നിശബ്ദസിനിമയുടെ രംഗങ്ങള്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുമോ? മൗനത്തിലൂടെയും ആശയങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമെങ്കിലും ദൃശ്യങ്ങള്‍ കൊണ്ടുമാത്രം പ്രേക്ഷക മനസ്സിനെ ഉദ്വേഗഭരിതമാക്കാന്‍ കഴിയുമെന്ന് മലയാളി പ്രേക്ഷകന് അനുഭവിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ കുറച്ചെങ്കിലും മലയാളസിനിമാപ്രേമികള്‍ക്ക് ആ തിരിച്ചറിവുണ്ടായിരിക്കുന്നു ഇപ്പോള്‍. ശബ്ദമില്ലായ്മയിലൂടെയും വിസ്മയം തീര്‍ക്കാമെന്ന തിരിച്ചറിവ്. തിരുവനന്തപുരത്താരംഭിച്ച പതിനേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായിരുന്ന ‘ദി റിംഗ്’ പ്രേക്ഷകനെ വിസ്മയിപ്പിക്കുകയായിരുന്നു. ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായിരുന്ന സര് ആല്‍ഫ്രെഡ് ജോസഫ് ഹിച്ച്കോക്കിന്റെ മാന്ത്രിക ഭാവനയില്‍ വിരിഞ്ഞതാണ് ‘ദി റിംഗ്’.
സാഹിത്യത്തില്‍ നിരവധി സസ്പെന്‍സ് കൃതികള്‍ വായിച്ചിട്ടുണ്ട്. ലോകസാഹിത്യത്തിലെ വലിയ സസ്പെന്‍സ് ത്രില്ലറുകള്‍ ഷെര്ലാഖോംസിന്റെതാണ്. എന്നാല്‍ ലോക സിനിമയിലെ വലിയ സസ്പന്സുകള് ഒരുക്കിയിട്ടുള്ളതാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സര് ആല്‍ഫ്രെഡ് ജോസഫ് ഹിച്ച്കോക്ക്. ‘ഹിച്ച്കോക്കിന്റെ ഇടപെടലുകളാ’ണ് ലോക സിനിമയെ എക്കാലത്തും ഞെട്ടിച്ചിട്ടുള്ളത്. ഇപ്പോള്‍ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തിയ പ്രേക്ഷകരെയും 36 വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിതത്തോട് വിടപറഞ്ഞ ഹിച്ച്കോക്ക് ഞെട്ടിച്ചു.
ഉദ്വേഗജനകമായ രംഗങ്ങളാണ് ഹിച്ച്കോക്ക് ചിത്രങ്ങളുടെ പ്രത്യേകത. പൂര്‍ണ്ണമായും ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. സിനിമയെക്കുറിച്ചുള്ള എല്ലാ അറിവുകളും തികഞ്ഞ സര്‍വ്വജ്ഞാനി. സിനിമ എന്ന മാധ്യമത്തോടുളള അടങ്ങാത്ത അഭിനിവേശമാണ് ഹിച്ച്കോക്കിനെ ചലച്ചിത്രത്തിന്റെ ലോകത്തേക്ക് എത്തിച്ചത്. നിശബ്ദസിനിമയുടെ കാലത്ത് രംഗത്തെത്തിയ അദ്ദേഹം ആര്‍ട്ട് ഡയറക്ടറായിട്ടായിരുന്നു കലാജീവിതം തുടങ്ങിയത്. ഷോര്‍ട്ട് ഫിലിമുകളാണ് ആദ്യം നിര്‍മ്മിച്ചത്. അതിലും ഭയപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
ബ്രിട്ടീഷ് ചലച്ചിത്ര മേഖലയില്‍ നിശ്ശബ്ദ ചിത്രങ്ങളിലും ശബ്ദ ചിത്രങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം 1956ല്‍ ഹോളിവുഡിലേക്ക് മാറി. നിശ്ശബ്ദ ചിത്രങ്ങളില്‍ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ കടന്നുപോയി കളര്‍ ചിത്രങ്ങള്‍ വരെയെത്തി നില്ക്കുന്ന 60 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ അന്‍പതിലധികം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഹിച്ച്കോക്കിന്റെ സിനിമകളെല്ലാം വാണിജ്യ സിനിമകളായിരുന്നു. സിനിമ രസിപ്പിക്കുന്ന കലയാണെന്ന സിദ്ധാന്തമാണ് അദ്ദേഹം പിന്തുടര്ന്നത്. ഹിച്ച്കോക്ക് ഹോളിവുഡില്‍ എത്തുമ്പോള്‍ അഭിനേതാക്കളുടെ പേരിലാണ് ഹോളിവുഡ് സിനിമകള്‍ വിപണനം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് സ്വീകാര്യതയുണ്ടായതോടെ സംവിധായകന്റെ കലയായി സിനിമയെ അംഗീകരിക്കാനും സംവിധായകന്റെ പേരില്‍ സിനിമകള്‍ അറിയപ്പെടാനും തുടങ്ങി. സിനിമയുടെ പോസ്റ്ററുകളില്‍ സംവിധായകന്റെ ചിത്രം പതിപ്പിച്ച് പരസ്യം ചെയ്തത് ആദ്യം ഹിച്ച്കോക്ക് സിനിമകള്‍ക്കാണ്. ആ മാറ്റം പിന്നീട് ലോകസിനിമയില്‍ തന്നെ വലിയ സ്വാധീനം ചെലുത്തി.
കുറ്റാന്വേഷണവും ഭീതിയും ഭ്രമകല്പനകളുമെല്ലാം നിറഞ്ഞ കാഴ്ചവസ്തുക്കളായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. 1925ലാണ് തന്റെ ആദ്യ ചലച്ചിത്രം ഹിച്ച്കോക്ക് സംവിധാനം ചെയ്യുന്നത്. ദ പ്ലെഷര്‍ ഗാര്ഡന് എന്ന ഈ ചിത്രം ജര്‍മനിയിലെ യു എഫ് എ സ്റ്റുഡിയോസിലാണു നിര്‍മ്മിച്ചത്. എന്നാല്‍ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. 1926ല്‍, ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട തന്റെ ആദ്യ ചിത്രമായ ‘ദ ലോഡ്ജര്‍: എ സ്റ്റോറി ഓഫ് ദ ലണ്ടന്‍ ഫോഗ്’ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് ഹിച്ച്കോക്ക് തിരിച്ചുവരവ് നടത്തി. 1927 ജനുവരിയില്‍ ബ്രിട്ടണില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടി. ഈ വിജയത്തോടെ ഹിച്ച്കോക്ക് മാദ്ധ്യമശ്രദ്ധയാകര്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. 1926 ഡിസംബര്‍ 2ന് തന്റെ അസിസ്റ്റന്റ് ഡയറക്ടറായ അല്‍മ റെവിലിനെ ബ്റോമ്പ്റ്റണ് ഒറേറ്ററിയില്‍ വെച്ച് വിവാഹം ചെയ്തു. അല്‍മ പില്ക്കാലത്ത് ഹിച്ച്കോക്കിന്റെ ഏറ്റവും അടുത്ത സഹായിയായി മാറി.
1929ല്‍ ‘ബ്ലാക്ക് മെയില്‍’എന്ന പത്താമത്തെ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് അദ്ദേഹം കടന്നു. ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കവേ, യുകെ യിലെ ആദ്യ ശബ്ദ ചിത്രങ്ങളിലൊന്നാക്കി ഇതിനെ മാറ്റാന്‍ സ്റ്റുഡിയോ തീരുമാനമെടുത്തു. ക്ലൈമാക്സ് രംഗങ്ങള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലെ ഡോമില്‍ ചിത്രീകരിക്കുക വഴി, ഉദ്വേഗജനകമായ രംഗങ്ങള്‍ പ്രശസ്ത സ്ഥലങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ഹിച്ച്കോക്ക് സങ്കേതത്തിനു തുടക്കം കുറിച്ചു. 1933ല്‍ ഗോമണ്ട്ബ്രിട്ടീഷ് പിക്ചര്‍ കോര്‍പ്പറേഷനു വേണ്ടി മൈക്കേല്‍ ബാല്ക്കണുമൊത്ത് വീണ്ടും സഹകരിച്ചു. കമ്പനിക്കു വേണ്ടിയുള്ള ആദ്യ ചിത്രമായ ‘ദ മാന്‍ ഹു ന്യൂ റ്റൂ മച്ച്’ വിജയമായിരുന്നു.
ഹിച്ച്കോക്കിന്റെ പ്രധാന വിജയം 1938ല്‍ പുറത്തിറങ്ങിയ ‘ദ ലേഡി വാനിഷസ്’ എന്ന ചിത്രമായിരുന്നു. ചടുലമായി കഥ പറഞ്ഞ ഈ ചിത്രം വാന്ഡ്രിക എന്ന സാങ്കല്പിക രാജ്യത്തിലെ ട്രെയിനില്‍ വെച്ച് കാണാതാകുന്ന ഇംഗ്ലീഷ് വൃദ്ധയെക്കുറിച്ചുള്ളതാണ്.
നിരവധി വിവാദങ്ങളിലും അദ്ദേഹം പെട്ടിട്ടുണ്ട്. 1938ല്‍ അദ്ദേഹം നടത്തിയ ‘അഭിനേതാക്കള്‍ കാലിക്കൂട്ടങ്ങളാണ്’ എന്നപരാമര്‍ശം ഇംഗ്ലീഷ് സിനിമയില്‍ വലിയ ഒപ്പാടുകള്ക്ക് വഴിവച്ചു. അക്കാലത്ത് പ്രശസ്തിയിലുണ്ടായിരുന്ന പല അഭിനേതാക്കളും അതിനെതിരെ രംഗത്തു വന്നു. എന്നാല്‍ ഹിച്ച്കോക്ക് വിവാദങ്ങളെ സ്വതസിദ്ധ ശൈലിയില്‍ ചിരിച്ചു തള്ളി.
1930കളുടെ അവസാനത്തോടെ ഹിച്ച്കോക്ക് തന്റെ കഴിവുകളുടെ ഔന്നത്യങ്ങളിലെത്തിയിരുന്നു. 1939 കാലത്ത് അദ്ദേഹം അമേരിക്കയിലേക്ക് സ്ഥിരതാമസം മാറി. ഹിച്ച്കോക്കിന്റെ ആദ്യ അമേരിക്കന്‍ ചിത്രമായ റെബേക്ക 1940ല്‍ പുറത്തിറങ്ങി. അമേരിക്കന്‍ ചിത്രമെങ്കിലും കഥയുടെ പശ്ചാത്തലം ഇംഗ്ലണ്ടായിരുന്നു. ഇംഗ്ലീഷ് എഴുത്തുകാരനായ ഡാഫന്‍ ഡു മൊറിയറുടെ നോവല്‍ ആസ്പദമാക്കി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സര് ലോറന്‍സ് ഒലിവിയര്‍, ജോന് ഫൊണ്ടൈന്‍ തുടങ്ങിയവര്‍ അഭിനയിച്ചു. 1940ലെ മികച്ച ചിത്രത്തിനുള്ള അക്കാഡമി അവാര്‍ഡ് റെബേക്ക നേടിയെങ്കിലും മികച്ച സംവിധായകനുള്ള പുരസ്കാരം ഹിച്ച്കോക്കിനു നേടിക്കൊടുക്കുവാന്‍ ചിത്രത്തിനായില്ല.
തിരുവനന്തപുരത്തു തുടങ്ങിയ പതിനേഴാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ഹിച്ച്കോക്ക് സിനിമകളുടെ പ്രത്യേക പാക്കേജുണ്ട്. അതില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച നിശബ്ദ ചിത്രം ‘ദി റിംഗ്’ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. കാണികള്‍ക്ക് അപൂര്‍വ്വമായൊരുനുഭവമാണ് സിനിമ സമ്മാനിച്ചത്. നിശബ്ദ ചിത്രങ്ങളുടെ കാലത്തുനിന്ന് നഷ്ടപ്പെട്ടുപോയ ചലച്ചിത്രമായിരുന്നു ഇത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടാണ് ചിത്രം കണ്ടെത്തി പുതുക്കിയത്. സിനിമ സ്ക്രീനില്‍ നടക്കുമ്പോള്‍ സ്റ്റേജില്‍ അതിനൊപ്പം പശ്ചാത്തല സംഗീതം ഒരുക്കിയതാണ് സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. ലണ്ടനില്‍ നിന്നെത്തിയ സംഗീതജ്ഞരാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. പ്രശസ്ത സാക്സോഫോണിസ്റ്റ് സെവോറ്റോ കിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഗീതജ്ഞരാണ് തത്സമയ പശ്ചാത്തല സംഗീതത്തിന് നേതൃത്വം നല്‍കിയത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചിത്രം പ്രദര്‍ശിപ്പിച്ച ശേഷം ലോകത്തെ രണ്ടാമത്തെ പ്രദര്‍ശനമായിരുന്നു തിരുവനന്തപുരത്തേത്.
നിശബ്ദ സിനിമകളുടെ കാലത്ത് ഇത്തരത്തിലൊന്ന് ഒരുക്കാന്‍ കഴിഞ്ഞ ഹിച്ച്കോക്ക് എന്ന ചലച്ചിത്രപ്രതിഭയുടെ കഴിവുകളെ സ്മരിച്ചും സിനിമകണ്ടവര്‍ വിസ്മയപ്പെട്ടു. ലോക സിനിമയുടെ ചരിത്രത്തിലൂടെ പ്രക്ഷകനെ ആനയിക്കുകയാണ് ദി റിംഗ് ചെയ്തതെന്നാണ് അഭിപ്രായം ഉയര്‍ന്നത്.
രാജ്യാന്തര ചലച്ചിത്രമേളയിലെത്തുന്ന പ്രേക്ഷകരെ വിസ്മയിപ്പിക്കാനും ഭയപ്പെടുത്താനുമായി ദി റിംഗ് കൂടാതെ നാല് ഹിച്ച്കോക്ക് സിനിമകള്‍ കൂടി പ്രദര്‍ശിപ്പിക്കുന്നുണ്ട്. എല്ലാം നിശബ്ദ സിനിമകള്‍. പതിനേഴാം രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന ആകര്‍ഷണം ഈ ചിത്രങ്ങള്‍ തന്നെയാണെന്ന് പറയേണ്ടിവരും. ദി ലോഡ്ജര്‍ എന്ന വളരെ പ്രശസ്തമായ സിനിമയും അക്കൂട്ടത്തിലുണ്ട്. സ്വര്‍ണ്ണത്തലമുടിക്കാരായ സ്ത്രീകളെ കൊല്ലുന്ന ദി അവഞ്ചര്‍ എന്നറിയപ്പെടുന്ന പരമ്പരക്കൊലയാളിയുടെ കഥയാണ് ദി ലോഡ്ജറില്‍ പറയുന്നത്. കൊലയാളി ജയില്‍ചാടി ലണ്ടിലെത്തുന്നു. ഇതിനിടെ വാടകയ്ക്ക് വീടന്വേഷിച്ച് വിചിത്രസ്വഭാവക്കാരനായ ഒരാള്‍ ദമ്പതികളെ സമീപിക്കുന്നു. ദമ്പതികളുടെ മകള്‍ സ്വര്ണ്ണത്തലമുടിക്കാരിയാണ്. അവള്‍ക്ക് ഇയാളില്‍ സംശയമുണ്ടാകുകയും കുറ്റാന്വേഷകനെ സമീപിക്കുകയും ചെയ്യുന്നു. കുറ്റാന്വേഷകനും ഇയാള്‍ അവഞ്ചറാണെന്ന് സംശയിക്കുന്നു. സംഭവബഹുലമാണ് ദി ലോഡ്ജറിലെ അനുഭവങ്ങള്‍. ലോകസിനിമയിലെ തന്നെ ത്രില്ലറുകളുടെ ആദ്യരൂപം ഈ ചലച്ചിത്രമാണ്.
രാത്രികാല ലണ്ടന്ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു നര്‍ത്തകിമാരുടെ കഥപറയുന്ന ‘ദി പ്ലഷര്‍ ഗാര്‍ഡനാ’ണ് തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ഹിച്ച്കോക്ക് സിനിമ. പ്രണയവും ഭയവുമെല്ലാം ഇഴുകിച്ചേര്‍ന്ന ഈ ചലച്ചിത്രം ഹിച്ചകോക്കിന്റെ ആദ്യ സംവിധാന സംരംഭമാണ്. മകള്‍ക്ക് ഒരുതരത്തിലും യോജിക്കാത്ത കാമുകനെ ഒഴിവാക്കാന്‍ പാപ്പരായി അഭിനയിക്കുന്ന ധനികന്റെ കഥപറയുന്ന ‘ഷാമ്പെയിന്’ എന്ന ചിത്രവും തന്റെ ചങ്ങാതി നടത്തിയ മോഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ പേരില്‍ ധനികയായ ഒരു വിദ്യാര്‍ത്ഥി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിവരിച്ച ‘ഡൗണ്‍ ഹില്ലു’മാണ് പ്രദര്‍ശിപ്പിക്കുന്ന മറ്റു സിനിമകള്‍. ‘ഷാമ്പെയിന്’ കോമഡി കൂടി നിറച്ച സിനിമയാണ്.
ഹിച്ച്കോക്ക് സിനിമകള്‍ വലിയ പാഠപുസ്തകങ്ങളാണ്. എല്ലാ സൂക്ഷ്മാംശങ്ങളിലേക്കും ഇറങ്ങിച്ചെന്ന് തയാറാക്കുന്ന തിരക്കഥയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കുള്ളത്. സിനിമയുടെ സൗന്ദര്യത്തില്‍ വിസ്മയത്തിന്റെ വിളക്കു തെളിച്ചുവച്ച പെരുന്തച്ചന്. ചലച്ചിത്ര വിദ്യാര്‍ത്ഥികളും ചലച്ചിത്രപ്രവര്‍ത്തകരും ഒരുപോലെ പാഠമാക്കേണ്ടെതെല്ലാം ഹിച്ച്കോക്കിലുണ്ട്. സസ്പെന്‍സും കുറ്റാന്വേഷണവുമെല്ലാം കലര്‍ത്തി ത്രില്ലറുകളൊരുക്കുന്ന നമ്മുടെ സിനിമാക്കാരും ഹിച്ച്കോക്കിന്റെ നിശബ്ദവിസ്മയങ്ങള് കണ്‍നിറയെ കാണട്ടെ. അതിനുള്ള വേദിയാണ് പതിനേഴാം രാജ്യാന്തര ചലച്ചിത്രോത്സവം.
>> ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: