തൃപ്പൂണിത്തുറ: കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന വിവിധ വിഭാഗങ്ങളിലുള്‍പ്പെട്ട 109 ജീവനക്കാരുടെ സ്ഥിരം നിയമനം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ജോലിചെയ്തുവരുന്ന 225 ഓളം ജീവനക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ കാലത്തുതന്നെ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം വര്‍ക്ക് സ്റ്റഡി നടത്തി പോസ്റ്റ് അംഗീകരിച്ച് 109 പേരുടെ ലിസ്റ്റ് തയ്യാറാക്കിയത്. ജീവനക്കാരുടെ സ്ഥിരം നിയമനം സംബന്ധിച്ച് കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ കാലത്തുതന്നെ ഹൈക്കോടതിയുടെ അനുമതിക്കായി ശ്രമം നടത്തിയിരുന്നു. ഇതുപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്ടര്‍ അസിസ്റ്റന്റ് തസ്തികയില്‍ സ്ഥിരനിയമനം നല്‍കുന്നതിന് ഹൈക്കോടതി അനുവാദം നല്കി.
എന്നാല്‍ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കാലാവധി കഴിയുന്ന ദിവസമാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചതെന്ന കാരണത്താല്‍ ജീവനക്കാരുടെ സ്ഥിരനിയമനം ഉടനെ നടന്നില്ല.
ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗസ്ഥഭരണമായതോടെ ദിവസവേതനക്കാരായ ജീവനക്കാരുടെ സ്ഥിരം നിയമനം നീണ്ടുപോകുകയും പിന്നീട് ക്ലാരിഫിക്കേഷന് ലഭിക്കാനെന്ന പേരില്‍ വീണ്ടും ഹൈക്കോടതിയിലെത്തുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി നിയമനത്തിന് വീണ്ടും അനുമതി നല്കുകയാണുണ്ടായത്. പക്ഷേ ദേവസ്വം ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നിയമനം വീണ്ടും വൈകുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു.
ദിവസവേതനക്കാരില്‍ 10-15 കൊല്ലങ്ങളായി വിവിധ തസ്തികകളില്‍ ജോലിചെയ്യുന്നവരുമുണ്ട്. 225 പേരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ളതാണ് 109 പേരുള്ള ലിസ്റ്റ്. 40 ന് മേല്‍ പ്രായമുള്ളവരാണ് ഇവരില്‍ ഏറെപ്പേരും. ദിവസക്കൂലിയാണ് ഇവര്‍ വാങ്ങുന്നത്. സ്ഥിരം നിയമനം ലഭിക്കുമ്പോള്‍ ശമ്പളം കുറയുമെങ്കിലും മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കുമെന്നതാണ് ജീവനക്കാര്‍ സ്ഥിരം നിയമനം ആവശ്യപ്പെടാന്‍ കാരണം.
കാലാവധി കഴിഞ്ഞ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭാരവാഹികളെ നിയമിക്കുന്നതിന്റെ നടപടികള്‍ വൈകുന്നതിനാല്‍ ജീവനക്കാരുടെ സ്ഥിരം നിയമന നടപടികളും അനിശ്ചിതമായി നീണ്ടുപോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: