കോട്ടയം: സംഗീതം നശിച്ചാല്‍ ജനതയും നശിക്കുമെന്ന് കവിയും നാടകാചര്യനുമായ കാവാലം നാരായണപണിക്കര്‍ പറഞ്ഞു. തപസ്യ കലാവേദിയുടെ മുപ്പത്തിആറാമത് സംസ്ഥാന വാര്‍ഷികോത്സവം മാമ്മന്‍ മാപ്പിള മുനിസിപ്പല്‍ ടൗണ്‍ഹാളിലെ അഡ്വ. എം. എല്‍. ഗോവിന്ദന് നായര്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനതയെ കീഴടക്കാനുള്ള എളുപ്പവഴി അവരുടെ സംഗീതത്തെ കീഴടക്കുകയാണ്. സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷവും നമ്മുടെ സാമൂഹ്യജീവിതത്തില്‍ അധിനിവേശം നടക്കുന്നു. കാര്‍ഷികസംസ്കൃതിയുമായി ബന്ധപ്പെട്ട നമ്മുടെ നാടന്‍പാട്ടുകള്‍ ഇത്തരം അധിനിവേശത്തോടെ നഷ്ടപ്പെട്ടതാണ്. പല കൈവഴികളിലൂടെ ക്ഷേത്രസോപാനങ്ങളിലേക്ക് ഒഴുകിഎത്തി. അവിടെ സ്ഫുടം ചെയ്തതായിരുന്നു സോപാനസംഗീതം. എന്നാല്‍ പിന്നീട് സോപാനസംഗീതം എന്ന ഒന്ന് ഉണ്ടോ എന്ന് അന്വേഷിക്കാന്‍ യോഗം ചേരുകയുണ്ടായി.
സംഗീതം സമയത്തിന്റെ കലയാണ്. എപ്പോഴും തുടര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് സമയം. ഈ സമയത്തെ സ്വന്തമാക്കാനും വ്യാഖ്യാനിക്കാനും മനുഷ്യനു മാത്രമേ കഴിയൂ. തപസ്യ കാലാതിവര്‍ത്തിയായ ആശയമാണ്. എപ്പോഴെന്ന് ഓര്‍മ്മയില്ലാത്ത ഒട്ടേറെ നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ച സംഘടനയാണിതെന്നും കാവാലം പറഞ്ഞു.
സാംസ്കാരിക അസ്ഥിത്വം കൊണ്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളം വേറിട്ടു നില്ക്കുന്നു എന്ന് മൈസൂര്‍ രംഗായണ ഡയറക്ടര്‍ ഡോ.ബി.വി.രാജാറാം പറഞ്ഞു. പാരമ്പര്യ കലകളുടെ സംരക്ഷണത്തിലൂടെമാത്രമേ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കാനാകൂ. മതവും, സംസ്കാരവും ഭാരതത്തിന്റെ രണ്ട് നേത്രങ്ങളാണ്. കുട്ടികളുടെ സാംസ്ക്കാരിക ബോധത്തെ വികലമാക്കുന്നതില്‍ ടെലിവിഷനും മൊബെയില്‍ ഫോണിനും കമ്പ്യൂട്ടറിനും ചെറുതല്ലാത്ത പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശത്തെയും കാലത്തെയും അറിഞ്ഞ് ഭദ്രമാക്കി ഒരു ജനതയുടെ നാള്‍വഴികള്‍ സുന്ദരമാക്കാനുള്ള യത്നമാണ് തപസ്യയുടേതെന്ന് പ്രശസ്ത കവി പ്രൊഫ.വി.മധുസൂദനന് നായര്‍ പറഞ്ഞു. പഴമയ്ക്ക്് നൈപുണ്യമില്ല, ശാസ്ത്രീയത ഇല്ല എന്ന ധാരണയുള്ള തലമുറയാണിന്ന്. താന്‍ പിറന്ന നാടിന്റെ ദിനസരി അറിയാത്തവര്‍ ഏറെ. അന്യദേശീയമായ അഭിവാദനങ്ങളും മറ്റുമാണ് പരിചയം. വെളിച്ചം ഊതി അണച്ച് ആശ്ശിസ്സ് നേരുന്ന കാലം കെ.ഇ.എന്‍.കുഞ്ഞഹമ്മദ് എന്ന ഒരുത്തന് മലയാളത്തെ ഇടിച്ചുചതച്ച് കുടിലമലയാളമാക്കി നല്ലമലയാളം വായിക്കാനുള്ള അവസരം മലയാളിക്ക് ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത നിരൂപകന് ആഷാമേനോന്, ലളിതകലാ അക്കാദമി ചെയര്മാന് കെ.എ.ഫ്രാന്‍സിസ് എന്നിവരും ആശംസകള്‍ നേര്‍ന്നു. രാവിലെ സംസ്കാര്‍ ഭാരതി ദേശീയ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. സി. ജി. രാജഗോപാല്‍ പതാക ഉയര്‍ത്തിയതോടെയാണ് സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് തുടക്കമായത്.
ഉദ്ഘാടന സഭയില്‍ സ്വാഗതസംഘം അധ്യക്ഷന്‍ തിരുവിഴ ജയശങ്കര്‍ അധ്യക്ഷതവഹിച്ചു. തപസ്യ രക്ഷാധികാരിമാരായ പി.നാരായണക്കുറുപ്പ്, പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്, എസ്.രമേശന് നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.തപസ്യ ജനറല്‍ സെക്രട്ടറി പി.കെ.രാമചന്ദ്രന് സ്വാഗതവും സഹ സംഘടനാ സെക്രട്ടറി എം.സതീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: