അഹമ്മദാബാദ്: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഗുജറാത്ത് ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി. കഴിഞ്ഞ ദിവസം ഗുജറാത്ത് വികസനവാദം പൊള്ളത്തരവും തെറ്റുമാണെന്ന സോണിയയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മോഡി.
കോണ്‍ഗ്രസിന് മിണ്ടാനുള്ള അവകാശം പോലും ഇതിനാല്‍ നിഷേധിക്കപ്പെടുകയാണ്. സോണിയ ഇത്തരത്തില്‍ കള്ളപ്രചാരണം നടത്തുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. ഗുജറാത്തിലെ റോഡുകള്‍ മോശമാണെന്ന സോണിയയുടെ പറച്ചില് വിശ്വാസയോഗ്യമാണോ എന്ന് ചിന്തിച്ചു നോക്കട്ടെ. ഗുജറാത്തില്‍ കര്‍ഷകരെ ഇല്ലായ്മ ചെയ്യുന്നു എന്നാണ് അവര്‍ പറഞ്ഞത്. പിന്നെങ്ങനെ ഗുജറാത്തില്‍ 11 ശതമാനം കാര്‍ഷിക വളര്‍ച്ചയുണ്ടെന്ന കണക്കുകള്‍ പുറത്തു വന്നെന്നും മോഡി ചോദിച്ചു. ഒരു തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.
ദക്ഷിണ ഗുജറാത്തിലെ മാണ്ഡ്വിയിലും സൗരാഷ്ട്രയിലെ കേശോഡിലും നടന്ന തെരഞ്ഞെടുപ്പു റാലികളില്‍ സംസാരിക്കവെ ഗുജറാത്തിലെ ബിജെപിയുടെ വികസനവാദം പൊള്ളയാണെന്ന് യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധി ആരോപിച്ചിരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പേരെടുത്തു പറയാതെ ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു അവര്‍ ഉന്നയിച്ചത്. ക്രമസമാധാന നിലയില്‍ തുടങ്ങി കര്‍ഷകരുടെയും ആദിവാസികളുടെയും മറ്റുള്ളവരുടെയും ക്ഷേമമടക്കമുള്ള കാര്യങ്ങളിലായിരുന്നു വിമര്‍ശനം.
എന്നാല്‍ സോണിയയ്ക്ക് ഗുജറാത്തിലെ ക്രമസമാധാനത്തെക്കുറിച്ചു പറയാന്‍ യാതൊരു യോഗ്യതയുമില്ലെന്ന് മോഡി ശക്തമായി തിരിച്ചടിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന ദല്‍ഹിയില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്നും വൈകിട്ട് 6.30 കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മോഡി കുറ്റപ്പെടുത്തി. പിന്നെ എന്തടിസ്ഥാനത്തിലാണ് ഗുജറാത്തിലെ ക്രമസമാധാനത്തെക്കുറിച്ച് സോണിയ പറയുന്നതെന്ന് മോഡി പരിഹസിച്ചു.
ഫാള്ളാ, ജാംനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പു റാലികളിലാണ് മോഡി പങ്കെടുത്തത്. ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്ന് ഹര്‍ത്താലാചരിച്ച വിഷയത്തില്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ച പെണ്‍കുട്ടി മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ അറസ്റ്റിലായ കാര്യവും മോഡി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ആ പെണ്‍കുട്ടി മഹാരാഷ്ട്രയെക്കാള്‍ സുരക്ഷിതയായി ഗുജറാത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഈ പെണ്‍കുട്ടിയും അവളുടെ കുടുംബവും ഇന്ന് ഗുജറാത്തിലേക്ക് താമസം മാറ്റി. ഇതെല്ലാം മനസ്സിലാക്കിയ ശേഷം ഗുജറാത്തിനെ കുറ്റപ്പെടുത്തും മുമ്പ് സോണിയയും കോണ്‍ഗ്രസും ഏഴുവട്ടം ആലോചിക്കണമെന്നും മോഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: