മുംബൈ: ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാ ബാലന്റെ വിവാഹം വെള്ളിയാഴ്ച്ച നടക്കും. യുടിവി സി.ഇ.ഒ സിദ്ധാര്‍ഥ് റോയ് കപൂര്‍ ആണു വരന്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു ഇവര്‍. മുംബൈയിലെ ചെമ്പൂര് ശ്രീ സുബ്രഹ്മണ്യ സമാജ് ക്ഷേത്രത്തില്‍ വച്ചാണു വിവാഹിതരാകുക.
രണ്ടു കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ ചൊവ്വാഴ്ച രാത്രി വിദ്യയുടെ ജുഹുവിലുളള വീട്ടില്‍ വിവാഹമോതിരമിടല്‍ ചടങ്ങ് നടന്നിരുന്നു. വിദ്യാ ബാലന് മലയാളിയും സിദ്ധാര്‍ഥ് റോയ് കപൂര്‍ പഞ്ചാബ് സ്വദേശിയുമാണ്. അതുകൊണ്ടു തന്നെ പഞ്ചാബി ശൈലിയിലും തെന്നിന്ത്യന്‍ ശൈലിയിലും വിവാഹം നടക്കുമെന്നാണു സൂചന. വിവാഹശേഷമുള്ള സല്‍ക്കാരം കപൂറിന്റെ താമസസ്ഥലമായ കഫേ പരേഡില്‍ നടക്കുമെന്നും അറിയുന്നു.
വിവാഹം അടുത്തതിനാല്‍ വിദ്യാബാലന് ഇപ്പോള്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഗാന്ചാക്കര് എന്ന സിനിമയുടെ ഈ മാസത്തെ ചിത്രീകരണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാജ്കുമാര് ഗുപ്ത സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നവരില്‍ പ്രധാനിയും സിദ്ധാര്‍ഥ് റോയ് കപൂറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: