ന്യൂദല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു ടുജി സ്പെക്ട്രം. പിന്നീടിങ്ങോട്ട് യുപിഎ സര്‍ക്കാരിന്റെ കീഴില്‍ അഴിമതിയുടെ നീണ്ടനിര തന്നെ ഉണ്ടായി. കോമണ്‍വെല്‍ത്ത് അഴിമതിയും, കല്‍ക്കരി അഴിമതിയും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അഴിമതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്തുതന്നെയാണ്. ഇന്ത്യയുടെ ആണവോര്‍ജ്ജ വകുപ്പിന്റെ കീഴില്‍ മറ്റൊരു വന്‍ അഴിമതി നടന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ നിയമങ്ങളേയും ജനങ്ങളേയും കബളിപ്പിച്ചുകൊണ്ട് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വന്‍തോതില്‍ ധാതുലവണങ്ങള്‍ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. കോര്‍പ്പറേറ്റ് ശക്തികളുടെ വന്‍ ചൂഷണത്തിന് ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളെ തുറന്നുകൊടുക്കുകയാണ് ആണവോര്‍ജ്ജവകുപ്പ് ചെയ്തത്. ടുജി സ്പെക്ട്രം അഴിമതിയുടെ തെളിവുകള്‍ പുറത്തുകൊണ്ടുവന്ന ദ പയനിയര്‍ പത്രം തന്നെയാണ് രാജ്യത്തെ നിയമങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള അഴിമതിയും പുറത്തുകൊണ്ടുവന്നത്.
ധാതുലവണങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കുകയും, സ്വകാര്യകമ്പനികള്‍ക്ക് ഇത് തുറന്ന് കൊടുക്കുകയും ചെയ്തത് പാര്‍ലമെന്റിന്റെ അനുമതി ഇല്ലാതെയാണ്. അപൂര്‍വ്വമായി ലഭിക്കുന്ന ലാമിനൈറ്റ്,റൂറ്റെയില്‍, ലിയുകോക്സിന്‍, സിര്‍ക്കോണ്‍ എന്നീ ധാതുലവണങ്ങളാണ് സ്വകാര്യ കമ്പനികള്‍ക്കായി വിറ്റഴിച്ചത്. അന്താരാഷ്ട്ര കമ്പോളങ്ങളില്‍ കോടിക്കണക്കിന് വിലവരുന്ന ഇവ പാശ്ചാത്യ രാഷ്ട്രങ്ങളുടെ താല്‍പ്പര്യപ്രകാരം സ്വകാര്യകമ്പനികള്‍ക്ക് കയറ്റി അയച്ചുവെന്നാണ് പയനിയര്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ നിന്നും എങ്ങനെ ഇവ കൊള്ളയടിച്ചുവെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ സര്‍ക്കാരിന് ഒരു പൈസ പോലും നല്‍കാതെയാണ് സ്വകാര്യകമ്പനികള്‍ ഇവ നേടിയെടുത്തത്. ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പ് രാജ്യമെമ്പാടും വ്യാപിച്ചുകിടക്കുമ്പോള്‍ ആരും അറിയാതെ ഈ ധാതുലവണങ്ങള്‍ എങ്ങനെ സ്വകാര്യ കമ്പനികള്‍ക്ക് കയറ്റി അയക്കാന്‍ സാധിച്ചു എന്നതാണ് വലിയ ചോദ്യം.
2006ലാണ് ആണവോര്‍ജ്ജ വകുപ്പിനുകീഴില്‍ ഇത്തരമൊരു അഴിമതി നടക്കുന്നത്. ഈ വര്‍ഷം തന്നെ ജനുവരി 18ന് ആണവോര്‍ജ്ജ വകുപ്പ് ഒരു വിജ്ഞാപനം ഇറക്കിയിരുന്നു. ഈ വിജ്ഞാപനപ്രകാരമാണ് ധാതുലവണങ്ങള്‍ വിറ്റഴിക്കാനുണ്ടെന്ന് ആണവോര്‍ജ്ജവകുപ്പ് അറിയിച്ചത്. പൊതുവിഭാഗത്തിലാണ് ഇവ ഉള്‍പ്പെടുത്തിയിരുന്നത്. 2006 ജനുവരി 20ന് ആണവോര്‍ജ്ജ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മറ്റൊരു വിജ്ഞാപനം ഇറക്കിയിരുന്നു. മൈന്‍സ് ആന്റ് മിനറല്‍സ് ആക്ടിന്റെ ഭേദഗതികള്‍ പാര്‍ലമെന്റില്‍ പാസായാല്‍ മാത്രമെ നിലവിലുള്ള ഈ മാറ്റങ്ങള്‍ ഫലപ്രദമാകുകയുള്ളൂവെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ധാതുലവണങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് പൊതുമേഖലാസ്ഥാപനങ്ങളുടെ അനുമതി വേണമെന്നാണ് പാര്‍ലമെന്റ് നിലപാട്. എന്നാല്‍ ആണവോര്‍ജ്ജ വകുപ്പിന് ഇത്തരത്തില്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ലെന്നാണ് ആണവോര്‍ജ്ജവകുപ്പ് വക്താവ് സ്വപ്നേഷ് കുമാര്‍ മല്‍ഹോത്ര പറയുന്നത്. ഈ വിഷയം പാര്‍ലമെന്റില്‍ പാസാക്കാന്‍ തങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലൊരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടതിന്റെയോ, പാസാക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും മല്‍ഹോത്ര പറഞ്ഞു. ജനുവരിയില്‍ പുറത്തിറക്കിയ വിഞ്ജാപനത്തിന്റെ പകര്‍പ്പും മല്‍ഹോത്ര പത്രത്തിന് അയച്ചുകൊടുത്തു. ഈ വിഷയത്തില്‍ പത്രത്തിന്റെ തിടുക്കത്തെക്കുറിച്ച് മല്‍ഹോത്ര അതിശയം രേഖപ്പെടുത്തുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഒരു ബില്ലും അവതരിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ മിനറല്‍ ഇന്റസ്ട്രീസ് സെക്രട്ടറി ആര്.കെ ശര്‍മ്മ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും 1988 മുതല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ധാതുലവണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആണവോര്‍ജ്ജ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ് പറഞ്ഞു. ആണവോര്‍ജ്ജ വകുപ്പിന്റെ നടപടി നിയമലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്റിനു മാത്രമായുള്ള പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ് ഡിഎഇ യുടെ നടപടിയെന്ന് ഐ ആര് എ എസ് ഉദ്യോഗസ്ഥന് എസ് കല്യാണരാമന് പറഞ്ഞു. 1957ലെ മൈന്‍സ് ആന്റ് മിനറല്‍ ആക്ടിലെ നിയമങ്ങളുടെ ഭേദഗതി അംഗീകരിച്ചാല്‍ മാത്രമെ നിലവിലെ നിയമങ്ങള്‍ ഫലപ്രദമാകുകയുള്ളൂവെന്ന് വിജ്ഞാപനത്തില്‍ പറയുമ്പോള്‍ പാര്‍ലമെന്റിന്റെ പ്രത്യേകഅവകാശങ്ങളെ ലംഘിക്കുന്ന തരത്തിലുള്ള മൗലിക വ്യവസ്ഥകളെ പരാമര്‍ശിക്കാതെയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതെന്നും കല്ല്യാണരാമന്‍ ആരോപിച്ചു.
പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇടപാട് നടത്താന്‍ പാടില്ലെന്ന് വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിരുന്നില്ല. നിയമവിരുദ്ധമായ വിജ്ഞാപനമാണ് ആണവോര്‍ജ്ജ വകുപ്പ് പുറത്തിറക്കിയതെന്നും വിജ്ഞാപനത്തിലെ എല്ലാ വസ്തുതകളും അസാധുവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനധികൃത വിജ്ഞാപനത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിലെ വന്‍ അഴിമതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിനിടെയാണ് 1965 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വി.സുന്ദരം ജോലി രാജിവെച്ചത്. ആണവോര്‍ജ്ജ വകുപ്പ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിഎഇ ചെയര്മാന് താന്‍ കത്തയയ്ക്കുകയും ചെയ്തുവെന്ന് സുന്ദരം പറഞ്ഞു. പാര്‍ലമെന്റ് അംഗീകാരമില്ലാതെ എങ്ങനെ ഇത്തരത്തിലൊരു വിജ്ഞാപനം ഇറക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കത്തിലൂടെ ചോദിച്ചിരുന്നു. വന്‍ അഴിമതിയാണ് ആണവോര്‍ജ്ജ വകുപ്പ് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധാതുലവണങ്ങളായ ലാമിനൈറ്റ്, റൂറ്റെയില്‍, ലിയുകോക്സിന്‍, സിര്‍ക്കോണ്‍ എന്നിവ നേരത്തെ ഉണ്ടായിരുന്ന പട്ടികയില്‍ പുതുതായി ചേര്‍ത്തവയാണെന്നായിരുന്നു ആണവോര്‍ജ്ജ വകുപ്പിന്റെ വിവാദ വിജ്ഞാപനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കേന്ദ്രമന്ത്രി വി.നാരായണസ്വാമി 2011, നവംബര്‍ 30ന് ലോക്സഭയില്‍ പറഞ്ഞത്. പാര്‍ലമെന്റിന്റെ അനുമതി കൂടാതെയാണ് ഈ ധാതുലവണങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ആണവോര്‍ജ്ജ വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: