മുംബൈ: മതം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി. ക്രിസ്ത്യന്‍ യുവാവിന് ഹിന്ദുസ്ത്രീയില്‍ ജനിച്ച മൂന്നുവയസ്സുകാരി പെണ്‍കുട്ടിയെ റോമന്‍ കത്തോലിക്കാ മതവിശ്വാസിയായി വളര്‍ത്താന്‍ പിതാവിന്റെ കുടുംബത്തിനു കൈമാറാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംബന്ധിക്കുന്നതാണ് വിഷയം. കുട്ടിയുടെ അച്ഛന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലാണ്. കുട്ടിയുടെ അച്ഛന്, അച്ഛന്റെ സഹോദരി, അമ്മയുടെ അച്ഛന് എന്നിവര്‍ രക്ഷാകര്‍തൃത്വം ആവശ്യപ്പെട്ട് കുട്ടിയെ വിട്ടുനല്‍കണമെന്ന് ഹര്‍ജി നല്കി. കുട്ടിയെ റോമന്‍ കത്തോലിക്കാ മതവിശ്വാസപ്രകാരം വളര്‍ത്താനായി തങ്ങള്‍ക്കു നല്‍കണമെന്നാണ് അച്ഛനും അമ്മായിയും ആവശ്യപ്പെട്ടത്. ക്രൈസ്തവ ആചാരങ്ങള്‍ അനുസരിക്കണമെന്നും ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ പുലര്‍ത്തണമെന്നും പഠിപ്പിക്കുന്ന കോണ്‍വെന്റ് സ്കൂളില്‍ കുട്ടിയെ വിടേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ തന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച, കുട്ടിയുടെ ക്രിസ്ത്യാനിയായ അച്ഛന് ക്രിസ്തുമതത്തിനു തന്നെ അപമാനമാണെന്നും ജസ്റ്റിസ് റോഷന് ഡാല്‍വി നിരീക്ഷിച്ചു. താന്‍ പ്രായപൂര്‍ത്തിയാകാതിരുന്ന കാലത്ത് തന്റെ മാതാവിനെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച് ജയിലില്‍ പോയ അച്ഛനില്‍ നിന്നും ക്രിസ്ത്യന്‍ ആശയങ്ങള്‍ ഒരു കുട്ടിക്ക് ഒരിക്കലും ലഭിക്കാന്‍ ഇടയില്ല. മാത്രമല്ല ഒരാള്‍ തന്റെ മതവിശ്വാസം ഒരിക്കലും മക്കളില്‍ അടിച്ചേല്‍പ്പിക്കരുത്. ഇത് ഭരണഘടന ഉറപ്പാക്കുന്ന മതവിശ്വാസ സ്വാതന്ത്ര്യത്തെയും ലിംഗ വിവേചനത്തെയും നേരിട്ട് ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
അമ്മയുടെ മരണശേഷം കുട്ടി അമ്മയുടെ മാതാപിതാക്കളോടൊപ്പം കഴിയുന്നതിനെ ശരിവച്ച കോടതി അത് തുടരാനും വിധിച്ചു. മതങ്ങള്‍ക്കിടയില്‍ മഹത്തായ മതമെന്നൊന്നില്ലെന്നു നിരീക്ഷിച്ച കോടതി മതവിശ്വാസങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചാല്‍ വളര്‍ന്നു വരുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വലുതായിരിക്കുമെന്നും വ്യക്തമാക്കി. കുട്ടിക്കാലത്തു തന്നെ മറ്റു മതതത്ത്വങ്ങള്‍ തെറ്റാണെന്നു പറഞ്ഞ് തന്റെ മതപ്രമാണങ്ങള്‍ ഒരു കുട്ടിയെ പഠിപ്പിക്കുന്നത് കുട്ടിയുടെ മനസ്സില്‍ ഉത്കണ്ഠയും മുറിവുമുണ്ടാക്കാനേ ഉപകരിക്കൂ. കുട്ടിക്കാലത്ത് തനിക്കിഷ്ടമില്ലാത്ത മതവിശ്വാസങ്ങളുടെ ആചരണങ്ങളും പഠിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കാതിരിക്കുന്നതാണ് നല്ലത്. അപ്പോള്‍ കുട്ടിക്കാലം സ്വതന്ത്രവും ഉത്കണ്ഠാ രഹിതവുമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
1890ലെ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ടിലെ 17-ാം വകുപ്പു ചൂണ്ടിക്കാട്ടി കുട്ടിയുടെ മതം രക്ഷാകര്ത്താവിന്റെതാക്കി ശുപാര്‍ശ ചെയ്യണമെന്ന് അമ്മായി കോടതിയില്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ പിതാവ് റോമന്‍ കത്തോലിക്കാ മതവിശ്വാസിയായതിനാല്‍ കുട്ടിയെയും അതേ വിശ്വാസത്തില്‍ വളര്‍ത്താന്‍ അനുവദിക്കണമെന്ന് അവരുടെ വക്കീല്‍ ഉദയ് വാറുഞ്ചകര് കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ പ്രസ്തുത ആക്ടിലെ 17-ാം വകുപ്പനുസരിച്ച് ഭര്‍ത്താവിന്റെ മതം പിന്തുടരണമെന്ന നിലപാട് നമ്മുടെ ഗോത്ര സമൂഹത്തില്‍ സങ്കല്‍പ്പിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് വാദം തള്ളി. ഇത് മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. തന്റെ ഇഷ്ടമനുസരിച്ച് മതം തെരഞ്ഞെടുക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യത്തിനെതിരാണ്. ചോദ്യം ചെയ്യാന്‍ പാടില്ലാത്ത മതവിശ്വാസത്തില്‍ നിന്നും അകറ്റി നിര്‍ത്തണമോ എന്നത് കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കണം. ഇപ്പോള്‍ കുട്ടി അപ്പൂപ്പനോടും അമ്മൂമ്മയോടും ഒപ്പം ഇഴുകിച്ചേര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. അത് തടസ്സപ്പെടുത്താന്‍ യാതൊരു ന്യായവും കാണുന്നില്ല. മാത്രമല്ല പിതാവിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുക അസാധ്യമാണ്. ഈ ഡിസംബര്‍ വരെ കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാത്ത അമ്മായി സ്വപ്രേരണയാലല്ല ജയിലില്‍ കിടക്കുന്ന അച്ഛന്റെ നിര്‍ദേശ പ്രകാരമാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: