ഇസ്ലാമാബാദ്: മുംബൈ ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അജ്മല്‍ കസബിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പാക്കിസ്ഥാന്. പാര്‍ലമെന്ററി സെക്രട്ടറി പല്‍വാശ ഖാന് പാര്‍ലമെന്റിന്റെ അധോസഭയെ അറിയിച്ചതാണ് ഇക്കാര്യം. 2008 നവംബറില്‍ മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏകപ്രതിയായ അജ്മല്‍ കസബിനെ കഴിഞ്ഞ മാസമാണ് പൂനെ ജയിലില്‍ തൂക്കിലേറ്റിയത്. മൃതദേഹം വിട്ടുകിട്ടണമെന്ന് ആരും ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ജയില്‍ വളപ്പില്‍ സംസ്ക്കരിക്കുകയായിരുന്നു. കസബിനെ തൂക്കിലേറ്റുന്ന വിവരം നേരത്തെതന്നെ ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ കഴിഞ്ഞ 703 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചതായും പല്‍വാശ ഖാന് പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന പാക് തടവുകാരെ മോചിപ്പിക്കുന്നതില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നതായും അവര്‍ ചോദ്യത്തോരവേളയില്‍ സഭയെ അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ വിവിധ കേസുകളിലായി 8,715 തടവുകാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 2,373 പേര് സൗദി അറേബ്യയിലും 1334 പേര് യുഎഇയിലും 1,416 പേര് യുകെയിലും 403 പേര് ഇന്ത്യയിലും അഫ്ഗാനിസ്ഥാനില്‍ 350 പേരും അമേരിക്കയില്‍ 99 പേരുമാണുള്ളതെന്നും പാര്‍ലമെന്റില്‍ വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: