ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മാത്രം നൂറിലധികം വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നതായും ഇതില്‍ 34 ജീവനുകള്‍ അപഹരിക്കപ്പെട്ടതായും റിപ്പോര്‍ട്ട്. മഥുരയിലെ കോശി കാലാന്‍, ഫൈസാബാദ്, പ്രതാപ്ഗഡ്, സിതാപൂര്‍, ഗാസിയാബാദ്, ബറേലി എന്നീ നഗരങ്ങളിലാണ് ഇത്തരം ലഹളകള്‍ നടന്നിരിക്കുന്നത്. 2012 ജനുവരി മുതല്‍ ഒക്ടോബര്‍ 31 വരെ നടന്ന സംഘര്‍ഷങ്ങളില്‍ 450ലധികം പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2011ല്‍ 84 വര്‍ഗീയ ലഹളകളാണ് നടന്നത്. 12 പേരുടെ ജീവനാണ് അന്ന് നഷ്ടപ്പെട്ടത്. ഈ ഒക്ടോബര്‍ അവസാനം വരെ 560 സമുദായസംഘര്ഷങ്ങള്ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ആകെ 89 മരണങ്ങളുണ്ടായി. 2011ലാകട്ടെ 580 ലഹളകളിലും കൂടി 91 ആള്ക്കാര് മരിച്ചിരുന്നു.
യുപിയെ പിന്തുടര്ന്ന് മഹാരാഷ്ട്രയില്‍ 83 ലഹളകളിലായി ഈവര്‍ഷം ഇതുവരെ 13 പേര് കൊല്ലപ്പെട്ടു. 2011ല്‍ അവിടെ 88 സംഘര്‍ഷങ്ങളിലും കൂടി 15 മരണങ്ങളാണുണ്ടായത്. മധ്യപ്രദേശില്‍ 78 വര്‍ഗീയ സംഘര്‍ഷങ്ങളിലും കൂടി ഈവര്‍ഷം 11 പേര് കൊല്ലപ്പെട്ടെങ്കില്‍ 2011ല്‍ 81 സംഭവങ്ങളില്‍ 15 പേര് മരിച്ചു. കര്‍ണാടകയില്‍ ഈവര്‍ഷം 54 സമുദായലഹളകളില് മൂന്നുപേരും 2011ല്‍ 70 സംഘര്‍ഷങ്ങളിലായി നാലുപേരും ജീവന് ബലികഴിച്ചു. രാജസ്ഥാനില്‍ 2011ല്‍ 42 ലഹളകളിലും കൂടി 16 പേര് കൊല്ലപ്പെട്ടെങ്കില്‍ ഈവര്‍ഷം 30 സംഘര്‍ഷങ്ങളിലൂടെ ആറുപേര്‍ മരിച്ചു. 2011ല്‍ ഗുജറാത്തില്‍ വര്‍ഗീയലഹളകളുടെ എണ്ണം 47ഉം മരണസംഖ്യ മൂന്നുമാണ്. ഈവര്ഷമാകട്ടെ 50 ലഹളകളിലും കൂടി ഇതുവരെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
ആന്ധ്രാപ്രദേശില്‍ 2011ല്‍ 33 വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഒരാള്‍ കൊല്ലപ്പെട്ടു. ഈവര്‍ഷം ഇതുവരെ 45 സംഘര്‍ഷങ്ങളുണ്ടാവുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. കേരളത്തിലാകട്ടെ 2011ല്‍ ഒരാള്‍ മരിക്കുകയും 30 വര്‍ഗീയ സംഘര്ഷങ്ങളുമാണുണ്ടായതെങ്കില് ഈവര്‍ഷം ഇതുവരെ 46 സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ബീഹാറില്‍ കഴിഞ്ഞ വര്‍ഷം 26 സംഭവങ്ങളിലായി നാലു മരണങ്ങളുണ്ടായെങ്കില്‍ ഈ വര്‍ഷം 17 സംഘര്‍ഷങ്ങളിലായി ഇതുവരെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. തമിഴ്നാട്ടില്‍ 21 വര്ഗീയസംഘര്ഷങ്ങളിലായി 2011ല്‍ രണ്ടു മരണങ്ങളുണ്ടായെങ്കില്‍ ഈവര്‍ഷം ഇതുവരെ 11 സംഭവങ്ങളിലായി രണ്ടു മരണങ്ങള് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പശ്ചിമബംഗാളില്‍ 2011ല്‍ 15 ലഹളകളിലായി മൂന്നു പേര് മരിച്ചെങ്കില്‍ ഈവര്‍ഷം 22 വര്‍ഗീയ ലഹളകളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: