നമുക്കിന്ന് രണ്ടു രീതിയിലാണ് ദുഃഖവും സന്തോഷവും. നമ്മുടെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ നമുക്കു ദുഃഖം. എന്നാല്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ വേണ്ടവണ്ണം നടന്നുകാണുന്നത് അതിലും വലിയ ദുഃഖമാണ്. അതുപോലെ നമ്മുടെ കാര്യങ്ങള്‍ ഭംഗിയായി നടന്നുകാണുമ്പോള്‍ നമുക്കു സന്തോഷം. അതോടൊപ്പം മറ്റുള്ളവരുടെ കാര്യങ്ങള്‍ നടക്കാതെ അവര്‍ ദുഃഖിക്കുമ്പോഴും നമുക്ക് സന്തോഷമാണ്. അന്യന്റെ ദുഃഖത്തില്‍ നാം നമ്മുടെ ദുഃഖമെല്ലാം മറക്കുന്നു; സന്തോഷിക്കുന്നു. നമ്മുടെ വീട്ടിലെ പെണ്ണിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിലും, അയലത്തെ പെണ്ണിന്റെ കല്യാണം നടക്കാതിരിക്കുന്നതുകൊണ്ട് നമുക്ക് സന്തോഷം. അഥവാ അതു നടന്നാല്‍ നമുക്ക് ദുഃഖമാണ്. മക്കളേ ഇത് മനുഷ്യന്റെ വൈകൃതമാണ്. നമ്മുടെ ശാന്തിയെ മുഴുവന്‍ കാര്‍ന്നുതിന്നുന്ന മഹാരോഗമാണ്, ക്യാന്‍സറാണ്.
ഒരിക്കല്‍ അയല്‍ക്കാരായ രണ്ടുപേര്‍ തടി വാങ്ങുന്നതിനായി പോയി. രണ്ടുകൂട്ടരും വേണ്ടത്ര തടിയുമായി എത്തി. ഒന്നാമന് ഒരു തടി വാങ്ങിയപ്പോള്‍ രണ്ടാമന് മൂന്നുതടികളാണു വാങ്ങിയത്. ഒന്നാമന് അതറുത്തുനോക്കിയപ്പോള് അതിന്റെയുള്ളില് യാതൊന്നുമില്ല. വെറും പോടുമാത്രം. തന്റെ പണം മുഴുവന്‍ വെറുതെ പോയല്ലോ എന്നോര്‍ത്തു വിഷമിച്ചു. ആഹാരമൊന്നും കഴിക്കാതായി. അപ്പോഴാണു ഭാര്യ വന്നുപറയുന്നത്, ‘നിങ്ങളറിഞ്ഞില്ലേ, നമ്മുടെ അയല്ക്കാരന് വാങ്ങിയ മൂന്നുതടിയും പോടാണ്’. ഇത്രയും കേട്ടതോടെ, ദുഃഖിച്ചു തളര്‍ന്നിരുന്ന ആ മനുഷ്യന് ഉത്സാഹത്തോടെ അതേയോടീ കൊണ്ടുവാ ചായ എന്നുപറഞ്ഞു സന്തോഷം നിയന്ത്രിക്കാനാകാതെ ആര്‍ത്തുചിരിക്കുകയാണ്. അതി്ിടയില് പറയുകയാണ് അങ്ങനെ വരണം, അവനങ്ങനെ വരണം. വലിയ പണക്കാരന്റെ ഭാവത്തില്‍ മൂന്നുതടി ഒരുമിച്ചു വാങ്ങിയതാണ്. അവനങ്ങനെതന്നെ വരണം.
നമ്മള് ആദ്യം മാറ്റേണ്ടത് ഈ മനോഭാവമാണ്. ഇങ്ങനെയുള്ള ഒരു മനസുമായി നമ്മള് എത്ര ജപം ചെയ്താലും ഒരു പ്രയോജനവുമില്ല. ഈശ്വരകൃപ ലഭിക്കില്ല. മനഃസ്വസ്ഥതയോ ശാന്തിയോ കിട്ടില്ല. പുളിയിരുന്ന പാത്രം, കഴുകിവൃത്തിയാക്കാതെ പാലൊഴിച്ചിട്ടു പ്രയോജനമില്ല. ഒഴിക്കുന്ന പാലത്രയും ചീത്തയാകും. മക്കളേ നാമാദ്യം പ്രാര്‍ത്ഥിക്കേണ്ടത്, അന്യന്റെ ഉയര്‍ച്ചയിലും താഴ്ചയിലും അവരോടൊത്തു സന്തോഷിക്കുവാനും ദുഃഖിക്കുവാനുമുള്ള ഒരു മനസ് ലഭിക്കുന്നതിനുവേണ്ടിയായിരിക്കണം.
- മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: