വാഷിങ്ങ്ടണ്‍: അന്തരിച്ച സിത്താര്‍ മാന്ത്രികന് പണ്ഡിറ്റ് രവിശങ്കറിനെ ലൈഫ്ടൈം അച്ചീവ്മെന്റ് ഗ്രാമി അവാര്‍ഡ് നല്കി ആദരിക്കും. ഫെബ്രുവരി പത്തിന് ലോസ്ആഞ്ചലസില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍വെച്ച് മരണാനന്തര ബഹുമതിയായി അവാര്‍ഡ് സമ്മാനിക്കും. റെക്കോര്‍ഡിങ് അക്കാദമിയാണ് ഇന്നലെ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് മൂന്ന് തവണ അദ്ദേഹത്തിന് ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആഗോളസംഗീതത്തിന്റെ യഥാര്‍ത്ഥ അംബാസഡറാണ് രവിശങ്കറെന്ന് റെക്കോര്‍ഡിങ് അക്കാദമി പത്രക്കുറിപ്പില്‍ അറിയിച്ചു. രവിശങ്കറിന് പുറമെ കനേഡിയന്‍ പിയാനിസ്റ്റ് ഗ്ലെന്‍ ഗൗള്‍ഡ്, അമേരിക്കന്‍ ജാസ് കലാകാരന് ചാര്‍ളി ഹെയ്ഡന്, കണ്ട്രി ബ്ലൂസ് ഗായകന് ലൈറ്റ്നിന് ഹോപ്കിന്‍സ് എന്ന സാംജോണ്‍ ഹോപ്കിന്‍സ്, അമേരിക്കന്‍ ഗായികമാരായ കരോള്‍ കിംഗ്, പാറ്റി പേജ്, അമേരിക്കന്‍ ഗ്രൂപ്പായ ടെംറ്റേഷന്‍സ് എന്നിവര്‍ക്കും ലൈഫ്ടൈം അച്ചീവ്മെന്റ് ഗ്രാമി നല്‍കുന്നുണ്ട്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ബുധനാഴ്ച്ചയാണ് രവിശങ്കര്‍ അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: