ബിനാലെ എന്ന വാക്ക് മലയാളിക്ക് അത്രയ്ക്ക് പരിചിതമല്ല. മുസ്സിരിസ് ബിനാലെ എന്നുകേട്ടാല്‍ അതെന്താണെന്ന് തീര്‍ച്ചയായും ചോദിക്കും. കൊച്ചി ബിനാലെ എന്ന വാക്ക് മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളു. അതു മാധ്യമങ്ങളില്‍ക്കൂടിയാണ്. കൊച്ചി ബിനാലെ എന്ന വാക്കിനൊപ്പം അഴിമതി എന്ന വാക്കുകൂടി ചേര്‍ത്താണ് കേട്ടുപരിചയം. കൊച്ചിയില്‍ നടക്കുന്ന ബിനാലെ എന്നു പേരുള്ള ഒരു പരിപാടിക്ക് സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചു എന്ന് പത്രവാര്‍ത്തകള്‍ വായിക്കുന്ന ചിലര്‍ക്കെങ്കിലും അറിയാം. അത്തരം വാര്‍ത്തകള്‍ കുറച്ചു നാളുകളായി മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. വാര്‍ത്തകള്‍ വായിച്ച് അഴിമതിയെക്കുറിച്ച് രോഷം കൊള്ളുന്നവര്‍ നിരവധിയുണ്ട്. അതിനപ്പുറം കൊച്ചി മുസ്സിരിസ് ബിനാലയെക്കുറിച്ച് അധികമൊന്നും അറിയാത്തവരാണ് കൊച്ചിക്കാരടക്കമുള്ള ഏറെപ്പേരും.
ബിനാലെ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം രണ്ടുകൊല്ലത്തിലൊരിക്കല്‍ നടക്കുന്നത് എന്നാണ്. 1895ല്‍ വെനീസിലാണ് ലോകത്തെ ആദ്യത്തെ ബിനാലെ സംഘടിപ്പിക്കപ്പെട്ടത്. കൊച്ചിയില്‍ പണ്ടൊരു തുറമുഖവും അതോടനുബന്ധിച്ചൊരു പട്ടണവുമുണ്ടായിരുന്നു. മുസ്സിരിസ് തുറമുഖപട്ടണം. കൊടുങ്ങല്ലൂര്‍, പറവൂര്‍ മേഖലയുമായി ബന്ധപ്പെട്ടതാണ് മുസ്സിരിസ് പട്ടണം. കൊച്ചി കേരളത്തിന്റെ ഏറ്റവും വലുതും തിരക്കേറിയതുമായ പട്ടണമാണ്. കൊച്ചിയുടെ മുന്‍ഗാമിയായ മുസ്സിരിസ് പട്ടണവും അത്തരത്തിലുള്ളതായിരുന്നു. എന്നാല്‍ മുസ്സിരിസ് പട്ടണത്തിന് പ്രത്യേകമായ പൈതൃകവും കലാപാരമ്പര്യവും അവകാശപ്പെടാനുണ്ടായിരുന്നു. മട്ടാഞ്ചേരിയുടെ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വിവിധ സംസ്കാരങ്ങള്‍ പേറുന്ന സമൂഹം താമസിക്കുന്നുണ്ട്. ഇവര്‍ മലയാളം ഉള്‍പ്പെടെ 15ലധികം ഭാഷകള്‍ സംസാരിക്കുന്നവരാണ്. മണ്മറഞ്ഞ മുസ്സിരിസിന്റെ പിന്തുടര്ച്ചയായി പതിനാലാം നൂറ്റാണ്ട് മുതല്‍ വളര്‍ന്നുവന്നതാണ് കൊച്ചി തുറമുഖപട്ടണമെന്നാണ് ചരിത്രഗവേഷകരുടെ കണ്ടെത്തല്‍. മുസ്സിരിസിന്റെ പശ്ചാത്തലത്തില്‍ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന കലാസാംസ്കാരിക പ്രവര്‍ത്തനമാണ് ബിനാലെ.
ബിനാലെ എന്നത് ഒരു വിദേശ ആശയമാണ്. എന്നാല്‍ കൊച്ചി മുസ്സിരിസ് ബിനാലെ നടത്തപ്പെടുന്നത് തനി കേരളീയമായ സവിശേഷതകളോടെയാണെന്നാണ് സംഘാടകരുടെ വാദം. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും നാടകങ്ങളും വാദ്യകലകളും ഒക്കെയായി സമഗ്രവും വിശാലവുമായ പ്രദര്‍ശനവും അവതരണങ്ങളും ഇതിന്റെ ഭാഗമാകും. ഒരര്‍ഥത്തില്‍ കൊച്ചിമുസ്സിരിസ് ബിനാലെ എന്ന കുടക്കീഴില് തദ്ദേശീയവും വിദേശീയവുമായ വിവിധ കലകള്‍ ഒന്നിച്ച് ഒത്തുചേര്‍ന്ന് നില്ക്കും.
ഇന്ത്യയില്‍ മുമ്പ് ഒരിടത്തും ബിനാലെ നടന്നിട്ടില്ല. ഇന്ത്യയിലെ ആദ്യത്തെ ബിനാലെയാണ് കൊച്ചിമുസ്സിരിസ് ബിനാലെ. മറ്റു രാജ്യങ്ങളില്‍ നടന്നിട്ടുള്ള ബിനാലെകളെപ്പോലെ ഇതും കോസ്മോപൊളിറ്റന്‍ സംസ്കാരത്തെയാണ് പ്രതിനിധീകരിക്കുന്നതും സ്ഥാപിക്കുന്നതും. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന തലങ്ങളിലെ 80 കലാപ്രവര്‍ത്തകര്‍ കൊച്ചിമുസ്സിരിസ് ബിനാലെയില്‍ പങ്കെടുക്കും. പെയിന്റിങ്ങുകള്‍,ശില്പ്പങ്ങള്, ഇന്‍സ്റ്റലേഷനുകള്‍, സിനിമ, നവമാധ്യമ കലാസൃഷ്ടികള്‍ എന്നിവ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, കൊച്ചി നഗരം, മുസ്സിരിസ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ബിനാലെ കലാ പ്രദര്‍ശന വേദികള്‍. അടച്ചിട്ട ഗ്യാലറികളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുക എന്നതല്ല പൊതുവെ ബിനാലെകളുടെ ശൈലി. തുറന്ന വീഥികളില്‍ കലാ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും നടത്തുന്നു.
പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, സിനിമാ പ്രദര്‍ശനങ്ങള്‍, സംഗീതം, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയ്ക്കും ബിനാലെയില്‍ വേദികള്‍ ഒരുക്കും. മറുനാടുകളില്‍നിന്നുള്ള കലാ സൃഷ്ടികള്‍ക്ക് കൊച്ചി മുസ്സിരിസ് ബിനാലെ ഇന്ത്യയിലെ വേദിയാകുന്നതിനൊപ്പം ഇന്ത്യന്‍ കലാപ്രവര്‍ത്തകര്‍ക്ക് വലിയ സാധ്യതകള്‍ തുറന്നുകിട്ടുകയും ചെയ്യും. കൊച്ചിയുടെ പ്രാദേശികമായ പൈതൃകത്തിനും ജീവിത സംസ്കാരത്തിനും ലോകതലത്തില്‍ പ്രചാരം ലഭിക്കുമെന്നതും ബിനാലെ നടത്തിപ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ബിനാലെയില്‍ തങ്ങളുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കാന്‍ പല വിദേശരാജ്യങ്ങളിലെ പ്രശസ്തരായ കലാപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. അവര്‍ കൊച്ചിയില്‍ താമസിച്ച്, വരുന്ന മൂന്നു മാസം പ്രദര്‍ശനം നടത്തും. തങ്ങളുടെ കലയുമായി കൊച്ചിയുടെ ജീവിതത്തോട് ഇഴുകിച്ചേരുകയാണ് അവര്‍ ചെയ്യുന്നത്. ആദ്യ ഇന്ത്യന്‍ ബിനാലെ നടന്ന സ്ഥലം കൂടിയാകുകയാണ് ഇനി കൊച്ചി. ബിനാലെയുടെ പതിപ്പുകള്‍ ഓരോ രണ്ടു കൊല്ലം കൂടുമ്പോഴും കൊച്ചിയില്‍ സംഘടിപ്പിക്കപ്പെടും.
ബിനാലെയെക്കുറിച്ച് നിരവധി ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് വിവാദങ്ങളും കൊഴുത്തത്. തദ്ദേശീയരായ കലാകാരന്മാരെ അവഗണിക്കുന്നു എന്നതുമുതല്‍ അഴിമതി ആരോപണംവരെ ബിനാലെയുമായി ബന്ധപ്പെട്ടുണ്ടായി. നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിച്ച പണം ധൂര്‍ത്തടിക്കുന്നു എന്ന ആരോപണമാണ് മുഴങ്ങിക്കേട്ടത്. കേരളത്തിലെ പ്രശസ്തരായ മുഴുവന്‍ കലാകാരന്മാരെയും ഒഴിച്ചുനിര്‍ത്തി നടത്തിപ്പ് മുംബൈയിലെ ഒരു സ്വകാര്യ സംഘത്തെ ഏല്‍പ്പിക്കുകയും പൊതുഖജനാവില്‍നിന്ന് അതിെന്റ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ മാനദണ്ഡങ്ങള്‍ പാലിക്കാതെ നല്കാന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയുമായിരുന്നുവെന്നാണ് കേരളത്തിലുള്ള ഒരു സംഘം കലാപ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചത്. കേരളാ ലളിതകലാ അക്കാദമിയെ പൂര്‍ണമായും ഒഴിച്ചു നിര്‍ത്തിയാണ് മുംബൈക്കാരെ ബിനാലെ നടത്തിപ്പ് ഏല്‍പ്പിച്ചതെന്നും അവര്‍ ആരോപിക്കുന്നു.
ഒരു സ്വകാര്യ ട്രസ്റ്റായാണ് ബിനാലെ ഫൗണ്ടേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ ട്രസ്റ്റില്‍ കേരളത്തില്‍നിന്നുള്ള കലാകാരന്മാര് ആരുമില്ല. ട്രസ്റ്റിെന്റ ചെയര്മാന് മുംബൈയില്‍ താമസമാക്കിയിട്ടുള്ള ബോസ് കൃഷ്ണമാചാരിയും സെക്രട്ടറി റിയാസ് കോമുവുമാണ്. അവരുടെ നേതൃത്വത്തിലാണ് ബിനാലെ നടത്തിപ്പ്. സര്‍ക്കാര്‍ പണം ഇവരുടെ ആവശ്യത്തിനായി മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി നല്‍കുകയായിരുന്നുവെന്നാണ് ആക്ഷേപം.
വിവാദങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബിനാലെ കലാസാംസ്കാരിക പ്രവര്‍ത്തകരുടെ ആവശ്യവും ഉത്തരവാദിത്തവുമാണെന്നാണ് ബിനാലെയെ പിന്തുണയ്ക്കുന്നവരുടെ വാദം. കേരളത്തിന്റെ കലാരംഗത്തു സംഭവിക്കേണ്ട മാറ്റത്തിന്റെ തുടക്കമാണിതെന്നും അവര്‍ പറയുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിപുലമായി സംഘടിപ്പിക്കുന്ന ഈ രാജ്യാന്തര കലാപ്രദര്‍ശനം ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും സാംസ്കാരിക വികസനം ലക്ഷ്യമാക്കി രൂപപ്പെടുത്തിയ പദ്ധതിയത്രെ. എന്നാല്‍ ബിനാലെ സംഘാടകര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം പദ്ധതിയുടെ ലക്ഷ്യത്തിനു തടസ്സം നില്‍ക്കുന്നതാണ്. ബിനാലെയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരുമായി കേരളത്തിലെ കലാപ്രവര്‍ത്തകര്‍ രണ്ട് തട്ടിലായിക്കഴിഞ്ഞു.
കൊച്ചി മുസ്സിരിസ് ബിനാലെ ഇപ്പോള്‍ ആരംഭിച്ചുകഴിഞ്ഞു. ബിനാലെയുടെ തുറന്നിട്ട വാതിലിലൂടെ ലോകം കൊച്ചിയിലേക്കു വരുന്നെങ്കില്‍ വരട്ടെ. കൊച്ചിയുടെ ടൂറിസവും സംസ്കാരവും സാഹിത്യവും കലയും എല്ലാം അതിലൂടെ സമ്പന്നമാകുന്നെങ്കില് ആകട്ടെ. കൊച്ചി നഗരവും മുസ്സിരിസ് പ്രദേശവും ബിനാലെയുടെ പ്രകാശത്തില്‍ തിളങ്ങുന്നു എന്നതരത്തിലുള്ള പത്ര റിപ്പോര്‍ട്ടുകള്‍ ദിനംതോറും വന്നുകൊണ്ടിരിക്കുന്നു. എല്ലാം നല്ലതുതന്നെ. പടിഞ്ഞാറന്‍ ആശയമാണെന്ന പേരില്‍ മാറ്റിനിര്‍ത്തേണ്ടതല്ല ബിനാലെകള്‍. വൈദേശികമാണെങ്കിലും നമ്മുടെ കലയെയും സംസ്കാരത്തെയും കൂട്ടിയിണക്കി വേണം അതു നടത്തപ്പെടുവാന്‍ എന്നുമാത്രം. കേരളത്തിനു പുറത്തും വിദേശത്തുമായി നിരവധി കലാപ്രവര്‍ത്തകര്‍ ഉണ്ട്. അവരെല്ലാം കേരളത്തില്‍ കേന്ദ്രീകരിക്കണമെന്ന് നമുക്കാര്‍ക്കും ശഠിക്കാന്‍ കഴിയില്ല. അഥവാ കേരളത്തിലേക്ക് വരാന്‍ തയ്യാറായാല്‍ നല്ല വേദികള്‍ നല്കാന് നമുക്കു കഴിയണം. ബിനാലെയിലൂടെ അത്തരക്കാര്‍ക്ക് നല്ല വേദി തുറക്കപ്പെടുകകൂടിയാണ് ചെയ്യുന്നത്.
ഇവിടെ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന മികച്ച കലാകാരന്മാരെ അകറ്റിനിര്‍ത്തി ബിനാലെ വിജയിപ്പിക്കാമെന്ന വിചാരവും നല്ലതല്ല. തദ്ദേശീയരായ കലാ, സാംസ്കാരിക പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കുകൂടി ഇരിപ്പിടം നല്‍കാനും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം നല്‍കാനും ബിനാലെ സംഘാടകര്‍ക്കു കഴിയണം. ബിനാലെ തുടങ്ങുംമുമ്പേ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ തള്ളിക്കളയാവുന്നതല്ല. സര്‍ക്കാര്‍ പണം ജനത്തിന്റേതാണ്. അതു ധൂര്‍ത്തടിക്കാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. ബിനാലെയുടെ പേരിലുള്ള ആരോപണങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
മുസ്സിരിസ് ബിനാലെ വിവാദങ്ങള്‍ ഒഴിവാക്കി, പ്രശ്നങ്ങള്‍ പരിഹരിച്ചു വേണം നടത്തേണ്ടത്. എങ്കില്‍ മാത്രമേ അതിന്റെ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയൂ. ബിനാലെയിലൂടെ കേരളത്തിന്റെ കലാപ്രവര്‍ത്തനത്തിന് മെച്ചമുണ്ടാകുമെങ്കില്‍ അതിനെ എതിര്‍ക്കുന്നതെന്തിന്? മലയാളിക്ക് ഇതുവരെ പരിചിതമല്ലാത്ത ഒന്നാണ് കൊച്ചിയില്‍ നടക്കുന്നത്. കാത്തിരുന്ന് വിധി പ്രസ്താവിക്കുന്നതാണ് ഉചിതം.
- ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: