മധുര: ഗ്രാനൈറ്റ് ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന കേന്ദ്രമന്ത്രി അഴഗിരിയുടെ മകന് ദുരൈ ദയാനിധി കീഴടങ്ങി. ഇന്നലെ മധുരെ കോടതിയിലാണ് ദുരൈ ദയാനിധി കീഴടങ്ങിയത്. തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി ദുരൈ ദയാനിധിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങല്‍. കേസില്‍ ദുരൈക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ അന്വേഷണം ആരംഭിച്ച ശേഷം നാലു മാസത്തോളം ദുരൈ ദയാനിധി ഒളിവിലായിരുന്നു. അനധികൃതമായി ഗ്രാനൈറ്റ് ഖാനനം നടത്തി സര്‍ക്കാര്‍ പണം കൊള്ളയടിച്ചെന്നാണ് ദുരൈ ദയാനിധിക്കെതിരായ കുറ്റം. പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മേലൂര്‍ പോലീസ് സ്റ്റേഷനില്‍ ദിവസവും ഹാജരാകണമെന്നുമുള്ള വ്യവസ്ഥയോടെയാണ് ദുരൈ ദയാനിധിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ദുരൈയ്ക്കെതിരേ പോലീസിന്റെ ആവശ്യപ്രകാരം കീഴ്ക്കോടതി പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ദുരൈ ദയാനിധിക്കും മറ്റ് പത്ത് പേര്‍ക്കുമെതിരേയാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ അനുമതി കൂടാതെ ഗ്രാനൈറ്റ് ഖാനനം നടത്തിയെന്നാണ് കേസ്. 16,000 കോടി രൂപയുടേതാണ് ഗ്രാനൈറ്റ് അഴിമതി. തമിഴ്നാട് പോലീസിന്റെ വാണ്ടഡ് ലിസ്റ്റില്‍ ദുരൈ ദയാനിധിയെ ഉള്‍പ്പെടുത്തിയിരുന്നു. മധുര കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഗ്രാനൈറ്റ് അഴിമതി പുറത്തുവന്നത്. അനധികൃത ഖാനനം ആരോപിക്കപ്പെട്ട കമ്പനികളിലൊന്നിന്റെ ഡയറക്ടറായിരുന്നു ദുരൈ ദയാനിധി. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെയാണ് സ്വകാര്യഖനന കമ്പനികള്‍ മധുരയില്‍ ശക്തിപ്രാപിച്ചതെന്നാണ് അന്വേഷണങ്ങളില്‍ വെളിപ്പെട്ടത്. ദയാനിധിയുടേയും നാഗരാജന്റെയും പങ്കാളിത്തത്തോടെ നടത്തുന്ന ഒളിപ്പസ് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് ആദ്യം പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയ ഏഴ് കമ്പനികള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അമ്പതിലധികം അറസ്റ്റും ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ക്വാറികളുടെ സമീപത്തായി ക്വാറി സൃഷ്ടിച്ചാണ് കമ്പനികള്‍ ഖനനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: