കൊച്ചി: സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും നടപടിക്രമങ്ങളും മുറയ്ക്ക് നടക്കുമ്പോഴും അരിവില വീണ്ടുമുയര്‍ന്നു. സംസ്ഥാനത്തെ അരിവിപണിയായ കാലടിയില്‍ ബ്രാന്‍ഡ് അരിയുടെ വില ഇന്നലെ 43 രൂപയായി ഉയര്‍ന്നു. ക്രിസ്തുമസ് ആകുന്നതോടെ വില അമ്പത് രൂപയായി ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കര്‍ണ്ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും നെല്ല് വരുന്നില്ല. ഉള്ള നെല്ലിന് 23 മുതല്‍ 26 വരെയാണ് വില. ഈ നെല്ല് പ്രോസസ് ചെയ്യുമ്പോള്‍ 56 ശതമാനം വരെ മാത്രമേ കിട്ടുകയുള്ളൂ. അതുകൊണ്ട് വില ഉയരുകയല്ലാതെ കുറയുവാന്‍ യാതൊരു സാധ്യതയുമില്ലായെന്നാണ് റൈസ് മില്ലുടമകള്‍ പറയുന്നത്. തങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നുമാണ് ഇവരുടെ പക്ഷം.
എന്നാല്‍ അരിവില ഉയരുന്നത് കണ്ട് സര്‍ക്കാര്‍ വിപണിയില്‍ യഥാസമയം ഇടപെടാതിരുന്നതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുവിതരണ ശൃംഖലയിലൂടെയുള്ള അരിവിതരണം താറുമാറായിരിക്കുകയാണ്. എഫ്സിഐ ഗോഡൗണുകളില്‍ ആയിരക്കണക്കിന് ടണ്‍ അരി കെട്ടിക്കിടന്ന് നശിക്കുമ്പോള്‍ റേഷന്‍കടകളിലും മാവേലിസ്റ്റോറുകളിലും ആവശ്യത്തിന് അരിയില്ല.
സംസ്ഥാനത്ത് കര്‍ഷകരില്‍നിന്നും സിവില്‍സപ്ലൈസ് വകുപ്പ് സംഭരിക്കുന്ന നെല്ല് സ്വകാര്യ റൈസ് മില്ലുകള്‍ക്ക് നല്കി അരി സംഭരിക്കുവാന്‍ തുടങ്ങിയതോടെയാണ് വിപണിയില്‍ സര്‍ക്കാരിന്റെ പിടി അയഞ്ഞത്. അരി വിപണിയുടെ കുത്തക ഒരുപിടി സ്വകാര്യ റൈസ് മില്ലുകാരില് മാത്രമായി. സിവില്‍സപ്ലൈസ് വകുപ്പ് നല്കുന്ന നെല്ലിലൂടെ ലഭിക്കുന്ന ഒന്നാംതരം അരി ഇവര്‍ തങ്ങളുടെ ബ്രാന്‍ഡിലാക്കി വിപണിയിലെത്തിക്കുകയും മോശം അരിയാണ് തിരിച്ച് നല്‍കുകയും ചെയ്യുന്നത്. ഈ മോശം അരി സാധാരണക്കാര്‍ വാങ്ങുകയുമില്ല. ഫലത്തില്‍ നെല്ല് സംഭരണത്തിന്റെ ഗുണം റൈസ് മില്ലുകാര്‍ക്ക് മാത്രമായി മാറി. റൈസ് മില്ലുകാര്‍ക്ക് നല്കുന്ന നെല്ലില്‍നിന്നുള്ള നല്ല അരി വിപണിയില്‍ എത്തിക്കുവാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ ചെയ്യുന്നില്ല. ഇതിന്റെ മറവില്‍ റൈസ് മില്ലുകളില്‍നിന്നും മന്ത്രിയുടെ പാര്‍ട്ടിയും ഉദ്യോഗസ്ഥരും വന്‍ തുകകള്‍ വാങ്ങുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
സാധാരണക്കാരന് ഒരുതരത്തിലും ജീവിക്കുവാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് വിലവര്‍ധനവ് എത്തിച്ചിരിക്കുന്നത്. മറ്റ് സാധനങ്ങളുടെ വിലവര്ധനവിനൊപ്പംതന്നെ സംഘടിതമായി അരിവില വര്‍ധിപ്പിച്ചതോടെ കുടുംബബജറ്റുകള്‍ താളം തെറ്റിയിരിക്കുകയാണ്. പൂഴ്ത്തിവെച്ചിരിക്കുന്ന അരിവിപണിയിലെത്തിക്കുവാനും സിവില്‍സപ്ലൈസ് കോര്പ്പറേഷന് മുഖേന നല്കുന്ന അരി ശരിയായ ഗുണനിലവാരത്തോടെ വിപണിയിലെത്തിക്കുവാനും സര്‍ക്കാര്‍ ഇഛാശക്തി കാണിച്ചില്ലെങ്കില്‍ സ്ഫോടനാത്മക അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കും.
വിലക്കയറ്റം നിയന്ത്രിക്കുവാന്‍ പൊതുവിപണിയില്‍ ഇടപെടുവാന്‍ അടിയന്തര പ്രാധാന്യത്തോടെ ധനവകുപ്പ് അനുവദിച്ച 50 കോടി രൂപ കഴിഞ്ഞ മാസങ്ങളില്‍ പാഴാക്കുകയായിരുന്നു. സപ്ലൈകോയ്ക്കും കണ്സ്യൂമര്ഫെഡിനുമായിട്ടായിരുന്നു പണം അനുവദിച്ചിരുന്നത്. പിടിപ്പുകേടുമൂലം അതെല്ലാം പാഴാവുകയായിരുന്നു. എല്ലാ സാധനങ്ങളുടെയും വിലക്കയറ്റത്തിന്റെ തീയില്‍ വേവുന്ന മലയാളി ഇപ്പോള്‍ വറചട്ടിയിലായ അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: