ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ സൗരവ് കാലിയ കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. സൗരവിനെ കൊലപ്പെടുത്തിയത് യുദ്ധകുറ്റമായി കണക്കാക്കി രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സൗരവ് കാലിയയുടെ അച്ഛന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. പ്രതിരോധ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പത്ത് ആഴ്ച്ചക്കുള്ളില് നോട്ടീസിന്മേല് മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ദാരുണസംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായി പറഞ്ഞ കോടതി ഇക്കാര്യത്തില്‍ കോടതിക്ക് എന്തുനടപടി സ്വീകരിക്കാനാവുമെന്ന് കാലിയയോട് ആവശ്യപ്പെട്ടു. സൗരവിനെ കൊലപ്പെടുത്തിയത് യുദ്ധകുറ്റമായി പ്രഖ്യാപിക്കണമെന്നും രാജ്യാന്തരനീതിന്യായ കോടതിയെ സമീപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി പത്ത് ആഴ്ച്ചക്കുള്ളില് മറുപടി നല്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു. നവംബര്‍ 27നാണ് കാലിയ ഹര്‍ജി നല്‍കിയത്.
യുദ്ധത്തിന് മുമ്പ് പാക് സൈന്യത്തിന്റെ പിടിയിലായ സൗരവിനെ സൈന്യം ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും മൃതദേഹം വികൃതമാക്കിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനടപടിയുമായി കാലിയ കോടതിയെ സമീപിച്ചത്. 1999 മെയ് 15ന് യുദ്ധത്തിന് ഒരു മാസം മുമ്പ് അതിര്‍ത്തിയില്‍ നിരീക്ഷണത്തിനിടെയാണ് സൗരവ് പാക് സൈന്യത്തിന്റെ പിടിയിലായത്. സൗരവിനൊപ്പം മറ്റ് അഞ്ച് സൈനികരും ഉണ്ടായിരുന്നു. ഒരു മാസത്തോളം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ സൗരവിന്റെ മൃതദേഹം ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലും സിഗരറ്റ് ഉപയോഗിച്ച് മുഖം പൊള്ളിച്ച നിലയിലുമായിരുന്നു മൃതദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: