കൊച്ചി: മലയാളം സര്‍വ്വകലാശാല എന്ന പേര് നമ്മുടെ മാതൃഭാഷയെ കളിയാക്കുന്നതിന് സമമാണെന്ന് പ്രമുഖ ചിത്രകാരനും സാമൂഹ്യചിന്തകനുമായ എം.വി. ദേവന് അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാല എല്ലാ കലകളുടെയും പഠനശാലയാണ്. അവിടെ ഭാഷാപഠനം കൂടാതെ ശാസ്ത്രസാങ്കേതികവിദ്യയും കലയും നൃത്തവും സംഗീതവുമെല്ലാം അഭ്യസിപ്പിക്കുന്നു. ലോകത്തെങ്ങും ഭാഷക്കായി മാത്രം സര്‍വകലാശാല ഇല്ല. അപ്പോള്‍ മലപ്പുറം ആസ്ഥാനമായി ആരംഭിച്ചിരിക്കുന്ന പുതിയ സര്‍വ്വകലാശാലക്ക് എങ്ങനെ മലയാളത്തിന്റെ പേര് നല്‍കുമെന്ന് ‘ജന്മഭൂമി’ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദേവന് ചോദിയ്ക്കുന്നു.
കാലടിയിലെ സര്‍വ്വകലാശാലയെ സംസ്കൃത യൂണിവേഴ്സിറ്റി എന്ന് വിളിക്കുന്നത് പരമ വിഡ്ഢിത്തമാണ്. അവിടെ സംസ്കൃതം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ടെന്ന് മാത്രമേയുള്ളൂ. എന്നാല്‍, അതിനെക്കുറിച്ച് ആഴത്തില്‍ അറിയുന്ന ആരും അവിടെ ഇല്ലെന്നും ദേവന് ചൂണ്ടിക്കാട്ടി. താന്‍ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഇന്നേവരെ പ്രതികരിക്കാന്‍ ആരും തയ്യാറായിട്ടില്ല. ഗ്രീക്ക് ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ പ്രമുഖ ഭാഷകള്‍ക്കായി ലോകത്ത് സര്‍വ്വകലാശാലകളില്ല. എല്ലാ കലകളും പഠിപ്പിക്കുന്ന സര്‍വ്വകലാശാലക്ക് ഭാഷയുടെ പേരിടുന്നത് അനുചിതമാണ്. മലയാളം സര്‍വ്വകലാശാല എന്ന പേരുമാറ്റി എഴുത്തച്ഛന് സര്‍വ്വകലാശാല എന്നോ മറ്റോ ആക്കണം.
ഭാഷയുടെ പേരില്‍ ലോകത്തുള്ള സര്‍വ്വകലാശാലകളിലെല്ലാം അതിന് കൂടുതല്‍ പ്രാധാന്യം ഉണ്ടെന്നു മാത്രം. മലയാളം സര്‍വ്വകലാശാലയില്‍ നിന്ന് ഇതും പ്രതീക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി അലങ്കരിക്കുന്ന കെ.ജയകുമാറിനെതിരെയും ദേവന് പരാതിപ്പെടുന്നു. കലാശാലയില്‍ പത്തുവര്‍ഷമെങ്കിലും പ്രൊഫസറായി ജോലി ചെയ്ത വ്യക്തിയാകണം വിസിയാകേണ്ടതെന്ന് കേന്ദ്രനിയമം അനുശാസിക്കുന്നു. ഓര്‍ത്തുവെക്കാന്‍ കൊള്ളാവുന്ന ഒന്നും അവശേഷിപ്പിക്കാതെ മൂന്നാംതരം കവിതയും അഞ്ചാംതരം പാട്ടുമായി കഴിയുന്ന വ്യക്തി എങ്ങനെ മലയാളം സര്‍വ്വകലാശാലയുടെ വിസി ആകും? സര്‍വ്വകലാശാല സ്ഥാപിക്കാന്‍ നിയുക്തനായ സ്പെഷ്യല്‍ ഓഫീസറായ വ്യക്തിതന്നെ അതിന്റെ വൈസ് ചാന്‍സലറായത് വേദനാജനകമാണ്. വയനാട്ടിലുള്ള കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ തലപ്പത്തിരിക്കെ ജയകുമാറിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും ദേവന് ഓര്‍മ്മിപ്പിക്കുന്നു.
മലയാള സര്‍വ്വകലാശാലയുടെ കാര്യത്തില്‍ താന്‍ പലതും നിര്‍ദ്ദേശിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. പരിഗണിക്കാമെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് ആദ്യം പറഞ്ഞു. നിവേദനം കൊടുത്തപ്പോള്‍ ‘നോക്കട്ടെ’ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അറിയിച്ചു. ഒടുവില്‍ ജയകുമാറിനെ വിസിയാക്കുകയും ചെയ്തു.
കേരളത്തിലെ ഏറ്റവും പ്രായംചെന്ന കലാകാരനാണ് ഞാന്‍. പലതും തുറന്ന് പറയാനുണ്ട്. എന്നാല്‍ വയസന് കുശുമ്പ് പറയുന്നതായി യുവാക്കളുടെ പഴി കേള്‍ക്കാന്‍ വയ്യ. തെറ്റുകളുടെ ലോകത്തിലൂടെയാണ് നമ്മുടെ സഞ്ചാരം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുള്ള ഈ സഞ്ചാരമാണ് ഏറ്റവും വലിയ തെറ്റ്. വേദനാജനകങ്ങളായ കാര്യങ്ങളാണ് ചുറ്റും നടക്കുന്നത്.
“വേദന വേദന ലഹരിപിടിക്കും
വേദന ഞാനതില്‍ മുഴുകട്ടെ”
രണ്ടുവരി ചങ്ങമ്പുഴക്കവിത പാടി ദേവന് പറഞ്ഞുനിര്‍ത്തി.
- രാജേഷ് പട്ടിമറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: