കഴിഞ്ഞ മാസത്തില്‍ കുടുംബ സംബന്ധമായ ചില രേഖകളും സര്‍ട്ടിഫിക്കറ്റുകളും സംഘടിപ്പിക്കാന്‍ ഒട്ടേറെ സര്‍ക്കാര്‍ ആഫീസുകളില്‍ കയറിയിറങ്ങേണ്ടി വന്നു. പഞ്ചായത്ത്, വില്ലേജ് ആഫീസുകള്‍ മുതല്‍ കളക്ടറേറ്റുവരെ എല്ലായിടത്തും ഭരണഭാഷ മലയാളം എന്ന വര്‍ണശബളമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നമ്മുടെ മലയാള നാട്ടില്‍ സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടുകള്‍ തികയാറാകുമ്പോള്‍ ഇപ്രകാരം എഴുതിവെക്കേണ്ടിവരുന്നതും അതിന് മലയാളദിനം ആചരിക്കുന്നതും പരിഹാസ്യം തന്നെയാണ്. ഇക്കാര്യം ഈ പംക്തികളില്‍ പലകുറി പരാമര്‍ശിച്ചിട്ടുമുണ്ട്. സ്വാതന്ത്ര്യത്തിനുമുമ്പ് ‘കിരാത’നായ സര് സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്നപ്പോള്‍ ഭരണഭാഷ മലയാളമാക്കാന്‍ ചില പ്രത്യേക നടപടികള്‍ എടുത്തിരുന്നു.
അതുവരെയുണ്ടായിരുന്ന ഇംഗ്ലീഷ് സ്കൂളുകള്‍ പടിപടിയായി മലയാള മാധ്യമമാക്കാന്‍ പരിപാടിയിട്ടു. പ്രത്യേക വിഷയങ്ങള്‍ വിശദമായി പഠിക്കാന്‍ വ്യവസ്ഥ തയ്യാറാക്കി. അങ്ങനെ മലയാള മാധ്യമ പഠനം നടത്തിയ ആദ്യത്തെ വിദ്യാര്‍ത്ഥികളില്‍ ഞാനും പെടും. ശാസ്ത്ര വിഷയങ്ങളും മാനവിക വിഷയങ്ങളും പഠിക്കാനുള്ള സാങ്കേതിക പദാവലിയും അതോടൊപ്പം വിദഗ്ദ്ധരായ അധ്യാപകര്‍ തയ്യാറാക്കി. അവ മിക്കതും നമ്മുടെ പ്രാചീന സംസ്കൃത ഭാഷയില്‍ ഉപയോഗിച്ചിരുന്നവയായിരുന്നു താനും. ആ പദ്ധതിയനുസരിച്ച് പഠനം പൂര്‍ത്തിയായവര്‍ക്ക് ഭാഷയോ വിഷയങ്ങളോ ഗ്രഹിക്കുന്നതിലും അവയില്‍ ഉപരിപഠനം നടത്തുന്നതിനും എന്തെങ്കിലും കുറവു വരികയോ നിലവാരം താഴുകയോ ചെയ്തതായി തോന്നുന്നില്ല. ഇപ്പോള്‍ സ്ഥിതിയാകെ മാറി. 1960 ല്‍ ആര്.ശങ്കര്‍ വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ നിലവാരം മെച്ചപ്പെടുത്താനെന്ന പേരില്‍ തുടങ്ങിയ ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങള്‍ ഇപ്പോള്‍ സാംക്രമിക രോഗം പോലെ പടര്‍ന്നുപിടിച്ചിരിക്കുന്നു. അതിന്റെ ഫലമായി സര്‍വസാധാരണമായി ഉപയോഗിക്കുന്ന മലയാള വാക്കുകള്‍ പോലും മലയാളി മറന്നു. പ്രാതല്‍, ഊണ്, അത്താഴം മുതലായ നാടന്‍ പ്രയോഗങ്ങള്‍ ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ഡിന്നറിനും വഴിമാറിക്കഴിഞ്ഞു. ആഹാരം കഴിഞ്ഞോ എന്നല്ല ഫുഡ് കഴിഞ്ഞോ എന്നേ ചോദിക്കാറുളളൂ. ഫുഡ് എന്ന വാക്ക് സാധാരണ മനുഷ്യരുടെ ഭക്ഷണത്തിനല്ല മൃഗങ്ങളുടെതിനാണ് (തീറ്റ, കാലിത്തീറ്റയും കോഴിത്തീറ്റയും പോലെ) എന്നുപോലും ആരും ചിന്തിക്കുന്നില്ല.
സര് സി.പി.സര്‍ക്കാരുദ്യോഗസ്ഥരുടെ വേഷത്തിലും മാറ്റം നിര്‍ദ്ദേശിച്ചിരുന്നു. ഉദ്യോഗസ്ഥരും അധ്യാപകരും മുണ്ടും ജുബ്ബയുമായി ജോലിക്കുവന്നിരുന്ന രീതി എന്റെ വിദ്യാഭ്യാസ കാലത്തുമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും മുണ്ടും ഷര്‍ട്ടും വേഷമിട്ടവര്‍ തന്നെയായിരുന്നു. അതിലും സമൂലമാറ്റമുണ്ടാകാന് കാലതാമസമുണ്ടായില്ല. ഇന്ന് സര്‍ക്കാര്‍ ഓഫീസിലും വിദ്യാലയങ്ങളിലും വേഷം തനി പാശ്ചാത്യമായിക്കഴിഞ്ഞു.
ഭരണഭാഷ മലയാളമാവണമെന്ന ഭരണഘടനാ നിബന്ധനയില്‍ നാം വേണ്ടുവോളം വെള്ളം ചേര്‍ത്തു കഴിഞ്ഞു. ഭരണത്തിനും പഠനത്തിനും തക്ക യോഗ്യത മലയാളം നേടുന്നതിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എന്നൊരു സ്ഥാപനം തന്നെ നടന്നുവരുന്നു. തുടക്കത്തില്‍ അതിന്റെ ചുമതല വഹിച്ചിരുന്ന എന്‍.വി.കൃഷ്ണവാരിയര്‍ സാങ്കേതിക പദങ്ങള്‍ തയ്യാറാക്കാന്‍ ആത്മാര്‍ത്ഥ ശ്രമം നടത്തി. ഹിന്ദിയിലും സംസ്കൃതത്തിലുമുള്ള അവഗാഹം അതിനദ്ദേഹം സമൃദ്ധമായി ഉപയോഗപ്പെടുത്തി. മഹാപണ്ഡിതനും ഹിന്ദി മഹാനിഘണ്ടു രചയിതാവുമായിരുന്ന ഡാക്ടര് രഘുവീരയുടെ ശ്രമത്തിന്റെ ചുവടുപിടിച്ച് അദ്ദേഹംതയ്യാറാക്കിയ ഭരണശബ്ദാവലി, മാനവിക ശബ്ദാവലി, ശാസ്ത്ര ശബ്ദാവലി തുടങ്ങിയ പുസ്തകങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ഭാരതീയ ഭാഷകളില്‍ നിന്നെന്നതുപോലെ യൂറോപ്യന്‍ ഭാഷകളില്‍നിന്നും സാങ്കേതിക പദങ്ങള്‍ രൂപപ്പെടുത്തി. ഗ്രീക്കും റോമനും അദ്ദേഹം സ്വീകരിച്ചു.
പക്ഷേ അതൊന്നും ആത്മാര്‍ത്ഥമായി പ്രയോജനപ്പെടുത്താന്‍ ആളുണ്ടാവില്ല എന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു. മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ നടപടിയെടുക്കുന്ന ചുമതലയുണ്ടായിരുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞത് അധികൃതര്‍ക്ക് അതൃപ്തിയുള്ള ഉദ്യോഗസ്ഥനെ ശിക്ഷിക്കുന്നതിനാണ് ആസ്ഥാനം നല്‍കുന്നത് എന്നായിരുന്നു. സഹായി ആയി ഒരാളെപ്പോലും കൊടുക്കാതെ സെക്രട്ടറിയേറ്റിലെ ആപ്പീസ് മുറിയില്‍ ഫാനിന്ചുവട്ടില് ആറുമാസക്കാലമായി കഴിയുന്ന ദയനീയാവസ്ഥയില്‍ ഞാനദ്ദേഹത്തെക്കണ്ടു. അവിടത്തെ എഴുത്തുകുത്തുകളും ഇംഗ്ലീഷില്‍ തന്നെ എന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് പഞ്ചായത്ത് ഓഫീസുകളില്‍ നിന്നും ഒരു നഗരസഭയില്‍നിന്നും വന്ന കത്തുകള്‍ മലയാളത്തിലായിരുന്നു. അവ ഔപചാരിക ചിട്ടയിലുള്ള വിവര നിര്‍ദ്ദേശങ്ങളായിരുന്നു. ഇംഗ്ലീഷിലെ ഫ്രം ന്റെ സ്ഥാനത്ത് മൂന്നിടങ്ങളില്‍ മൂന്നുവിധ പ്രയോഗം കണ്ടു ഒരിടത്ത് പ്രേക്ഷികന് മറ്റൊരിടത്ത് പ്രേക്ഷിതന്, ഇനിയുമൊരിടത്ത് പ്രേഷിതന്. മൂന്നും ഉദ്ദേശിച്ച അര്‍ത്ഥം ഉള്‍ക്കൊള്ളുന്നില്ല. കത്തയക്കുന്ന ആള് എന്നര്‍ത്ഥം പ്രേഷകന് എന്നാണെങ്കിലേ ശരിയാവൂ.
അതിനുപകരം കാഴ്ചക്കാരന്, കാണപ്പെട്ടവന്‍, അയയ്ക്കപ്പെട്ടവന് എന്നീ അര്‍ത്ഥമുള്ള വാക്കുകള്‍ ഓരോ സ്ഥലത്തുപയോഗിച്ചിരിക്കുന്നു. പ്രേഷിതന് എന്ന വാക്കിന് ക്രിസ്തീയ താല്‍പ്പര്യപ്രകാരം സുവിശേഷം ഏകവന്‍ എന്നും അര്ത്ഥമാകാമല്ലൊ. പ്രേഷിത വൃത്തികള്‍ സഭകളുമായി ബന്ധപ്പെട്ടു നടക്കുന്നവയാണ്. അയയ്ക്കുന്ന ആള്, സ്വീകരിക്കുന്ന ആള് എന്ന് പച്ചമലയാളത്തിലോ,പ്രേഷകന് എന്നും പ്രേഷിതന് എന്നോ ആയാലും കുഴപ്പമില്ല. സ്വീകര്‍ത്താവ് എന്നു കേള്‍ക്കുമ്പോള്‍ മീനച്ചില്‍ കര്‍ത്താവ്, ചേരാനല്ലൂര്‍ കര്‍ത്താവ്, എടത്തല കര്‍ത്താവ്, പാണാവള്ളി കര്‍ത്താവ് തുടങ്ങിയ സ്ഥാനികളുടെ ഓര്‍മ്മയാണ് വരുന്നത്. അര്‍ത്ഥപൂര്‍ണതയും വ്യാകരണ ശുദ്ധിയും മിക്ക വാചകങ്ങളിലും കാണാനില്ല. മലയാളമല്ലേ ഭരണഭാഷയില്‍ അത്രയൊക്കെ മതി എന്നാവും അധികൃതരുടെ ഭാവം. പക്ഷേ സര്‍ക്കാര്‍ രേഖകള്‍ കൃത്യമായ അര്‍ത്ഥവും ധ്വനിയും വഹിക്കുന്നതാവണ്ടേ?
ബ്രിട്ടീഷ് ഭരണം ഭാരതത്തില്‍ വരുന്നതിനുമുമ്പും ഇവിടത്തെ ഭരണകൂടങ്ങള്‍ മറ്റു രാജ്യങ്ങളുമായി എഴുത്തുകുത്തുകള്‍ നടത്തിവന്നു. ആധുനിക തിരുവിതാംകൂര്‍ സ്ഥാപകനായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ 1730 നോടടുത്ത് തെക്കന്‍ തിരുവിതാംകൂറില്‍ ലത്തീന്‍ ക്രിസ്ത്യാനികള്‍ നടത്തിവന്ന ദേശവിരുദ്ധ പ്രവര്‍ത്തനത്തെപ്പറ്റി മാര്‍പ്പാപ്പയുമായി കത്തിടപാടുകള്‍ നടത്തിയത് മലയാളത്തിലും ലത്തീന്‍ ഭാഷയിലുമായിരുന്നു. (ഷവലിയര്‍ എല്‍.എം.പെയിലിയുടെ ജൂബിലി സ്മാരക ഗ്രന്ഥത്തില്‍ കത്തുകളുടെ ഇംഗ്ലീഷ് പരിഭാഷ കാണാം. ആ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വധശിക്ഷ നല്കപ്പെട്ട ദൈവസഹായം പിള്ള എന്ന മാര്ഗവാസിയെ ഈയിടെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിട്ടുണ്ട്!)
പഴശ്ശിരാജാവും ഈസ്റ്റിന്ത്യാകമ്പനി അധികൃതരുമായി നടത്തിയ എഴുത്തുകുത്തുകളും മലയാളത്തിലായിരുന്നു. ഒരു കത്തിന്റെ രീതി നോക്കുക….ബഹുമാനപ്പെട്ട ഇങ്കിരിസ്സ് കുമ്പത്തിലെ വടക്കേ അധികാരി തലച്ചേരി തുക്കിടി കുസ്തപ്പര്‍ പീലി സായ്പുന കോട്ടയത്തെ കേരളവര്‍മ്മ രാജാ അവര്‍കള്‍ സെല്ലാം എന്ന് തുടങ്ങി. 972 ആമത തുലാമാസം 10 ന് 1796 അകടമ്പ്രമാസം 23 ന് എഴുതി വന്നത്. എന്ന് അവസാനിക്കുന്നു. കമ്പനിക്കാര് തന്നോടും നാട്ടുകാരോടും കാട്ടിയ അതിക്രമങ്ങള്‍ വിവരിച്ച് അതിന് സമാധാനം തേടുകയാണ് തമ്പുരാന്. കത്തില്‍ ഒട്ടും അവ്യക്തതയില്ല. ഇത്തരം അക്കാലത്തെ നൂറ് കണക്കിന് കത്തുകള്‍ ഡോ.ജോസഫ് സ്കറിയ കണ്ടെടുത്ത് ചങ്ങനാശ്ശേരി എസ്ബി കോളേജിന്റെ കേരള പഠന കേന്ദ്രം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇരുന്നൂറു കൊല്ലങ്ങള്‍ക്ക് മലയാള ഭാഷ എത്ര കണ്ട് ശക്തവും അര്‍ത്ഥ സംപ്രേഷണക്ഷമവും കൃത്യതയാര്ന്നതുമാണെന്ന് കത്തുകള്‍ തെളിയിക്കുന്നു. കൂടുതല്‍ ഉദ്ധരിക്കുന്നില്ല.
ബ്രിട്ടീഷുകാര്‍ ഭാരത ഭരണം പൂര്‍ണമായി ഏറ്റെടുത്തശേഷമാണ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായത്. എന്നാല്‍ തിരുവിതാംകൂര്‍ പോലുള്ള നാട്ടുരാജ്യങ്ങളില്‍ പ്രാദേശിക ഭാഷ തന്നെ ഭരണഭാഷയുമായി നിലനിന്നു. തിരുവിതാംകൂര്‍ ഗസറ്റ് മലയാളത്തിലായിരുന്നു. സര്‍ക്കാര്‍ വക മലയാളം പഞ്ചാംഗവും കലണ്ടറുമുണ്ടായിരുന്നു.
1936 ല്‍ സര് സിപിയെ ദിവാനായി നിയമിച്ച രാജകീയ മുദ്രയും തുല്യം ചാര്ത്തുമുള്ള കല്പ്പനയുടെ നീട്ട് മലയാളത്തില്‍ തന്നെയായിരുന്നു. ദിവാനെന്ന നിലയ്ക്ക് അദ്ദേഹം ഏറ്റെടുക്കേണ്ട ചുമതലകള്‍ എന്തെന്ന കൃത്യമായ വിവരണം നീട്ടിലുണ്ട്. ആണ്ടുമാസം തീയതി രേഖപ്പെടുത്തിയത് മലയാള അക്കത്തില്‍ തന്നെയായിരുന്നു. ചെറ്റുപേട്ട് പട്ടാഭിരാമന് രാമസ്വാമി ശര്‍മ്മ എന്നാണ് പേര് രേഖപ്പെടുത്തിയത്.
പഴയകാലത്ത് ഓരോ ആള്‍ക്കും അയാളുടെ പദവിക്കനുസരിച്ച സംബോധനയോടെ വേണ്ടിയിരുന്നു കത്തെഴുതാന്‍. മഹാരാജാ മാന്യരാജശ്രീ; എന്ന് ഉയര്‍ന്ന സ്ഥാനത്തുള്ളവരെയും പ്രഭുക്കന്മാരെയും സംബോധന ചെയ്യണം. മെത്രാപ്പോലീത്തയ്ക്ക് കത്തെഴുതുക നിതാന്ത വന്ദ്യ ദിവ്യ മഹാമഹിമശ്രീ (നി.വ.ദി.മ.ശ്രീ) എന്നുവേണം. മലങ്കരസഭയുടെ പരമാധികാരികളുടെ ഇടയലേഖനം തുടങ്ങുന്നതും അങ്ങനെയായിരുന്നു.
മഹാരാജാവിനാണെങ്കില് പൊന്നുതമ്പുരാന് തിരുവുള്ളത്തിലേറാന്,……, കൈക്കുറ്റപ്പാട് ചെയ്ത് തൃപ്പാദത്തില്‍ സമര്‍പ്പിക്കുന്നതാവണം. സി.വി.രാമന്‍പിള്ള ധര്‍മരാജാ എന്ന ആഖ്യായിക ശ്രീമൂലം തിരുനാളിന് കൈക്കുറ്റപ്പാട് ചെയ്ത് സമര്‍പ്പിക്കുകയായിരുന്നു. പാര്‍വത്യകാരെ (വില്ലേജ് ഓഫീസര്‍, അധികാരി) അങ്ങുന്ന് എന്നും താസീല്ദാരെയും മുകളിലുള്ളവരെയും യജമാനന് എന്ന് സംബോധന ചെയ്യണം. പോലീസാണെങ്കില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഏഡ്ഡങ്ങത്തേയും ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കു ഏമാനുമാണ്. കത്തെഴുതുന്നയാള്‍ ഇന്ന ഡിവിഷനില്‍ ഇന്ന താലൂക്കില്‍ ഇന്ന പകുതിയില്‍ ഇന്ന കരയില്‍ ഇന്ന വീട്ടില്‍ ഇന്നാരുടെ മകന് അഥവാ മരുമകന് (മക്കള്‍ വഴിയോ മരുമക്കള്‍ വഴിയോ എന്നു കാണിച്ചിരിക്കണം) ഇന്നാര് സമര്‍പ്പിക്കുന്ന അപേക്ഷ എന്നു വ്യക്തമാക്കിയിരിക്കണം. അപേക്ഷയുടെ തുടക്കം മുതല്‍ ഒടുക്കംവരെ ഒറ്റവാചകമായിരിക്കും. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഭരണഭാഷയില്‍ മാറ്റം ആവശ്യമാണ്. ഭാഷയല്ല മാറേണ്ടത്. അര്‍ത്ഥത്തിലെ കൃത്യതയും ആശയാവിഷ്ക്കരണ ക്ഷമതയും തികഞ്ഞതായിരിക്കണം ഔദ്യോഗികാവശ്യങ്ങള്‍ക്കായുള്ള എഴുത്തുകുത്തുകളിലെ ഭാഷ. ഇന്ന് അത് പരിഹാസ്യമായിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്.
>> പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: