ഉത്തര കേരളത്തില്‍ ഉത്സവങ്ങളുടെ അരങ്ങേറ്റമായി. ഇനിയുള്ള നാളുകളില്‍ കാവുകളായ കാവുകളിലും അമ്പലങ്ങളിലും മുണ്ഡ്യകളിലും മറ്റും തിടമ്പുനൃത്തവും തിരുവാതിരക്കളിയും പൂരംകുളിയും പൂരക്കളിയും തെയ്യവും തിറയുമൊക്കെ അരങ്ങു തകര്‍ക്കും. വായനശാലകള്‍, കലാലയങ്ങള്‍ തുടങ്ങിയവയുടെ വാര്‍ഷികോത്സവങ്ങളും കലാപരിപാടികളും ഇവക്ക് മികവുകൂട്ടും. എല്ലാ പരിപാടികളുടെയും ഉദ്ദേശ്യം മാനുഷികമൂല്യസംരക്ഷണവും ആത്മസാക്ഷാത്കാരവുമാണ്. ഇതില്‍ ഉത്തരകേരളത്തിന്റെ മാത്രം ആരാധ്യകലയാണ് തെയ്യം. നമ്മുടെ സാംസ്കാരിക രംഗത്ത് വളരെയേറെ സ്വാധീനം ചെലുത്തുകയും ചെലുത്തിക്കൊണ്ടേയിരിക്കുകയും ചെയ്യുന്ന തെയ്യം കാലമേറെയായി വിദേശികളെപ്പോലും ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു.
കാവുകളില്‍നിന്നും കഴകങ്ങളില്‍നിന്നും പള്ളിയറകളില്നിന്നും മറ്റുമാണ് നമ്മുടെ സംസ്കാരത്തിന്റെ ഉറവ ആരംഭിക്കുന്നത് എന്ന് ചരിത്രാന്വേഷകന്മാരായ സാഹിത്യകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യര്‍ ഏക സഹോദരങ്ങളെപ്പോലെ വര്‍ത്തിക്കുവാന്‍ പ്രേരകമാംവിധം നിലകൊള്ളുന്ന മഹദ്സ്ഥാപനങ്ങളാണ് ക്ഷേത്രങ്ങളെന്നും ക്ഷേത്രോത്സവങ്ങള്‍ ആ സംസ്കാരത്തെ വിളിച്ചോതുന്നവയുമാണെന്ന് ബുദ്ധിജീവികള്‍ ഉദ്ഘോഷിക്കുന്നത്. ഈ അഭിപ്രായത്തിന്റെ സാധുതയെ സംബന്ധിച്ച് തെയ്യത്തിന്റെ തോറ്റം പാട്ടുകളില്‍ക്കൂടിയും പ്രവര്‍ത്തനങ്ങളില്‍ക്കൂടിയും മനസ്സിലാക്കാന്‍ വിഷമമില്ല. പൊട്ടന് തെയ്യത്തിന്റെ തോറ്റംപാട്ട് ശ്രദ്ധിച്ചാല്‍ മാനവരെല്ലാവരും ഒന്നാണെന്ന ഉന്നത സംസ്കാരം തെളിഞ്ഞു നില്ക്കുന്നതായി കാണാവുന്നതാണ്.
സര്‍വജ്ഞപീഠം കയറാന്‍ പുറപ്പെട്ട അദ്വൈതാചാര്യനായ ആദിശങ്കരന് വഴിമധ്യേ ശ്വപനാക്യനെ(ചണ്ഡാളന്) കണ്ടപ്പോള്‍ തീണ്ടിപ്പോയി-അശുദ്ധമായിപ്പോയി-എന്നു കരുതി തെറ്റി നില്ക്കാനാജ്ഞാപിച്ചപ്പോള് ചണ്ഡാളന് പറയുന്ന മറുപടി ശ്രദ്ധേയമാണ്.
“പദ്ധതിയേത്, തെറ്റി നില്‍ക്കേണ്ടതാര്,
നിന്റെ നിത്യമേ,തനിത്യമേതി, ശുദ്ധമേ-
തശുദ്ധമേത്, സിദ്ധാന്തഃരകരണമേത്.
സ്ത്രീപുംസക്ലീവമേത്, വേദിയരാര്.
നീചജാതിയും നീതിവര്ഗവുമേത്,
നീതിയില്‍ ചൊല്ക…”
കൂടാതെ നിങ്ങളും ഞങ്ങളും(ബ്രാഹ്മണനും ചണ്ഡാളനും) തമ്മിലെന്താണ് ഭേദം? ” ബ്രഹ്മജ്ഞനെന്നാകില് നീ ഇന്ദ്രിയമഞ്ചും ആറും ഒമ്പതും ഭൂതമഞ്ചും മണ്ഡലം മൂന്നും ഗുണം മൂന്നും നാഡി മൂന്നും ജാഗ്രാദി മൂന്നും പ്രാണാദി അഞ്ചും ഉപപ്രാണന്മാരഞ്ചും കരണങ്ങളെട്ടും ആധാരമാറും മനസ്സിലാക്കിയിട്ടാണോ തെറ്റി നില്ക്കുവാന് ആജ്ഞാപിച്ചത്, ശരീരഛേദനം ചെയ്ത രക്തവര്‍ണത്തിന് നിങ്ങളും ഞങ്ങളുമെന്ന(ബ്രാഹ്മണനും ചണ്ഡാളനുമെന്ന) വ്യത്യാസമുണ്ടോ?” എന്നിങ്ങനെയുള്ള തൊണ്ണൂറ്റാറു തത്വങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്തു ഈ തൊണ്ണൂറ്റാറ് തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും ജാതിസംബന്ധമായ നിന്മോന്നതാവസ്ഥ ഇല്ലെന്നും ഉണ്ടെന്ന് ധരിക്കുന്നവന് പണ്ഡിതനോ വേദാന്തിയോ അല്ലെന്നും അവന് ഈശ്വരസാക്ഷാത്കാരത്തിന് അര്‍ഹനാണെന്നും ചണ്ഡാളനില്ക്കൂടി കേട്ടപ്പോഴാണ് ശ്രീ ശങ്കരന് യഥാര്‍ത്ഥ അദ്വൈതബോധമുണ്ടാകുന്നത്. ഇത്തരത്തില്‍ മാനുഷികമൂല്യങ്ങളുള്ക്കൊള്ളുന്ന ധാരാളം വരികള്‍ വിവിധ തെയ്യങ്ങളുടെ തോറ്റം പാട്ടുകള്‍ പരിശോധിച്ചാലും കാണാവുന്നതാണ്.
മനുഷ്യന് അന്യോന്യം മനസ്സിലാക്കി പെരുമാറേണ്ടുന്ന ഉന്നത സംസ്കാരത്തെ വിളിച്ചോതുന്നവയാണ് ഇത്തരം വരികള്‍. തെയ്യോത്സവത്തില്‍ പണ്ടുപണ്ടേ ജാതിമതഭേദമന്യേ പലരും സഹകരിക്കുന്നു. പല നാടുകളില്‍നിന്നും വീടുകളില്‍നിന്നും എത്തിച്ചേരുന്നവരാണിവര്‍. ഓരോരുത്തരും ഓരോതരം സ്വഭാവക്കാരും താത്പര്യക്കാരുമായിരിക്കും. എന്നാല്‍ ജനങ്ങള്‍ അന്യോന്യം സ്നേഹത്തോടുകൂടിയും സഹകരണത്തോടുകൂടിയും പെരുമാറാന്‍ തെയ്യവും മറ്റു ക്ഷേത്രോത്സവങ്ങളും ഓരോരുത്തരിലും ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ക്ഷേത്രോത്സവങ്ങളില്‍ തിങ്ങിക്കൂടുന്ന ജനാവലി കാണിക്കുന്ന ക്ഷമയും സ്നേഹവും സഹകരണവും ഇതിന്റെ തെളിവാണ്. തെയ്യത്തോളം പഴക്കമുള്ള സംസ്കാരമാണ് മിശ്രഭോജനം. മറ്റവസരങ്ങളില്‍ സാധാരണമല്ലാത്ത ഈ സംസ്കാരം കാവുകളിലും അമ്പലങ്ങളിലും അസാധാരണമായിരുന്നില്ല. ശതക്കണക്കില്‍ ഭക്തന്മാരെ നിത്യേന ആകര്ഷിച്ചുകൊണ്ടിരിക്കുന്ന പറശ്ശിനിക്കടവിലെ മുത്തപ്പന് മടപ്പുരയില്‍ ഉച്ചക്കും രാത്രിയും ക്ഷേത്രം വക നല്‍കിവരുന്ന അന്നദാനത്തില്‍ സവര്‍ണമേധാവിത്വത്തിന്റെ അലകും പിടിയും വിട്ടുമാറാത്തവര്‍ പോലും ഇപ്പോഴെന്നപോലെ പണ്ടും പങ്കെടുക്കാറുണ്ടായിരുന്നു എന്നത് കേവലം യാഥാര്‍ത്ഥ്യം മാത്രം.
തൊട്ടുകൂടായ്മയില്‍നിന്നും തീണ്ടിക്കൂടായ്മയില്‍ നിന്നും ഇപ്പോഴും പൂര്‍ണമായി മോചിതമല്ലാത്ത ഉത്തരകേരളത്തിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങലില്‍ തെയ്യം കെട്ടുത്സവം നടക്കുമ്പോള്‍ പണ്ടുപണ്ടേ മിശ്രഭോജനം നടക്കാറുണ്ടായിരുന്നു എന്നാണറിവ്. തെയ്യത്തിന് ജാതിയും മതവും പ്രശ്നമല്ല എന്നതിന്റെ തെളിവാണത്. പ്രാര്‍ത്ഥന സ്വീകരിക്കുന്ന കാര്യത്തിലും ക്ഷേത്രങ്ങള്‍ക്കോ അമ്പലങ്ങള്‍ക്കോ ജാതിയും മതവുമില്ല. താണയിലെ മാണിക്കക്കാവില് പയ്യമ്പള്ളി ചന്തുവിന്റെ തിറയാട്ട സമയത്ത് പ്രാര്‍ത്ഥനകളുമായി വരുന്നവരില്‍ അഹിന്ദുക്കള്‍ ഏറെയാണ്. ഇതുപോലെയുള്ള ക്ഷേത്രങ്ങളും അമ്പലങ്ങളും എത്രയെങ്കിലും കാണാം. കൊട്ടിയൂര്‍ പോലുള്ള മഹാക്ഷേത്രങ്ങളില്‍ വളരെ കാലങ്ങള്‍ക്കു മുമ്പുതന്നെ ഇതര ജാതിക്കാര്‍ക്കും ഉണ്ടായിരുന്ന പ്രാതിനിധ്യം ഇപ്പോഴും നിലനില്ക്കുന്നു. മാനവരെല്ലാവരും ഒന്നുപോലെ എന്നതിന്റെ തെളിവാണിത്.
കോലം കോലത്തിരിയാല് നിര്‍മ്മിതം എന്നാണൈതിഹ്യം. കോട്ടയത്തുതമ്പുരാന്‍ കഥകളിയുണ്ടാക്കിയപ്പോള് കോലത്തുതമ്പുരാന് കോലം, അതായത് തെയ്യം ഉണ്ടാക്കി എന്നാണ് പറഞ്ഞുവരുന്നത്. ഈ ഐതിഹ്യത്തിന്റെ സ്ഥിരീകരണത്തിന് മതിയായ തെളിവുകളൊന്നുമില്ല. എങ്കിലും കോലംകെട്ടിന്റെ നൂതനസംവിധാനത്തില് പുരാതന കോലത്തിരിക്ക് അവിതര്‍ക്കിത സ്ഥാനമുണ്ടായിരുന്നു എന്നതിന് തെളിവായൊരു സംഭവം പറഞ്ഞുകേള്‍ക്കുന്നുണ്ട്.
കരിവെള്ളൂരില്‍ ‘മണക്കാടന് ഗുരുക്കള്‍’ എന്ന ബഹുമതിയോടെ അറിയപ്പെടുന്ന ഒരു തെയ്യാട്ടക്കാരനുണ്ടായിരുന്നു. കോലത്തിരി അദ്ദേഹത്തെ കുറിയയച്ചുവരുത്തി തെയ്യംകലയില്‍ തനിക്കുള്ള പാടവം പ്രദര്ശിപ്പിക്കുവാന് കല്‍പ്പിച്ചുവത്രെ. തിരുവായ്ക്കെതിര്‍വായില്ലല്ലോ! ഇന്ദ്രജാലം, മഹേന്ദ്രജാലം മുതലായ വിദ്യകള്‍ അറിയാവുന്ന മണക്കാടന്ഗുരുക്കള് നാടുവാഴിയുടെ കല്പ്പനക്കുവിധേയനായി പ്രദോഷം മുതല്‍ പ്രഭാതംവരെയുള്ള സമയത്തിനുള്ളില്‍ കോലസ്വരൂപത്തിലെ ‘ഒണ്ണൂറ് നാല്പത്’ ആരാധനാ മൂര്‍ത്തികളുടെ കോലം പരസഹായമില്ലാതെ കെട്ടിയാടിയെന്നാണ് ഐതീഹ്യം. അത്ഭുത പരതന്ത്രനായ നാടുവാഴി തെയ്യാട്ടക്കാരനെ പട്ടുംവളയും നല്കി ആദരിച്ചു. പില്ക്കാലത്ത് ഗുരുക്കളുമായി വളരെയേറെ സൗഹൃദത്തില്‍ കഴിയാനിടയായ നാടുവാഴി ഗുരുക്കളുടെ സഹകരണത്തോടെ തെയ്യംകലയില്‍ ഇന്നുകാണുന്നവിധം നൂതനമായ പല പരിഷ്കാരങ്ങളും വരുത്തുകയുണ്ടായി എന്നാണ് കേട്ടുകേള്‍വി.
ശരത്ക്കാലമാഗതമായാല് തുലാപ്പത്തെന്ന പത്താമുദയത്തോടുകൂടി അരങ്ങേറുന്ന തെയ്യവും തിറയും ആബാലവൃദ്ധം ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ട് അരങ്ങൊഴിയുന്നത് ഗ്രീഷ്മ കാലാവിര്ഭാവത്തോടുകൂടി. വര്‍ഷകാലത്തിനുശേഷം ശരത്ക്കാലത്തിന്റെ ഷഷ്ഠിപൂര്‍ത്തി പിന്നിട്ടു പത്താമുദയത്തോടുകൂടി കാവുകളും കളരികളും മറ്റും വീണ്ടും ഉണരുകയായി. തെയ്യോത്സവത്തിനെ വീണ്ടും സ്വാഗതം ചെയ്യുന്നതിനുവേണ്ടി.
മുകുന്ദന് കാഞ്ഞിരോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: