ന്യൂദല്‍ഹി: പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലികിന്റെ പ്രസ്താവന വിവാദമാകുന്നു. മുംബൈ ഭീകരാക്രമണവും ബാബ്റി മസ്ജിദ് സംഭവവും താരതമ്യം ചെയ്ത റഹ്മാന് മാലിക്കിന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയും ശിവസേനയും രംഗത്തെത്തി. ബാബ്റി മസ്ജിദ് സംഭവത്തില്‍ പാക്കിസ്ഥാന് ഇടപെടേണ്ട കാര്യമില്ലെന്ന് ശിവസേനാ വക്താവ് സഞ്ജയ് റൗട്ട് പ്രതികരിച്ചു.
ആത്മാര്‍ഥതയില്ലാത്ത പെരുമാറ്റമാണ് പാക്കിസ്ഥാനില്‍ നിന്നുണ്ടാകുന്നതെന്നും ഭീകരവാദത്തിലെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. പാക്കിസ്ഥാനില്‍ നിരവധി ഭീകരവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണ്. ഈ വിഷയം എപ്പോള്‍ സംസാരിക്കാന്‍ ശ്രമിച്ചാലും പാക്കിസ്ഥാന് അത് അവഗണിക്കുകയാണെന്നും മുക്താര്‍ അബ്ബാസ് നഖ്വി കൂട്ടിച്ചേര്‍ത്തു.
ഭീകരവാദ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നായിരുന്നു ബിജെപി നേതാവും എംപിയുമായ വിനയ് കത്യാറുടെ പ്രതികരണം. വീസ നടപടികള്‍ ഉദാരമാക്കിയ കരാറില്‍ ഒപ്പിട്ട ശേഷം ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റഹ്മാന് മാലിക്ക് വിവാദ പ്രസ്താവന നടത്തിയത്. മുംബൈ ഭീകരാക്രമണവും, സംഝോത എക്സ്പ്രസ് സംഭവും ആവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലും പാക്കിസ്ഥാനിലും സമാധാനം മാത്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ബാബറിമസ്ജിദ് സംഭവം പോലെതന്നെയാണ് മുംബൈ ഭീകരാക്രമണമെന്ന് പറഞ്ഞ മാലിക് ലഷ്കര്‍ സ്ഥാപകന്‍ ഹാഫിസ് സയിദിനെതിരായി വ്യക്തമായ തെളിവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ചത്തു.
സയിദിന് ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനയായിരുന്നു മാലികില്‍ നിന്നും ഉണ്ടായത്. ഹാഫിസ് സയിദിന് ആക്രമണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ താന്‍ ഇന്ത്യ വിടുന്നതിന് മുമ്പ് സയിദിനെ അറസ്റ്റ് ചെയ്യുമെന്നും മാലിക് പറഞ്ഞിരുന്നു.
എന്നാല്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം ഭീകരാക്രമണവുമായി താരതമ്യം ചെയ്ത സംഭവം റഹ്മാന് മാലിക് പിന്നീട് നിഷേധിച്ചു. സൗരഭ് കാലിയയുടെ മരണത്തെക്കുറിച്ച അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്കി. സ്നേത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം കൈമാറാനാണ് താന്‍ ഇവിടെയെത്തിയത്. ബാബറി മസ്ജിദിനെക്കുറിച്ച പറഞ്ഞപ്പോള്‍ താന്‍ ഒരിക്കലും ഭീകരാക്രമണവുമായി ഉപമിച്ചില്ലെന്നും മുംബൈ ഭീകരാക്രമണവും, സംഝോത എക്സ്പ്രസ് സംഭവും ആവര്‍ത്തിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്നും മാലിക് പിന്നീട് പ്രതികരിച്ചു.
മാധ്യമങ്ങള്‍ക്ക് പുതിയ അജണ്ടയുണ്ട്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും മാലിക് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: