ലണ്ടന്‍: ബ്രിട്ടണിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്നി കേറ്റ് മിഡില്‍ട്ടണിന്റെ അസുഖവിവവരം അബദ്ധത്തില്‍ പുറത്തുവിട്ട ഇന്ത്യന്‍ വംശജയായ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗര്‍ഭിണിയായ കേറ്റിനെ പരിശേധനകള്‍ക്കായി പ്രവേശിപ്പിച്ച കിംഗ് എഡ്വവേര്‍ഡ് ആശുപത്രിയിലെ നഴ്സായ ജസീന്താ സല്‍ദാന്‍ഹയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേറ്റിന്റെ വിവരങ്ങള്‍ തിരക്കാന്‍ എലിസബത്ത് രാജ്ഞിയെന്ന വ്യാജേന ഓസ്ട്രേലിയയിലെ ടുഡേ റേഡിയോ എന്നു പേരുള്ള എഫ്. എം ചാനലില്‍ നിന്ന് റേഡിയോ ജോക്കികളാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സിനെ വിളിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ജസീന്ത ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.
ആശുപത്രിക്ക് സമീപമുള്ള താമസസ്ഥലത്ത് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. മരണകാരണം അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണെന്ന് പറഞ്ഞ് ജോക്കികളായ മെല്‍ ഗ്രീഗ്, മൈക്കല്‍ ക്രിസ്ത്യന്‍ എന്നിവരാണ് ഫോണ്‍ ചെയ്തത്. രാജ്ഞിയായതിനാല്‍ ഇവര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് ജസീന്ത കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.
ജസീന്തയുടെ മരണത്തില്‍ ബ്രിട്ടീഷ് രാജവംശം അനുശോചനം അറിയിച്ചു. കേറ്റിന്റെ ഭര്‍ത്താവ് വില്യം ജസീന്തയുടെ കുടുംബത്തെ ദു:ഖം അറിയിച്ചു. അതേസമയം, സംഭവത്തക്കുറിച്ച് കേറ്റിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ല. സംഭത്തെക്കുറിച്ച് ഓസ്ട്രേലിയയിലെ മാധ്യമ കമ്മീഷനായ ഓസ്ട്രേലിയന്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് മീഡിയ അഥോറിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കേറ്റിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതിനുശേഷം വ്യാജ ഫോണ്‍കോളിലൂടെയായിരുന്നു വിവരങ്ങള്‍ ശേഖരിച്ചതെന്നും നേഴ്സിന് തങ്ങളെ തിരിച്ചറിയാനായില്ലെന്നും എഫ്.എം റേഡിയോ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇതോടെ വ്യാജഫോണ്‍ കോള്‍ ലോകം മുഴുവന്‍ വാര്ത്തയായകുകയും ചെയ്തു.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് ജസീന്ത അസ്വസ്ഥത പ്രകടിപ്പിച്ചതായി സഹപ്രവര്‍ത്തകര്‍ പറയഞ്ഞു. വ്യാജഫോണ്വിളി വിമര്ശിക്കപ്പെട്ടപ്പോള് റേഡിയോ ജോക്കികള്‍ ക്ഷമ ചോദിക്കുകയും ചെയ്തു. അതിനിടെയാണ് നേഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെതിരെ പരാതിപ്പെട്ടിരുന്നില്ലെന്ന് വില്യം രാജകുമാരനും കേറ്റും വ്യക്തമാക്കി. വിവാഹിതയായ ജസീന്തക്ക് രണ്ട് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: