ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ ദൈനംദിന കാര്യങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതായി മാറി. സ്ത്രീപീഡനങ്ങളും കവര്‍ച്ചകളും ക്രിമിനല്‍ നടപടികളുമെല്ലാം കേരളത്തെ ഒന്നാംനിരയിലെത്തിച്ചിരിക്കുകയാണ്. അതിനെക്കാളെല്ലാം ഭീതിതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് വിവിധ രൂപത്തിലും ഭാവത്തിലുമുള്ള മാഫിയകളുടെ സ്വാധീനം, രാഷ്ട്രിയ നേതൃത്ത്വത്തിന്റെയും ഭരണക്കാരുടെ ഒത്താശയോടെയാണ് ഇവരുടെയൊക്കെ കൈകള്‍ക്ക് ബലം വയ്ക്കുന്നത്. ആര്‍ക്കും ഒരു രക്ഷയുമില്ലാത്ത അവസ്ഥ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം കോഴിക്കോട് ജില്ലാകളക്ടറെ അപായപ്പെടുത്താനുള്ള നീക്കം. മണല്കൊള്ളസംഘത്തെ ടാക്സി കാറില്‍ പിന്തുടര്‍ന്ന കലക്ടര്‍ കെ.വി. മോഹന്‍കുമാറിനെയും സംഘത്തെയും അപായപ്പെടുത്താന്‍ മണല്‍മാഫിയയാണ് ശ്രമിച്ചത്. കലക്ടറും സംഘവും അപകടമില്ലാതെ നേരിയ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്. ചെറുവണ്ണൂര്‍ കണ്ണാട്ടിക്കുളം റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണു സംഭവം. മണലുമായി പാഞ്ഞ ടിപ്പറിനെ പിന്തുടര്‍ന്ന കലക്ടറുടെ കാര്‍ തൊട്ടടുത്തെത്തിയപ്പോള്‍ ട്രെയ്ലര് ഉയര്‍ത്തി മണല്‍ ഒന്നാകെ കാറിനു മുകളിലേക്കു തട്ടുകയായിരുന്നു.?
വ്യാപകമായ മണല്‍വാരലിനെതിരെ സ്ക്വാഡിനൊപ്പം ഇറങ്ങിയതായിരുന്നു കലക്ടര്‍. മൂന്നുസംഘമായി കലക്ടറേറ്റില്‍ നിന്നിറങ്ങിയ സംഘത്തില്‍ കലക്ടറുടെ വാഹനം ഫറോക്ക് ഭാഗത്തേക്കും മറ്റു രണ്ടു വാഹനങ്ങള്‍ കക്കോടി, മുക്കം ഭാഗങ്ങളിലേക്കും പോയി. ഫറോക്ക് പഴയപാലത്തില്‍ കലക്ടറും സംഘവും കാത്തുനിന്നു. ടിപ്പര്‍ലോറിക്കു മുന്നില്‍ ഒരാള്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നു. സ്ക്വാഡിന്റെ വാഹനത്തെ ശ്രദ്ധിക്കാതെ അയാള്‍ മുന്നോട്ടുപോയി. കലക്ടറും സംഘവും ടിപ്പര്‍ലോറിയെ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയി. ചെറുവണ്ണൂര്‍ കണ്ണാട്ടിക്കുളം സ്റ്റേഡിയം റോഡിലേക്കു തിരിഞ്ഞയുടന്‍ ടിപ്പര്‍ പൊടുന്നനെ നിര്‍ത്തി ട്രെയ്ലര് ഉയര്‍ത്തി മണല്‍ കാറിനുമുകളിലേക്കു വീഴ്ത്തുകയായിരുന്നു. സംസ്ഥാനവ്യാപകമായിതന്നെ മണല്‍മാഫിയ ഇത്തരം പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. നിരവധി പോലീസ്-റവന്യൂ ഉദ്യോഗസ്ഥര്‍ അക്രമിക്കപ്പെടുകയോ ഭീഷണിയിലാവുകയോ ചെയ്തിട്ടുണ്ട്. പലര്‍ക്കും ഭാഗ്യംകൊണ്ട് മാത്രം ജീവന് നിലനിര്‍ത്താനായി.
മണല്‍മാഫിയ മാത്രമല്ല മദ്യം, പാറമട, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കേളീരംഗമായികേരളം മാറിയിരിക്കുകയാണ്. നിയമവിരുദ്ധമായി ഇക്കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാതരം തെമ്മാടിത്തങ്ങള്‍ക്കും ഭരണ-പ്രതിപക്ഷ രാഷ്ട്രീയനേതൃത്വങ്ങള്‍ ഒത്താശചെയ്യുകയാണ്. സസ്യശ്യാമളകോമളമാണ് കേരളമെന്നത് സങ്കല്‍പ്പത്തില്‍ മാത്രമായി അവശേഷിക്കുകയാണ്. കുന്നുകളെല്ലാം നിരത്തുന്നു. നെല്‍പ്പാടങ്ങള്‍ നികത്തി കൂടിയ വിലയ്ക്ക് വില്‍ക്കുന്നു. കാടുംമേടും കായലുകളും കുളങ്ങളുമെല്ലാം ഇല്ലാതായാല്‍ നമ്മുടെ നാടെന്താകും, ഭാവിതലമുറ എങ്ങിനെയാകുമെന്നൊന്നും ചിന്തയില്ല. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്മാരുടെ വിളഭൂമിയാകുന്നത് കയ്യുംകെട്ടി നോക്കിനില്ക്കുന്നത് അത്യാപത്താണ് ക്ഷണിച്ചുവരുത്തുക.
മദനിയുടെ പേരില്‍ വീണ്ടും
ഇന്ന് മനുഷ്യാവകാശദിനമാണ്. ഈ ദിനത്തിന്റെ പ്രത്യേകത പരിഗണിച്ച് പിഡിപി നേതാവ് മദനിക്കുനേരെയുള്ള മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു. കുറേദിവസമായി പത്രമാധ്യമങ്ങളില്‍ ഒരുവിഭാഗം ആള്‍ക്കാരുടെ മുഖ്യആവശ്യം ഇതാണ്- കഴിഞ്ഞദിവസം മുസ്ലീംലീഗും ഈ ആവശ്യം മുന്നോട്ടുവച്ചു. നിയമം നിയമത്തിന്റെ വഴിയേ എന്നാണയിടുന്ന മന്ത്രിമാര്‍പോലും കൊടുംക്രിമിനലായ മദനിക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. മദനി ഏതെങ്കിലും ഒരടിപിടികേസിലെ പ്രതിയല്ല. രാജ്യം തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ കയ്യിലെ കോടാലിയാണ്. അതുകൊണ്ടാണ് സുപ്രീംകോടതിപോലും ജാമ്യം നിഷേധിച്ചത്.
ബാംഗ്ലൂര്‍ ബോംബ് സ്ഫോടനക്കേസില്‍ കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന മദനിയോട് കര്‍ണാടക സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മദനിയുടെ മോചനം ഉറപ്പാക്കണമെന്നുമാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. മദനി ഇന്ന് ഏതെങ്കിലും സര്‍ക്കാരിന്റെ തടവറയിലല്ല. കോടതിയാണ് അയാളെ റിമാന്റ് ചെയ്തത്. ജാമ്യം നിഷേധിച്ചതും കോടതികളാണ്. ബംഗളൂരു ബോംബ് സ്ഫോടനക്കേസില്‍ 2010 ആഗസ്ത് 16നാണ് മദനി കര്‍ണ്ണാടക പോലീസിന്റെ പിടിയിലാവുന്നത്. 2008ല്‍ ബംഗളൂരു നഗരത്തില്‍ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലാണ് മദനി അറസ്റ്റിലാവുന്നത്. അതിനുശേഷം സുപ്രീം കോടതി വരെ മദനി ജാമ്യത്തിനുവേണ്ടി ശ്രമിച്ചെങ്കിലും പരമോന്നത കോടതി പോലും ജാമ്യം അനുവദിക്കുകയുണ്ടായില്ല. ശാന്തിഭൂഷണെപ്പോലെയുള്ള മുതിര്‍ന്ന അഭിഭാഷകരെപ്പോലും രംഗത്തിറക്കിയിട്ടും നീതിന്യായ പീഠത്തിനു മുമ്പില്‍ പരാജയപ്പെടുകയായിരുന്നു. മനുഷ്യാവകാശം മനുഷ്യര്‍ക്കുള്ളതാണ്. മൃഗീയമായ സ്വഭാവമുള്ളവര്‍ക്ക് അതിന് അര്‍ഹതയില്ല. മദനി ആവശ്യപ്പെടുന്ന എല്ലാ സൗകര്യവും ചെയ്യുന്നുമുണ്ട്. എന്നിട്ടും മറിച്ചുള്ള പ്രചാരണം ഗൂഢോദ്ദേശത്തോടെയാണ്.
ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രന്റ് എന്നീ സംഘടനകള്‍ക്കൊപ്പം മദനിക്കുവേണ്ടി രംഗത്തു വരാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്. മദനിയുടെ മോചനം എന്ന മുദ്രവാക്യം ഉയര്‍ത്തി വിശാല മുസ്ലിം ഐക്യം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ലീഗ് ശ്രമിക്കുന്നത്. എല്ലാ തീവ്രവാദ ഗ്രൂപ്പുകളുടെയും സംരക്ഷകരാകാന്‍ ശ്രമിക്കുന്ന ലീഗ് കേന്ദ്രവും കേരളവും ഭരിക്കുന്ന കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ലീഗിന്റെ നിലപാടിനോട് കോണ്‍ഗ്രസ്സിന്റെ സീപനമെന്തെന്ന് വ്യക്തമാക്കിയേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: