടേഷന് അതിരപ്പിള്ളി സംരക്ഷണം സംബന്ധിച്ച് നിരവധി തെളിവുകള്‍ നല്കി. സര്‍ക്കാര്‍ ഇത് സമ്മതിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പദ്ധതി വേണമെന്ന് പറയുന്നത് അന്യായമാണ്. ഇതിനു പുറമെ പദ്ധതി വെള്ളച്ചാട്ടത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കും. പദ്ധതിക്കുവേണ്ടി വനസംരക്ഷണ നിയമത്തില്‍തന്നെ മാറ്റം വരുത്തേണ്ടി വരും. വര്‍ധിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി ആവശ്യത്തിനനുസൃതമായി വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്നും വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കുകയാണാവശ്യമെന്നും അദ്ദേഹം പറഞ്ഞു. വനം-വന്യജിവി സംരക്ഷണത്തെക്കുറിച്ച് തിരുവനന്തപുരം ലോ അക്കാദമിയില്‍ നടന്ന രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മാധവ് ഗാഡ്ഗില്‍ തിരുവനന്തപുരത്തെത്തിയത്.
അഞ്ച് കാരണങ്ങളാണ് റിസര്‍ച്ച് ഫൗണ്ടേഷന് പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വച്ചത്. ജലക്കുറവ് ഉള്ളതിനാല്‍ ആവശ്യത്തിന് വൈദ്യുതി ഉല്പ്പാദിപ്പിക്കാനാവില്ല. ഈ പ്രദേശത്തെ ജലസേചനത്തെ ബാധിക്കും. വളരെ ജൈവപ്രാധാന്യമുള്ള പ്രദേശമാണ്. ഈ കാരണങ്ങളൊക്കെ നിലനില്ക്കുമ്പോള് പദ്ധതി നടപ്പാക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിച്ച് തന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജനങ്ങളുടെ ഇടിയില്‍ ചര്ച്ചചെയ്യപ്പെടാത്തതിനാലാണ് വിവാദങ്ങളുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട മലനിരകളെക്കുറിച്ചുള്ള യാഥാര്‍ഥ്യമാണ് ഈ റിപ്പോര്‍ട്ട്. അപ്രിയസത്യങ്ങളാണെങ്കിലും അവ അംഗീകരിച്ചേ മതിയാകൂ. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ജനങ്ങളുടെ സംശയം ആദ്യമേ മാറ്റേണ്ടതായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു പുറത്ത് വിശദീകരണം നല്കരുതെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പണത്തിന്റെയും അധികാരത്തിന്റെയും ശക്തിയില്‍ റിപ്പോര്‍ട്ടിനെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ട റിപ്പോര്‍ട്ട് സുതാര്യമായിരിക്കണം. ഗ്രാമസഭകളില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യണം. ഗ്രാമസഭകള്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടെന്ന് പറഞ്ഞാല്‍ നടപ്പാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ മറച്ചുവയ്ക്കാന്‍ ശ്രമച്ചതാണ് വിവാദത്തിനിടയാക്കിയത്. വിവരാവകാശകമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെതിരെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. റിപ്പോര്‍ട്ട് ജനങ്ങള്‍ ചര്‍ച്ചചെയ്യണം.
ഈ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ വികസനം വരില്ലെന്ന് പറയുന്നത് ശരിയല്ല. റിപ്പോര്‍ട്ട് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മഹാരാഷ്ട്രയിലെ ഹാനുതാലൂക്കിനെയാണ്. ഇവിടെ വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലിനീകരണം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാത്രമെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടില്‍ ഒരിടത്തും കൃഷിക്കാരെയോ ആദിവാസികളെയോ കുടിയൊഴിപ്പിക്കുന്ന കാര്യം പറയുന്നില്ല. നിയമസഭയില്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുന്നതില്‍ തെറ്റില്ല. പാര്‍ലമെന്റ് അംഗങ്ങളുടെ ഇടയില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു രണ്ടുതവണ ചര്‍ച്ച നടത്തിയതാണ്. നിയമസഭക്കൊപ്പം താഴെത്തട്ടില്‍ ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും ചര്‍ച്ചചെയ്യപ്പെടണം. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളെ അയക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 60 വര്‍ഷത്തിലധികം പഴക്കമുള്ള ഡാമുകള്‍ ഡീകമ്മിഷന്‍ ചെയ്യണമെന്ന നിര്‍ദ്ദേശത്തിന്റെ സാങ്കേതികവശങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തന്റെ സമിതിയില്‍ ഉണ്ടായിരുന്ന വിദ്ഗധരുടെ അഭിപ്രായമാണ്. ഡീകമ്മീഷനിങ് എന്നാല്‍ ഡാം തകര്‍ക്കുക എന്നതാണോ അര്‍ഥമാക്കുന്നതെന്നും തനിക്കറിയിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി അതോറിറ്റി ഉണ്ടാക്കണമെന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നു. ഇത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഡാമിന്റെ കാര്യത്തില്‍ ചര്‍ച്ചയിലൂടെ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാവുന്നതേയുള്ളു. റിപ്പോര്‍ട്ട് അതേപടി നടപ്പാക്കണമെന്ന് പറയുന്നില്ല. കൂടുതല്‍ ചര്‍ച്ചകള്‍ നടത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: