ശബരിമല: ഉള്‍വനത്തില്‍ നിന്നും ഭക്തിയുടെ സോപാനമേറാന്‍ കോട്ടൂരില്‍ നിന്നും 41 പേര് ശബരിമലയിലെത്തി. തങ്ങള്‍ താമസിക്കുന്ന പരിസരത്ത് മാത്രം ഒതുങ്ങിക്കൂടി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അണുവിട മാറ്റം വരുത്താത്ത കാണി സമുദായംഗങ്ങള്‍ കാടിന്റെ ഫലസമൃദ്ധിയുമായാണ് അയ്യനെ തൊഴാനെത്തിയത്.
ഗുരുസ്വാമിയായ വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് ആറ് മാളികപ്പുറവും ഏഴ് കന്നി അയ്യപ്പന്മാരും ഉള്‍പ്പെടെ 41 അംഗ സംഘം മലചവിട്ടിയത്. കൊടും വനത്തില്‍ പ്രത്യേകം തയാറാക്കുന്ന ആല്‍ത്തറയില്‍ വച്ചിട്ടുള്ള അയ്യപ്പന്റെ ചിത്രത്തിനുമുന്നില്‍ വച്ച് കാണിസമുദായത്തിലെ പൂജാരിയാണ് അയ്യപ്പന്മാരുടെ കെട്ടുനിറച്ചത്. ചാറ്റുംപാട്ടും നടത്തി അയ്യപ്പന്‍പാട്ട് പാടി ഭജനയും പ്രസാദം പങ്കുവയ്ക്കലും നടത്തിയശേഷമാണ് ഇവര്‍ കാടിറങ്ങിയത്.
വര്‍ഷത്തിലൊരിക്കല്‍ സന്നിധാനത്ത് എത്താന്‍ മാത്രമാണ് ഇവരുടെ സമുദായത്തില്‍ നിന്നുള്ളവര്‍ കാടിറങ്ങുന്നത്. പുറംലോകവുമായി മറ്റ് ബന്ധങ്ങള്‍ക്ക് കൂടുതല്‍ തയാറാകാത്ത ഇവര്‍ ഒരു സെറ്റില്‍മെന്റില്‍നിന്ന് തന്നെയാണ് മലയ്ക്കിറങ്ങിയിരിക്കുന്നത്. സംഘത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ മൂട്ടുകാണി എന്ന നാരായണ കാണിയാണ്. അഞ്ചാം വയസ്സില്‍ തന്റെ പിതാവുമൊത്ത് സന്നിധാനത്ത് എത്തിയിട്ടുള്ള ഇദ്ദേഹത്തിന് ഇപ്പോള്‍ 65 ആണ് പ്രായം.
മുളംകുറ്റിയില്‍ നിറച്ച തേന്‍, കരിമ്പ്, കുന്തിരിക്കം മുതലായവയാണ് കാടിന്റെ നൈവേദ്യമായി ഇവര്‍ അയ്യപ്പസ്വാമിക്ക് സമര്‍പ്പിച്ചത്.
മലദൈവങ്ങള്‍ക്കൊപ്പം അയ്യപ്പനും തങ്ങളുടെയും കാടിന്റെയും രക്ഷകനാണെന്ന വിശ്വാസമാണ് തങ്ങളുടേതെന്ന് മൂട്ടുകാണി പറഞ്ഞു.
കാടിറങ്ങി സന്നിധാനത്തെത്തിയ കന്നി അയ്യപ്പന്മാര്ക്ക് മാളികപ്പുറങ്ങള്‍ക്കും മലചവിട്ടലും മറ്റും പുതിയ അനുഭവങ്ങള്‍ ആയിരുന്നു. മന്ത്രതന്ത്രാദികളില്‍ വിശ്വസിക്കുന്ന, അകക്കാടുകളില്‍ താമസിക്കുന്ന ആദിവാസി സമൂഹമായ കാണിസമുദായത്തിന്റെ അയ്യപ്പസംഘങ്ങള്‍ നാളെയുമായി സന്നിധാനത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: