ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുവാന്‍ യുപിഎ സര്‍ക്കാരും അവര്‍ക്ക് അവസരവാദപരമായ പിന്തുണ നല്‍കുന്നവരും ഇത്ര താല്‍പ്പര്യം കാണിച്ചത് എന്തിനെന്ന് ഇപ്പോള്‍ ഏതാണ്ട് മനസ്സിലായി. മുലായംസിങ് യാദവും മായാവതിയും തങ്ങളുടെ നിലപാടുകള്‍ യുപിഎക്ക് അനുകൂലമാക്കിയതിന്റെ പിന്നില്‍ നേരത്തെ കരുതിയപോലെയുള്ള കാര്യങ്ങളല്ല എന്നും വ്യക്തമായിരിക്കുന്നു. അതിന്റെ ബഹിര്‍സ്ഫുരണമാണ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ശബ്ദായമാനമായ രംഗങ്ങള്‍ക്ക് ഇടവെച്ചത്.
ഇന്ത്യന്‍ വിപണിയിലെ ചില്ലറ വ്യാപാരം ബഹുരാഷ്ട്ര കുത്തകകള്‍ അവരുടെ ഇച്ഛക്കൊത്ത് നടത്താന്‍ പോവുകയാണ്. അതിനനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവും. ഇതുമായി താദാത്മ്യപ്പെടാന്‍ സാധാരണക്കാര്‍ക്ക് കഴിയാതെവരും. ഒരര്‍ത്ഥത്തില്‍ വിപണിയുടെ മുഴുവന്‍ നിയന്ത്രണവും ഇത്തരം കുത്തകകളുടെ കൈയിലായിരിക്കും. ഇതിന്റെ കെടുതികള്‍ ഒന്നോ രണ്ടോ തലമുറയുടെ തലയിലായിരിക്കില്ല വീഴുക. തലമുറകളോളം അതിന്റെ പ്രശ്നങ്ങള്‍ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കും.
കഴിഞ്ഞ ദിവസം രാജ്യസഭ പ്രക്ഷുബ്ധമാകാനിടയായത് ഇതുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനായി ഏതാണ്ട് 125 കോടി രൂപയാണത്രെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വാള്‍മാര്‍ട്ട് ചെലവഴിച്ചത്. ഇത്രയും പണം എങ്ങനെ ഏതൊക്കെ രീതിയില്‍ ചെലവഴിച്ചു എന്നതിനെക്കുറിച്ചാണ് അറിയേണ്ടത്. കൈമറിഞ്ഞുപോയ കോടികള്‍ ഏതൊക്കെ കേന്ദ്രങ്ങളിലാണ് എത്തിയതെന്നും അത്തരം കേന്ദ്രങ്ങള്‍ വാള്‍മാര്‍ട്ടിനുവേണ്ടി ഏതൊക്കെ അധികാരകേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അറിയണം.
ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ നടത്തിയ ലോബീയിംഗ് വാസ്തവത്തില്‍ അഴിമതിയുടെ അടിസ്ഥാന ഘടകം തന്നെയാണ്. ഇത് ഇന്ത്യയില്‍ നിയമവിരുദ്ധവുമാണ്. അത്തരം നിയമവിരുദ്ധ സംഗതിക്കായി എല്ലാ അധികാരകേന്ദ്രങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുകയും ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യത്തിനനുസരിച്ച് കാര്യങ്ങള്‍ വഴിമറിഞ്ഞു പോവുകയും ചെയ്തു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തന്നെ തകിടം മറിക്കാന്‍ പാകത്തില്‍ സാഹചര്യം പരുവപ്പെടുകയും കോണ്‍ഗ്രസ്സും അവര്‍ക്ക് ഒത്താശ ചെയ്യുന്ന കക്ഷികളും ആ വഴിയിലൂടെ നീങ്ങുകയും ചെയ്തു. തികച്ചും ദൗര്‍ഭാഗ്യകരമായ അവസ്ഥയാണിത്.
2008 മുതല്‍ വാള്‍മാര്‍ട്ട് തങ്ങളുടെ അജണ്ടയ്ക്കനുസരിച്ച് സ്ഥിതിഗതികള്‍ മാറ്റി മറിക്കുന്നതിനായി രംഗത്താണ്. ഇന്ത്യയിലെ സാഹചര്യം വസ്തുനിഷ്ഠമായി പഠിച്ച അവര്‍ കോടികള്‍ ഏതൊക്കെ തരത്തില്‍ ചെലവഴിക്കണമെന്നും ഏതൊക്കെ കക്ഷികളെ തങ്ങള്ക്കനുകൂലമാക്കിക്കൊണ്ടു വരണമെന്നും നിശ്ചയിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അവര്‍ തന്നെ യുഎസ് സെനറ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കോടികള്‍ ചെലവഴിച്ച കാര്യം ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 30ന് അവസാനിച്ച മൂന്നു മാസം മാത്രം പത്തുകോടി രൂപയാണ് അവര്‍ ഇതിനായി ചെലവഴിച്ചത്.
ഇതില്‍ നിന്ന് കാര്യങ്ങള്‍ വളരെ വ്യക്തമാണ്. അമേരിക്കയിലെ ലോബിയിംഗ്പോലെ ഇന്ത്യയിലും നടന്നു. അവിടെ അത് നിയമവിരുദ്ധമല്ല. ഇവിടെ അതല്ല സ്ഥിതി. കമ്മീഷന് പറ്റി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ടു വന്നുവെന്നര്ത്ഥം. രണ്ടുലക്ഷം കോടി വിറ്റുവരവുള്ള വാള്‍മാര്‍ട്ട് ഇന്ത്യയില്‍ കച്ചവടം ഉറപ്പാക്കുന്നതോടെ അരലക്ഷം കോടിയുടെ വിറ്റുവരവാണ് കൂടുതല്‍ നേടുക. വളരെ എളുപ്പത്തില്‍ ഇത് സാധിച്ചെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്.
ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം വഴി ഇന്ത്യന്‍ സമ്പദ്രംഗം കുതിച്ചുചാട്ടം തന്നെ നടത്തുമെന്നാണല്ലോ യുപിഎ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം. ഇതിന്റെ പിന്നിലെ ഊര്‍ജം വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള കൂറ്റന്‍ കുത്തകകളുടേതായിരുന്നുവെന്ന് പകല്‍പോലെ വ്യക്തമല്ലേ? കോണ്‍ഗ്രസ് ഇതിനായി വിയര്‍ത്ത് പണിയെടുക്കുകയായിരുന്നില്ലേ? കോണ്‍ഗ്രസ്സില്‍ തന്നെ ഒരു വിഭാഗം ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ചിട്ടും പിന്വാങ്ങാത്തതിന്റെ പിന്നില്‍ കോടികളുടെ മണികിലുക്കം അല്ലെങ്കില്‍ പിന്നെയെന്താണ്? അരപ്പട്ടിണിക്കാരന്റെയും മുഴുപ്പട്ടിണിക്കാരന്റെയും ഇന്ത്യയെ വിദേശ കുത്തകകള്‍ക്കു മുമ്പില്‍ താലത്തില്‍ വെച്ച് പിന്മാറിയ കോണ്‍ഗ്രസ്സിന് ഈ രാജ്യത്തിന്റെ ഭരണസാരഥ്യം വഹിക്കാന്‍ എന്ത് ധാര്‍മ്മികാവകാശമാണുള്ളത്.
രാജ്യസഭയില്‍ ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടത്. മന്‍മോഹന്‍സിങ് സഭയില്‍ ഉണ്ടാവാത്തതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചാര്‍ജുള്ള സഹമന്ത്രി നാരായണ സ്വാമിയാണ് വിശദീകരണം നടത്തിയത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ യഥാര്‍ത്ഥചിത്രം കിട്ടാതെ പിന്തിരിയില്ലെന്ന നിലപാടില്‍ നിന്ന് പ്രതിപക്ഷം പിന്മാറിയുമില്ല.
ചില്ലറ വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വന്നാല്‍ കര്‍ഷകരുടെയും ഉല്പ്പാദനമേഖലയിലുള്ളവരുടെയും ദുരിതം പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്ന് കാര്യകാരണസഹിതം പ്രതിപക്ഷം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായി മറുപടി നല്‍കാനോ എഫ്ഡിഐ കൊണ്ടുള്ള ഗുണങ്ങള്‍ വിവരിക്കാനോ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. അവര്‍ക്ക് എത്രയും പെട്ടെന്ന് കാര്യങ്ങള്‍ നീക്കുക എന്ന അജണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തുകൊണ്ട് അത്തരമൊരു അജണ്ടയുമായി യുപിഎ സര്‍ക്കാര്‍ ജീവന്മരണ പോരാട്ടം നടത്തിയെന്നതിന്റെ ഉത്തരമാണ് വാള്‍മാര്‍ട്ട് യു എസ് സെനറ്റിലും ജനപ്രതിനിധി സഭയിലും വെച്ച റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാരിന് ഇവിടുത്തെ ജനങ്ങളോട് ഇത്തിരിയെങ്കിലും ഉത്തരവാദിത്തമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. എല്ലാം വില്പ്പനയാവുമ്പോള് ഇക്കാര്യത്തില്‍ മാത്രം എന്തിന് മറിച്ചു ചിന്തിക്കണം എന്നാവാം കോണ്‍ഗ്രസ്സിന്റെ നിലപാട്. ഗാന്ധിയന്‍ സങ്കല്പ്പനത്തില് നിന്ന് വഴിമാറിയവര്‍ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: