തൃശൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. ഭൂമിദാനക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ കഥയില്ലെന്നും വി.എസ് പറഞ്ഞു. ഇക്കാര്യം ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണ സംഘം യാതൊരു കഴിവും ഇല്ലാത്തവരും നിര്‍ജീവമായി അന്വേഷണം നടത്തുന്നവരുമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലജ്ജയുണ്ടെങ്കില്‍ അധികാരം ഒഴിയുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത്. എന്നിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.
തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെ കഥയില്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുമ്പോള്‍ ഇരട്ടക്കൊലക്കേസില്‍ ആരോപണവിധേയനായ പി.കെ ബഷീര്‍ എംഎല്‍എ കുഞ്ഞാലിക്കുട്ടിയുടെയും ലീഗിന്റെയും സംരക്ഷണയില്‍ നിയമസഭയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണെന്ന് വി.എസ് പറഞ്ഞു.
കൊലക്കേസുകളില്‍ ആരോപണവിധേയനായ കെ. സുധാകരന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെതിരേ മൂന്നു നേരവും വായില്‍ തോന്നുന്നത് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. പക്ഷപാതപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: