തൃശൂര്‍: ദിവസവും നടത്തുന്ന റെയ്ഡുകളുടെ കണക്കുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ വിശപ്പ് മാറില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് ഭരണക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് പറഞ്ഞു. ഭക്ഷ്യോത്പാദനം വര്‍ദ്ധിച്ചിട്ടും വിലക്കയറ്റം ക്രമാതീതമായി കൂടുന്നതിനു പിന്നില്‍ മാഫിയകള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്ക്കുന്നതുമൂലമാണ്. കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ അരി വിലവര്‍ദ്ധനവിനെതിരെയും എഫ്ഡിഐ നിലപാടില്‍ കേന്ദ്രനയം തിരുത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും ഒത്താശ ചെയ്ത് കൊടുക്കുന്ന പാര്‍ട്ടികളാണ് സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. നിലംനികത്തല്‍ മുതല്‍ വനം കയ്യേറ്റം വരെ നടത്തുന്ന ശക്തികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. മുളങ്കുന്നത്തുകാവ് എഫ്.സി.ഐ ഗോഡൗണില്‍ അരി കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്ത സംഭവം ഉദ്യോഗസ്ഥരാണ് ചെയ്തതെങ്കിലും ഭരണത്തിലിരിക്കുന്നവര്‍ ഇതിന്റെ പിന്നിലെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ മുരടിപ്പിലേക്കും ദുരിതത്തിലേക്കും നയിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തെ ചില്ലറവ്യാപാരമേഖലയെ തകര്‍ക്കുന്ന സമീപനങ്ങളാണ് കൈക്കൊള്ളുന്നത്. പട്ടികജാതിസമൂഹത്തിനുനേരെ ഇതുവരേയും ഒരു കാര്യങ്ങളും ചെയ്തുകൊടുക്കാത്ത സി.പി.എം. ഇപ്പോള്‍ പട്ടികജാതി റസിഡന്റ്സ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതില്‍ യാതൊരു ആത്മാര്ത്ഥതയുമില്ലാത്തതാണ്. സി.പി.എം. നടത്തുന്ന ആദിവാസി ഭൂസംരക്ഷണജാഥ അവരെ തകര്‍ക്കാനുള്ളതാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിനെ ജനങ്ങള്‍ എഴുതിത്തള്ളിക്കഴിഞ്ഞു. കാലാവധി തികക്കുക എന്ന നടപടി മാത്രമാണ് മുന്നിലുള്ളത്. വഴിവാണിഭക്കാരുള്പ്പെടെ നാലുകോടിയോളം വരുന്ന കച്ചവടക്കാര്‍ വഴിയാധാരമാകുന്ന നിയമമാണ് കോണ്‍ഗ്രസ് കൊണ്ടുവന്നിരിക്കുന്നത്.
അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ വിലക്കയറ്റം നിയന്ത്രിക്കുമെന്ന് വീമ്പിളക്കിയ മന്മോഹന്സിങ്ങ് ക്രമാതീതമായി വിലക്കയറ്റത്തിന് മുന്നില്‍ കാഴ്ചക്കാരായി നോക്കിനില്ക്കുകയായിരുന്നു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന്മാസ്റ്റര് മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡണ്ട് ദയാനന്ദന് മാമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനസമിതി അംഗം പിഎസ് ശ്രീരാമന്, ജില്ലജനറല്‍ സെക്രട്ടറി എ.നാഗേഷ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജുമോന്‍ വട്ടേക്കാട്, അഡ്വ. രവികുമാര്‍ ഉപ്പത്ത്, ഷാജന് ദേവസ്വം പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ഉണ്ണികൃഷ്ണന്, സുരേന്ദ്രന് ഐനിക്കുന്നത്ത്, ജസ്റ്റിന് ജേക്കബ്ബ്, ടി.വി.ഷാജി, ഇ.വി.കൃഷ്ണന് നമ്പൂതിരി, എസ്.ശ്രീകുമാരി, അഡ്വ. കെ.കെ.അനീഷ്കുമാര്‍, കെ.പി.ജോര്‍ജ്ജ്, കെ.നന്ദകുമാര്‍, പത്മിനി പ്രകാശന്, ശ്യാമള പ്രേമദാസ്, വെണ്ണില സുരേഷ്, ടോണി ചാക്കോള, ടി.ടി.ആന്റോ, സര്‍ജു തൊയക്കാവ്, ഇ.കെ.ഭാസ്കരന്, പ്രസന്ന ശശി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: