സിഡ്നി: ഇന്ത്യന്‍ വംശജയായ നഴ്സ് ആത്മഹത്യ ചെയ്യാനിടയായതില്‍ ആസ്ട്രേലിയന്‍ റേഡിയോ അവതാരകര്‍ മാപ്പു പറഞ്ഞു. ലണ്ടനിലെ ഹോസ്പിറ്റലില്‍ വില്യം രാജകുമാരന്റെ ഭാര്യ കീറ്റ് ചികിത്സയിലിരിക്കെ സംഭവിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നഴ്സ് ആത്മഹത്യ ചെയ്തത്. 2 ഡേ എഫ്എമ്മിന്റെ സിഡ്നി സ്റ്റേഷനിലെ മെല്‍ ഗ്രെയ്ഗ് മൈക്കല്‍ ക്രിസ്റ്റ്യന്‍ എന്നിവരാണ് അവതാരക പദവി മറച്ചു വച്ച് നഴ്സ് ജസീന്ത സാല്ധനയോട് സംസാരിച്ച് വിവാദമുണ്ടാക്കിയത്.
തിങ്കളാഴ്ച ആസ്ട്രേലിയന്‍ ടെലിവിഷന്‍ അനുവദിച്ച അഭിമുഖത്തില്‍ എഫ് എമ്മിന്റെ ഉടമ അവതാരകരുടെ ഷോ ഒഴിവാക്കിയതായി അറിയിച്ചു. ഇന്ത്യന്‍ നഴ്സിന്റെ മരണവാര്‍ത്ത താന്‍ ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് ഗ്രെയ്ഗ് പറഞ്ഞു. നിര്‍ഭാഗ്യകരമായ ആ സംഭവം വളരെ വ്യക്തമായി ഓര്‍ക്കുന്നുണ്ടെങ്കിലും സംസാരം തുടങ്ങിയ ശേഷം പെട്ടെന്ന് നിര്‍ത്താന്‍ തനിക്കായില്ലെന്ന് അവര്‍ ആസ്ട്രേലിയന്‍ സെവന് നെറ്റ്വര്‍ക്കിനോടു പറഞ്ഞു.
തന്റെ ആദ്യചോദ്യം തന്നെ അവര്‍ അമ്മയാണോ എന്നായിരുന്നെന്ന് നയണ്‍ നെറ്റ് വര്‍ക്കിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഗ്രെയ്ഗ് പറഞ്ഞു. അത് എന്റെ തലയ്ക്ക് വച്ചുകെട്ടിയതാണ്. നഴ്സിന്റെ കുടുംബം ഈ ദുഃഖത്തില്‍ നിന്നും എത്രയും വേഗം മോചനം പ്രാപിക്കട്ടെയെന്നും സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റ്യനും സംഭവത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തി. നഴ്സിന്റെ മരണം തങ്ങളെ തകര്‍ത്തുകളഞ്ഞതായും അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ക്രിസ്റ്റ്യന്‍ പറഞ്ഞു.
ഇത്തരം കോളുകള്‍ ദിവസവും റേഡിയോ ജോക്കികള്‍ ചെയ്യുന്നതാണ്. അത് ആരെയെങ്കിലും മനപ്പൂര്‍വം ദ്രോഹിക്കാന്‍ വേണ്ടിയുള്ളതല്ലെന്ന് എല്ലാവര്ക്കും അറിയാം. ഇത് ഇങ്ങനെയായിത്തീരുമെന്ന് തീരെ കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എലിസബത്ത് രാജ്ഞിയുടെയും ചാള്‍സ് രാജകുമാരന്റെയും ശബ്ദത്തില്‍ വിളിച്ച ഗ്രെയ്ഗും ക്രിസ്റ്റ്യനും ലണ്ടനിലെ എഡ്വേര്‍ഡ് ഏഴാമന് രാജാവിന്റെ പേരിലുള്ള ആശുപത്രിയിലെ നഴ്സ് സാല്ധനയോട് സംസാരിക്കുകയായിരുന്നു. അതിരാവിലെ റിസപ്ഷണിസ്റ്റുമാരാരും ഡ്യൂട്ടിയിലില്ലാതിരുന്നതിനാല്‍ ഫോണ്‍ എടുത്ത സാല്ധന കീറ്റിന്റെ ഗര്‍ഭകാല രോഗപ്രശ്നങ്ങളെക്കുറിച്ച് ഇവരോട് വിശദമാക്കുകയായിരുന്നു.
തുടര്‍ന്ന് സാല്ധനയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം ആത്മഹത്യയാണോ എന്ന് ബ്രിട്ടീഷ് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നതേയുള്ളൂ. ആത്മഹത്യ റേഡിയോ സ്റ്റേഷനും ജോക്കികള്‍ക്കും എതിരെ വമ്പിച്ച ജനരോഷത്തിന് കാരണമായിട്ടുണ്ട്.
ദുരന്തത്തിന്റെ ആഴം മുന്‍കൂട്ടി കാണാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് 2 ഡേ എഫ് എമ്മിന്റെ ഉടസ്ഥരായ സതേണ്‍ ക്രോസ് ആസ്ട്രിയോയുടെ ചീഫ് എക്സിക്യൂട്ടീവ് റൈസ് ഹൊള്ളരന് പറഞ്ഞു. എന്നാലും സ്റ്റേഷനില്‍ നിന്നും അഞ്ചു തവണ ആശുപത്രിയില്‍ വിളിച്ച് പരിപാടി സംപ്രേഷണം ചെയ്യും മുമ്പ് റെക്കോര്‍ഡ് ചെയ്തത് കേള്‍പ്പിച്ചിട്ടുണ്ട്. റെക്കോര്‍ഡ് ചെയ്തത് പരിശോധിച്ചതില്‍ തൃപ്തിയുണ്ട്. അരുതാത്തതൊന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്, ഹൊള്ളരന് വ്യക്തമാക്കി. എന്നാല്‍ മറുപടി എന്തെങ്കിലും ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ആസ്ട്രേലിയന്‍ പ്രസ് അധികൃതരോ ആസ്ട്രേലിയന്‍ ആശയവിനിമയ മാധ്യമ അധികൃതരോ റേഡിയോ സ്റ്റേഷന് ഏതെങ്കിലും വിധത്തില്‍ നിയമലംഘനം നടത്തിയതായി പ്രസ്താവിച്ചിട്ടില്ല. അധികൃതര്‍ക്ക് വേണമെങ്കില്‍ അറുപതു ദിവസത്തിനകം പരാതി ലഭിച്ചാല്‍ ഇതേക്കുറിച്ച് അന്വേഷണം നടത്താമെന്ന് ആശയവിനിമയ വകുപ്പു മന്ത്രി സ്റ്റീഫന്‍ കോണ്‍റോയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: