മുംബൈ: അഴിമതി ആരോപണത്തെ തുടര്‍ന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദം രാജിവച്ച എന്‍സിപി നേതാവ് അജിത് പവാര്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ കെ. ശങ്കരനാരായണന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാനടക്കം ഭരണകക്ഷിയിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാജി വെച്ചതിനുശേഷം രണ്ടരമാസത്തിനുശേഷമാണ് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത്.
ജലസേചന മന്ത്രിയായിരിക്കെ ജലസേചന പദ്ധതിയില്‍ 20000 കോടിയുടെ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ സപ്തംബര്‍ 25നാണ് അജിത് പവാര്‍ രാജിവച്ചത്. ജലസേചന അഴിമതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ധവള പത്രത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെയാണ് അജിത് പവാറിന്റെ മന്ത്രിസഭയിലേക്കുള്ള മടക്കം. ബുധനാഴ്ച്ച രാത്രിയാണ് ഉപമുഖ്യമന്ത്രിയായി വീണ്ടും മന്ത്രിസഭയിലെത്തുന്ന വിവരം വെളിപ്പെടുത്തിയത്.
കേന്ദ്രമന്ത്രിയും എന്‍സിപിയുടെ സ്ഥാപകനേതാവുമായ ശരത് പവാറിന്റെ അനന്തിരവനായ അജിത് പവാറിന്റെ രാജിസംസ്ഥാനത്തെ കോണ്‍ഗ്രസ് – എന്‍സിപി സഖ്യ സര്‍ക്കാരിനു തന്നെ ഭീഷണിയുയര്‍ത്തിയിരുന്നു. അജിത് പവാറിനൊപ്പം എന്‍സിപി എംഎല്‍എമാരും രാജിഭീഷണിയുയര്ത്തിയിരുന്നു. തുടര്‍ന്ന് ശരത് പവാര്‍ ഇടപെട്ടാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: