കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിലെ പ്രവര്‍ത്തന കേന്ദ്രം ജനുവരിയോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് സിഎംഡി രോഹിത് നന്ദന് അറിയിച്ചു. ഇതോടെ യാത്രക്കാര്‍ക്കുള്ള സേവനങ്ങളും മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രവര്‍ത്തനം വിലയിരുത്താനുള്ള ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിനു കൊച്ചിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ജനുവരിയില്‍ കൊച്ചിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാന ഓഫിസ് പ്രവര്‍ത്തനമാരംഭിക്കും. ഭരണ പരമായ കാര്യങ്ങള്‍ ഇവിടെ നിന്നാകും കൈക്കൊള്ളുക. കേരളത്തിലെ ഗള്‍ഫ് യാത്രക്കാര്‍ക്ക് അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നു രോഹിത് നന്ദന് പറഞ്ഞു.
കൂടുതല്‍ വിദഗ്ധ പൈലറ്റുമാരെ നിയമിക്കും. ഇതിനായി രണ്ടു സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ സര്‍വീസുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടുതല്‍ വിമാനങ്ങള്‍ കണ്ടെത്തുകയും കൂടുതല്‍ മേഖലകളിലേക്കു സര്‍വീസുകള്‍ നടത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യോമയാന സഹമന്ത്രി കെ. സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണു നാളത്തെ യോഗം നടക്കുക. നെടുമ്പാശേരി വിമാനത്താവളത്തിലാണു യോഗം. എയര്‍ ഇന്ത്യയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: