വഡോദര: മൂന്നാമതും വിജയിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ നരേന്ദ്രമോഡി ശ്രമിക്കുമ്പോള്‍ അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും അദ്ദേഹത്തിന് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍. മോഡിയെ പേരെടുത്തു പറയാതെ പ്രശസ്തനടി ഐശ്വര്യാ റായ് ബച്ചനാണ് ഗുജറാത്തിന്റെ വിജയത്തിന് അഭിവാദ്യമര്‍പ്പിച്ചത്. വഡോദരയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ ഗുജറാത്തിന്റെ വിജയകഥ തനിക്ക് അടുത്തറിയാമെന്നും ഗുജറാത്ത് തനിക്ക് ഗൃഹാതുരത്വമുണര്ത്തുന്നതായും 39കാരിയായ നടി പറഞ്ഞു. ഗുജറാത്ത് കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചു നില്ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഐശ്വര്യയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 13നും രണ്ടാമത്തേത് 17നുമാണ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 20നും നടക്കും.
ഐശ്വര്യയുടെ അമ്മായിഅച്ഛന് മെഗാസ്റ്റാര്‍ അമിതാബ് ബച്ചന് ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണെന്നതും യാദൃശ്ചികമാണ്. 2010ല്‍ ഈ പദവി ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് ഏറെ എതിര്‍പ്പുകളുയര്‍ന്നിരുന്നു. എന്നാല്‍ ബച്ചന് ബ്രാന്‍ഡ് അംബാസഡര്‍ പദവി ഏറ്റെടുത്തതോടെ ഗുജറാത്തിലേക്കുള്ള വിനോദയാത്രികരുടെ വരവ് വര്‍ധിച്ചതായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതേസമയം പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ വച്ച് വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് നരേന്ദ്രമോഡി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: