പുല്‍പ്പളളി: നെയ്ക്കുപ്പിയില് വെള്ളവും മെഴുകും ചേര്‍ന്ന മിശ്രിതം നല്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഘം വ്യാപകമാകുന്നു. ശബരിമല സീസണോടനുബന്ധിച്ച് നെയ്മുദ്ര നിറയ്ക്കാനായി വാങ്ങിയ നെയ്കുപ്പികളിലാണ് വെള്ളവും മെഴുകും ചേര്‍ന്ന മിശ്രിതം നിറച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇത്തരം നെയ്യുകള്‍ വാങ്ങി മുദ്ര നിറക്കാനെത്തിയ അയ്യപ്പന്മാര് സമയത്ത് പോകാന്‍ കഴിയാതെ വിഷമിച്ചു. നെയ്മുദ്ര നിറക്കാനായി നെയ് ഒഴിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവിരം സ്വാമിമാര്‍ മനസിലാക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ശബരിമല ദര്‍ശത്തിന് പുറപ്പെടാന്‍ തയ്യാറായ പുല്‍പ്പള്ളി വണ്ടിക്കടവിലെ അയ്യപ്പ ഭക്തര്‍ക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്. പുല്‍പ്പളളിയിലെ ക്ഷേത്ര റോഡിലുളള കടയില്‍ നിന്ന് അഞ്ഞൂറ് ഗ്രാമിന്റെ എഴ് ബോട്ടില്‍ നെയ്യാണ് വാങ്ങിയത്. ഇതില്‍ രണ്ടെണ്ണം മില്‍മയുടെയും, അഞ്ചെണ്ണം ബേപ്പൂര്‍ ആസ്ഥാനമായുളള നന്തി കമ്പനിയുടെതുമായിരുന്നു. മില്‍മയുടെ നെയ്ക്ക് 170 രൂപയും നന്തിയുടെതിന് 175 രൂപയുമാണ് വില.
നെയ്മുദ്ര നിറക്കാന്‍ നെയ്യില്ലാതെ വന്ന ഭക്തരുടെ സംഘം പിന്നീട് വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പുതിയ നെയ് വാങ്ങി നിറച്ച് മൂന്ന് മണിക്കൂര്‍ താമസിച്ചാണ് മലയാത്ര ആരംഭിച്ചത്. ഇത് സംബന്ധിച്ച് ഉപഭോക്തൃകോടതിയില്‍ കേസ് കൊടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: