കീറോ: ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിച്ച് മുസ്ലീം ബ്രദര്‍ഹുഡും എതിര്‍ത്ത് പ്രതിപക്ഷവും പ്രകടനങ്ങള്‍ നടത്തുന്നതിനിടയില്‍ കരടു ഭരണഘടന സംബന്ധിച്ചുള്ള ആദ്യഘട്ടം ഹിതപരിശോധനയിന്മേലുള്ള വോട്ടെടുപ്പ് ഇന്നലെ ആരംഭിച്ചു. രണ്ട് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ അടുത്ത ഘട്ടം ഈ മാസം 22ന് നടക്കും. അഞ്ചുകോടിയിലധികം വോട്ടര്‍മാര്‍ ഹിതപരിശോധനയില്‍ വോട്ടു രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ഭരണഘടനയെ എതിര്‍ത്തു വോട്ടുചെയ്യണമെന്ന് പ്രതിപക്ഷവും അനുകൂലിച്ചു വോട്ടുചെയ്യണമെന്ന് ബ്രദര്‍ഹുഡും ആഹ്വാനം ചെയ്തിട്ടുണ്ട്.
അലക്സാണ്ഡ്രിയ, കീറോ, ദക്കാലിയ, ഷാര്ക്വിയ അസിറ്റ്, സോഹഗ്, അസ്വാന്‍, ഗാര്‍ബിയ, സീനായ് എന്നിവിടങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പു നടന്നത്. ബാക്കിയുള്ള 17 ഗവര്‍ണറേറ്റുകളില്‍ 22ന് വോട്ടെടുപ്പു നടത്തും. പ്രവാസി വോട്ടര്‍മാര്‍ വിവിധ എംബസികളില്‍ നേരത്തെ വോട്ടു ചെയ്തു. ബ്രദര്‍ഹുഡ് അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഇന്നലെ പലഭാഗങ്ങളില്‍ ഏറ്റുമുട്ടലുണ്ടായി. 7000ത്തിനും പതിനായിരത്തിനും ഇടയിലുള്ള ജഡ്ജിമാര്‍ വോട്ടെടുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത്.
കഴിഞ്ഞമാസമാണ് പുതിയ ഭരണഘടന പ്രഖ്യാപിച്ചുകൊണ്ട് മുര്‍സി രംഗത്തെത്തിയത്. കരട് ഭരണഘടനക്കെതിരെ രാജ്യവ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ഹിതപരിശോധന നടത്താന്‍ ഉത്തരവിട്ടത്. വിവാദപ്രഖ്യാപനം റദ്ദാക്കിയ മുര്‍സി ഹിതപരിശോധനയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: