ശബരിമല: നിരോധനമുണ്ടെങ്കിലും ശബരിമലയിലും പമ്പയിലും പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും സുലഭം. ഇവയുടെ വില്‍പ്പന പൊടിപൊടിക്കുമ്പോഴും എക്സൈസ് ഉദ്യോഗസ്ഥര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. മദ്യം, മയക്കുമരുന്ന് മുതലായവ സന്നിധാനം , പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കര്‍ശനമയി നിരോധിച്ചിട്ടുണ്ടെങ്കിലും ഇവയുടെ ഒഴുക്ക് തടയാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല. എക്സൈസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ശബരിമലയിലേക്ക് നിരോധിത ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് എന്നറിയുന്നു. കഞ്ചാവടക്കമുള്ള നിരോധിത വസ്തുക്കള്‍ വനത്തിനുള്ളിലാണ് സൂക്ഷിക്കുന്നത്. ഇവ കണ്ടെത്തുന്നതിന് വനത്തിനുള്ളില്‍ പരിശോധന നടത്താന്‍ വനംവകുപ്പോ എക്സൈസോ തയ്യാറാവുന്നില്ലെന്ന പരാതിയുണ്ട്. നിരോധിത ഉല്‍പ്പന്നങ്ങള്‍ ശബരിമലയില്‍ എത്തിക്കുന്നതിന് ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായവും ഉണ്ടെന്നാണ് വിവരം. ലോഡുകണക്കിന് പുകയില ഉല്‍പ്പന്നങ്ങളാണ് പമ്പയില്‍ ദിവസവും എത്തിച്ചേരുന്നത്. ഇവ വിറ്റഴിക്കുന്നതിന് നൂറുകണക്കിന് ഏജന്റുമാരും ഇവിടങ്ങളില്‍ തമ്പടിക്കുന്നുണ്ട്. പാണ്ടിത്താവളം, ഉരക്കുഴി, ശരംകുത്തി, മരക്കൂട്ടം, കൊപ്രാക്കളം, ഭസ്മക്കുളം, എന്നിവടങ്ങളിലാണ് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകമായിരിക്കുന്നത്.
നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ശബരിമല: ശബരിമല സന്നിധാനം എക്സൈസ് ഓഫീസര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.രാജേഷിന്റെ നേതൃത്തത്തില്‍ സന്നിധാന പരിസരം , മരക്കൂട്ടം,മാളികപ്പുറം ക്ഷേത്ര പരിസരം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 99 കെട്ട് ബീഡി, 11 പായ്ക്കറ്റ് സിഗരറ്റ്, 500 ഗ്രാം പുകയില എന്നീ നിരോധിത ഉല്‍പ്പന്നനങ്ങള്‍ പിടിച്ചെടുത്തു. ഭക്തജനങ്ങള്‍ നിരോധിത മദ്യ, പുകയില ഉല്‍പ്പന്നങ്ങള്‍ സന്നിധാനത്തേക്ക് കൊണ്ടുവരരുതെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: