എസ്.എം.എസ് എന്ന ചുരുക്കെഴുത്താശ്ശാന് ഇരുപതു വയസ്സു തികഞ്ഞുവത്രെ. ഇന്ത്യന്‍ ജനാധിപത്യരീതിയനുസരിച്ച് വോട്ടു കുത്തല് പ്രായം കഴിഞ്ഞിട്ട് രണ്ടുകൊല്ലമായി എന്നു സാരം. ദു:ഖമുള്ളവ, സന്തോഷം തരുന്നവ, ഇരുത്തിച്ചിന്തിപ്പിക്കുന്നവ, പരദൂഷണം, ബുദ്ധിവികാസം തുടങ്ങി ഏതു മേഖലയിലേക്കും കടന്നുകയറാനുള്ള വഹകള്‍ എസ്.എം.എസ് എന്ന ത്രിമൂര്‍ത്തി വഴി കിട്ടുന്നു. ഈയടുത്തനാളില്‍ (എന്നുവെച്ചാല്‍ ഡിസം. ഒന്നിന്) ഒരു വിദ്വാന് അയച്ച എസ്.എം.എസ് ഇതാ ഇങ്ങനെയാണ്: പൊങ്കാല സമരം…. പാര്‍ട്ടി കുടുംബങ്ങളിലെ സ്ത്രീകളുടെ ദീര്‍ഘകാലമായ ആവശ്യം ഒടുവില്‍ പാര്‍ട്ടി അംഗീകരിച്ചു. അങ്ങനെ പുണ്യംതേടി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നാകെ കേരളത്തില്‍ റോഡില്‍ ഇപ്പോള്‍ പൊങ്കാലയിടും. അന്ന് ഏതാണ്ട് നാലേ നാല്‍പ്പത്തിയഞ്ചിനാണ് സന്ദേശം വന്നത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ മേപ്പടി സന്ദേശ കര്‍ത്താവിനെ സംഘപരിവാറിന്റെ കളത്തില്‍ പിടിച്ചുകെട്ടാം. എന്തായാലും പ്രശ്നമില്ല.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാക്കിയവര് സ്വപ്നേപി ഇങ്ങനെയൊരു പൊങ്കാലച്ചായ്വിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല. അങ്ങനെ ചിന്തിക്കുന്നവര്ക്കുള്ളതല്ലല്ലോ ഈ പാര്‍ട്ടി. അഗ്നി ശൃംഖലയെന്നാണ് പാര്‍ട്ടി കൊടുത്ത പേര്. തീക്കൂട്ടല്‍ പോരേ എന്നു ചോദിക്കുന്ന മലയാളവാദികളോട് പറയാനുള്ളത് പോര എന്നുതന്നെ. മനുഷ്യച്ചങ്ങല, മനുഷ്യ മതില് തുടങ്ങിയ പരിപാടികള്‍ക്കുശേഷം തീവളയം ആക്കിയാലോ എന്ന ചിന്ത വന്നതാണ്. പാര്‍ട്ടി മൊത്തം തീവളയത്തിലായ സ്ഥിതിക്ക് അറംപറ്റണ്ട എന്നു കരുതിയാണ് അഗ്നിശൃംഖലയാക്കിയത്. ആ പേരിലെ ആഢ്യത്വം പേരും പെരുമയുള്ള കുടുംബങ്ങളെ തെരുവില്‍ എത്തിക്കാന്‍ സഹായിക്കുമെന്ന് ആസ്ഥാന ബുജികള്‍ ഉപദേശിക്കുകയും ചെയ്തു. മറ്റുപരിപാടികള്‍ പോലെ ആളെക്കൂട്ടാന്‍ അത്രവലിയ ബുദ്ധിമുട്ടുമില്ല. പത്തുകാശു മുടക്കാതെ കട്ടന്‍ചായയും പരിപ്പു വടയും പാല്‍പ്പായസവും കപ്പപ്പുഴുക്കും മീന്‍കറിയും കിട്ടുമെന്ന് കണ്ടാല്‍ ആരാണ് അടുപ്പിനരികെ കൂട്ടം കൂടി നില്‍ക്കാത്തത്. ഏതായാലും അടുക്കള അണയാതിരിക്കാന്‍ അങ്ങാടിയില്‍ അടുപ്പുകൂട്ടിയവരോട് ഒഞ്ചിയത്തെ രമ ചോദിച്ചത്, ഒരുപാട് അടുക്കള കണ്ണീര് വീണ് നനഞ്ഞതിന് ഉത്തരവാദികളായവര്‍ ഇപ്പരിപാടിക്ക് തുനിഞ്ഞതില്‍ ധാര്‍മ്മികതയുണ്ടോ എന്നാണ്.
അത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചവരെ ശത്രുപക്ഷത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ഒതുക്കി നിര്‍ത്തിയെങ്കിലും കൂടെപ്പൊറുക്കുന്ന പന്ന്യന്‍ രവീന്ദ്രന്റെ പാര്ട്ടിക്കാര് കൊമ്പുകുലുക്കിയതാണ് സഹിക്കാതായത്. പാര്‍ട്ടിക്കാരെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ഇറക്കുന്ന ജനയുഗം വഴി പന്ന്യന്പാര്ട്ടി അടുപ്പുകൂട്ടല്‍ സമരത്തെ കണക്കിന് പരിഹസിച്ചു. പരിഹാസം അച്യുതാനന്ദനിലൂടെ വിജയനില്‍ അവസാനിപ്പിച്ചു. പിറ്റേന്ന് അതാ നമ്മുടെ നേരൂഹന്‍ പത്രം പൂഴിക്കടകനുമായി രംഗത്ത്.
ആളുകളുള്ള പ്രസ്ഥാനം ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ കൊടി മാത്രമുള്ളവര്‍ക്ക് സഹിക്കാന്‍ പറ്റാത്തത് സ്വാഭാവികം എന്ന് ശതമന്യുവിന്റെ കസര്‍ത്തും വന്നു. കാര്യം അതിരുവിടുന്നുവെന്ന് തോന്നിയതോടെ പന്ന്യന്പാര്ട്ടി ക്ഷമ ചോദിച്ച് പിന്‍വാങ്ങി. മുഖത്ത് കാറിത്തുപ്പിയശേഷം സായ്പിന്റെ സോറിയോ, മലയാളിയുടെ ക്ഷമയോ പറഞ്ഞാല്‍ സംഗതി തീരുമല്ലോ. ഏതായാലും നെയ്കൂടിയാല് പായസത്തിന് കുഴപ്പം വരില്ലെന്ന് പറയുന്നതുപോലെ അടുപ്പുകൂട്ടുന്നതും അരികഴുകിയിടുന്നതും മറന്നുപോവുന്ന സ്ത്രീജനങ്ങളെ തെരുവില്‍ കൊണ്ടുപോയി ആഹാരം പാകം ചെയ്യാന്‍ പഠിപ്പിക്കുക എന്നത് വലിയ കാര്യം തന്നെ. സമീപ ഭാവിയില്‍ വന്‍ ഭോജനശാലകള്‍ തുടങ്ങിയാല്‍ ആളെ കിട്ടില്ലെന്ന ആശങ്കയുണ്ടാവില്ല.
ഇനി പൊങ്കാലയുടെ കാര്യം. എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ ചില തെരുവുകളില്‍ ദൈവങ്ങള്‍ക്ക് പൊങ്കാലയിട്ട് നിര്‍വൃതിയടയുന്ന ലക്ഷങ്ങള്‍ വരുന്ന സ്ത്രീകളുടെ മാനസികാവസ്ഥ പാര്‍ട്ടി കുടുംബങ്ങള്‍ക്കും വന്നു. ദൈവപ്പൊങ്കാലയായാലും പാര്ട്ടിപ്പൊങ്കാലയായാലും വിശ്വാസമാണല്ലോ പ്രശ്നം. പരബ്രഹ്മം പോത്തുപോലെ എന്ന് കേട്ട് പോത്തിനെ പരബ്രഹ്മമാക്കി ആരാധിച്ചവനെ ഒടുവില്‍ ഗുരുവിന് സാഷ്ടാംഗം പ്രണമിക്കേണ്ടിവന്നില്ലേ? ആ മരം ഈ മരം എന്നു ചൊല്ലി മന്ത്രസിദ്ധി കൈവരുകയും ഒടുവില്‍ മഹര്‍ഷിയായിത്തീരുകയും ചെയ്ത രത്നാകരന്റെ അവസ്ഥയെക്കുറിച്ച് ആരെങ്കിലും നമ്മോട് പറഞ്ഞുതരേണ്ടതുണ്ടോ? മാനവികതയുടെ മഹാകാശത്തിലേക്ക് പറന്നുയരാന്‍ ഏതു മാര്‍ഗം സ്വീകരിച്ചാലും അതു നല്ലതെന്നേ പറഞ്ഞുകൂടൂ. കേരളത്തില്‍ ഒരുപാടു കുടുംബങ്ങളിലെ അമ്മമാരുടെ, സഹോദരിമാരുടെ, ഭാര്യമാരുടെ കണ്ണീര് വീഴ്ത്തിയതിന്റെ പാപമൊക്കെ ഒരുപക്ഷേ, അഗ്നി ശൃംഖലയെന്ന പാര്‍ട്ടിപ്പൊങ്കാല വഴി തീര്‍ന്നുവെങ്കില്‍ അതു നല്ലതല്ലേ? അത്തരം നന്മയെക്കുറിച്ച് എന്തേ പന്ന്യന്റെ പാര്‍ട്ടിക്ക് മറിച്ചൊരു അഭിപ്രായം ഉണ്ടാവാന്‍ കാരണമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മലയാള മനോരമ (ഡിസം.5)യില്‍ ബൈജുവിന്റെ അകലം കൂട്ടി സമരം കാര്‍ട്ടൂണ്‍ കണ്ട്, വായനക്കാരേ എല്ലാം നിങ്ങള്‍ വിലയിരുത്തുക. അഗ്നിശൃംഖലയില്‍ എത്തിയസ്ഥിതിക്ക് ഭസ്മാന്തമാവുന്ന ശരീരത്തെക്കുറിച്ചും ആ ശരീരത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ചും പാര്‍ട്ടി കൂടുതല്‍ ഗവേഷണം ചെയ്യുമെന്നു തന്നെ കരുതാം. അടുത്ത പാര്‍ട്ടി അധ്യായം തുറക്കുംവരേക്കും നന്ദി, നമസ്കാരം.
നോര്‍വേ എന്ന നാടിനെക്കുറിച്ച് ഇപ്പോള്‍ പലരും അറിഞ്ഞുകാണും. സ്വന്തം മക്കളെ എന്തും ചെയ്യാനുള്ള സ്വാതന്ത്യമുണ്ടെന്ന് പറഞ്ഞ് നടക്കുന്ന സകലമാന മാതാപിതാക്കള്‍ക്കും ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഇടിവെട്ടും. എന്നാല്‍ അവിടത്തെ മറ്റൊരു കാര്യത്തെക്കുറിച്ച് അത്ര കേട്ടറിവ് ആര്‍ക്കും ഉണ്ടാവാന്‍ തരമില്ല. വൈദ്യുതി ഇല്ലാതായാല്‍ ഭ്രാന്തുപിടിക്കുന്ന നമ്മുടെ സമൂഹത്തിന് പാഴ്വസ്തുപോലെ വൈദ്യുതി നഷ്ടപ്പെടുത്തുന്നതില്‍ തരിമ്പും വിഷമമില്ല. നട്ടുച്ചയ്ക്കും നൂറ് വാട്ട് ബള്‍ബിന്റെ പ്രകാശത്തിലെ ഭക്ഷണം കഴിച്ചുകൂടൂ എന്ന് വാശിപിടിക്കുന്നവര്‍ നോര്‍വെയിലേക്ക് ഒന്ന് ശ്രദ്ധതിരിക്കുക. ചന്ദ്രിക പത്രത്തില്‍ (ഡിസം 4) അനന്തരം പംക്തിയില്‍ ബാബു ഭരദ്വാജ് എഴുതിയ വൈദ്യുതി ഉപഭോഗത്തെക്കുറിച്ചു തന്നെ എന്ന ലേഖനം സകലരും വായിക്കണം.
ഇലക്ട്രിസിറ്റിബോര്‍ഡ് അതിന്റെ ഫോട്ടോ കോപ്പിയെടുത്ത് അടുത്ത ബില്ലിന്റെ കൂടെ ഓരോ വീട്ടിലും എത്തിക്കണം. അത്ര ശക്തവും കണ്ണുതുറപ്പിക്കുന്നതുമാണ് ആ ലേഖനം. ഒരു സാമ്പിള്‍ കണ്ടാലും: രാത്രികാലങ്ങളില്‍ അവര്‍ (നോര്‍വെക്കാര്‍) വോള്‍ട്ടേജ് കുറഞ്ഞ വിളക്കുകളാണ് ഉപയോഗിക്കാറ്. ആവശ്യത്തിനുമാത്രം വെളിച്ചം. വീടും ചുറ്റുപാടും പകല്‍പോലെ പ്രകാശപൂരിതവും പ്രഭാപൂര്ണവുമാക്കാറില്ല അവര്‍. വീടിനുള്ളില്‍ മുനിഞ്ഞുകത്തുന്ന വിളക്കുകള്‍ മാത്രം ഉപയോഗിക്കുന്നു. പെരുമാറുന്ന മുറികളില്‍ മാത്രമേ വിളക്കുകള്‍ കത്തിക്കാറുള്ളൂ. നമുക്ക് അപരിചിതമാണ് ആ അന്തരീക്ഷം. രാത്രിയായാല്‍ നമ്മള് എല്ലാ മുറികളിലും വിളക്ക് കത്തിക്കും. വീട്ടില്‍ മാത്രമല്ല, വീടിന് പുറത്തും നമ്മളൊരുപാട് വിളക്കുകള്‍ കത്തിക്കും. ഉറങ്ങുന്നതുവരെ രാത്രിയെ പകലാക്കണമെന്ന കാര്യത്തില്‍ നമുക്ക് വല്ലാത്ത നിര്‍ബന്ധമാണുള്ളത്. ഉറങ്ങുമ്പോള്‍ പോലും വിളക്ക് വേണമെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ട്….. അക്കാര്യം ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ ‘എന്റെ പണം ഞാന്‍ എന്റെ ഇഷ്ടത്തിന് ചെലവാക്കും. അതില്‍ നിനക്കെന്താകാര്യം’ എന്നവര്‍ തിരിച്ചടിക്കും.
ഇത്തരം തിരിച്ചടി നടത്തുന്നവര്‍ കരുതും നോര്‍വെക്കാര്‍ പിശുക്കന്മാരാണെന്ന്. എന്നാല്‍ പല കാര്യത്തിലും അവര്‍ ധാരാളികളാണ്. ലോകത്തിലേറ്റവും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജനിക്കാനും ജീവിക്കാനും കഴിയുന്ന അഞ്ച് രാജ്യങ്ങളിലൊന്നാണ് നോര്‍വെ, ബാബു ഭരദ്വാജ് ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ഉദാഹരണം ഇങ്ങനെ: വൈദ്യുതിക്ക് ഒട്ടും ക്ഷാമമില്ലാത്ത രാജ്യമാണ് നോര്‍വേ. ജലവൈദ്യുതിക്കുള്ള സൗകര്യങ്ങള്‍ ഏറെ. പെട്രോള്‍ സുലഭം. ഇത്തരം എല്ലാ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും നോര്‍വേക്കാര്‍ വൈദ്യുതി ഉപയോഗിക്കുന്നതില്‍ വല്ലാത്ത പിശുക്ക് കാണിക്കുന്നു. വൈദ്യുതി തിന്നുതീര്‍ക്കുന്ന നാമെവിടെ, കഴിയുന്നത്ര കരുതിവെക്കുന്ന അവരെവിടെ. ആര്‍ഭാടങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ എന്നെങ്കിലും അടിതെറ്റി വീഴുമെന്ന് മനസ്സിലാക്കാതെ പോവുന്ന നമ്മെ ദൈവം പോലും രക്ഷപ്പെടുത്തില്ല; ദൈവത്തിന്റെ സ്വന്തം നാടായാലും.
പ്ലഷര്‍ ഓഫ് ഗ്രോത്ത് എന്നാണ് പി. ഗോവിന്ദപ്പിള്ളയെ എന്റെയൊരു നാട്ടുകാരന് വിശേഷിപ്പിച്ചത്. അടങ്ങാത്ത വിജ്ഞാനതൃഷ്ണയും അതില്‍ രമിച്ചുജീവിക്കുന്ന വ്യക്തിത്വവുമായിരുന്നു ഗോവിന്ദപ്പിള്ളയുടേത്. എന്തിനേയും മാര്‍ക്സിയന്‍ സൗന്ദര്യ ശാസ്ത്രത്തിന്റെ കണ്ണടയിലൂടെ കാണണമെന്ന നിര്‍ബന്ധബുദ്ധിയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. എന്നാലും ഒരു മുന്‍ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ആ പീജിയെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പും മാധ്യമവും മലയാളവും ഇത്തവണ രചനകള്‍ നടത്തിയിരിക്കുന്നു. ഇനിയും വായിച്ചു തീരാത്ത പുസ്തകം എന്നാണ് മാധ്യമത്തിന്റെ തുടക്കം. പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോഴും പി.ജി. കുലുങ്ങിയില്ല. (ഇ.എം.എസ്സിന്റെ സംഭാവനകളെപ്പറ്റി നല്ലത് പറയുന്നതിനിടയില്‍ ഇ.എം.എസ്സിന്റെ ചില വീഴ്ചകളും അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചതാണെന്ന് പിജി) പാര്‍ട്ടി നടപടിയും കോലാഹലവും കൊടുമ്പിരികൊള്ളുമ്പോള്‍ കെവിന് വില്യംസ് എഴുതിയ ‘അണ്ടര്സ്റ്റാന്ഡിങ് മീഡിയ തിയറി’ എന്ന പുസ്തകം മറിച്ചുനോക്കി വാങ്ങുകയായിരുന്നു പി.ജി. എന്നാണ് മാധ്യമം പറയുന്നത്. പി.ജി. മുഷ്ടി ചുരുട്ടിയ വായനയാണ്!- കെ.ഇ.എന്‍, പി.ജി. മാര്‍ക്സിസം വായിച്ചത് ഇങ്ങനെ- പി.പി. സത്യന് എന്നിവരും മാധ്യമത്തില്‍ എഴുതുന്നു. വൈജ്ഞാനികതയും മാര്‍ക്സിസവും: പി.ജി.യുടെ പാരമ്പര്യം- സുനില്‍ പി. ഇളയിടം, വായിച്ചു തീരില്ല ഈ ജീവിത പുസ്തകം- പി.പി. സത്യന് എന്നിവരുടെ രചനയാണ് മലയാളത്തിലുള്ളത്. പി.ജി.യുമായി എന്‍.ഇ. സുധീര്‍ നടത്തിയ അഭിമുഖമാണ് മാതൃഭൂമിയിലെ പ്രത്യേക വിഭവം. ഇതിലാണ് മുന്‍ കമ്മ്യൂണിസ്റ്റെന്ന വിശേഷണം വിഷംപോലെ ഞാന്‍ വെറുക്കുന്നു എന്ന് പി.ജി. പറയുന്നത്. ഇന്നത്തെ നേതാക്കന്മാര് (കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല) ആ അഭിമുഖം ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ മാധ്യമശിങ്കങ്ങളുടെ അങ്കക്കലി അറിഞ്ഞ് സംസാരിക്കാം. ഏതായാലും വളര്‍ച്ചയില്‍ ആഹ്ലാദിക്കുന്ന പിജിയെക്കുറിച്ച് പല വ്യാഖ്യാനങ്ങളുണ്ടായാലും വേണു പറയുന്നതുപോല (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ആരംഭ തീരുമാനത്തില്‍ അന്ധമായി ഉറച്ചുനില്ക്കുക എന്ന ഫ്യൂഡല്‍ ധാര്‍മികതയുടെ സംരക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്. മറിച്ച് മാര്‍ക്സിയന്‍ മാനവിക (അങ്ങനെയൊന്നുണ്ടോ എന്തോ) സത്തയുടെ സംരക്ഷണമായിരുന്നു വേണ്ടിയിരുന്നത്. വിജ്ഞാനത്തിന്റെ വളര്‍ച്ചയില്‍ ആഹ്ലാദിച്ച പിജി മാനവികത മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റായിരുന്നുവെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു.
തൊട്ടുകൂട്ടാന്‍
നിത്യയൗവ്വനം ചോദിച്ചു വാങ്ങാന്‍
മുഗ്ദ്ധഭാവന വീണ്ടും വരുമ്പോള്‍
മാളവേന്ദ്രന്റെ ദാസ്യനായ്ക്കാവ്യ
കന്യകയ്ക്കു ഞാന്‍ ദൂതയയ്ക്കട്ടെ
-ബി. ഗോപാലകൃഷ്ണന്
കവിത: അഗ്രപൂജ
മലയാളം വാരിക (ഡിസം.7)
>> കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: