കൊച്ചി: സാമൂഹികനീതി ഉറപ്പാക്കാന്‍ രാഷ്ട്രീയ സ്വാതന്ത്ര്യം ജനാധിപത്യ സ്വാതന്ത്ര്യമായി മാറേണ്ടത് അനിവാര്യമാണെന്ന് മുന്‍ സ്പീക്കര്‍ വി.എം. സുധീരന് പറഞ്ഞു. ടി.കെ.സി വടുതല ഫൗണ്ടേഷനും എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഡോ. അംബേദ്കര്‍ ദിനാചരണം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികനീതി ഉറപ്പാക്കാനായില്ലെങ്കില്‍ സമൂഹത്തില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സുധീരന് അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഡോ. ബി.ആര്. അംബേദ്കറോടുള്ള കടപ്പാട് വരും തലമുറകള്‍ക്ക് പോലും വിസ്മരിക്കാനാകില്ല. ജനാധിപത്യ താല്പര്യങ്ങളെ മറന്ന് ജാതിമതചിന്തകള്‍ക്കും സങ്കുചിത കക്ഷി പരിഗണനകള്‍ക്കും മുന്‍ഗണന നല്‍കുന്നത് നേടിയ സ്വാതന്ത്ര്യത്തിന്റെ നഷ്ടത്തിന് ഇടയാക്കുമെന്ന അംബേദ്കറുടെ മുന്നറിയിപ്പ് ഇന്ന് എക്കാലത്തേക്കാളും പ്രസക്തമാണ്.
പിന്നാക്ക, ദുര്‍ബല വിഭാഗങ്ങള്‍ സമൂഹത്തിന്റെ മുന്‍നിരയിലെത്തണമെങ്കില്‍ ഭരണഘടനാപരമായ പരിരക്ഷ തുടര്‍ന്നേ തീരൂ. അധികാരകേന്ദ്രങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ല. അവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് സുധീരന് ആവശ്യപ്പെട്ടു.
നിയമത്തിന് മുന്നില്‍ തുല്യതയെന്ന ആദര്‍ശം നിറവേറ്റപ്പെടാന്‍ നീതിപീഠം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഭരണഘടനയുടെ ഗുണവും ദോഷവും അത് എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍ണയിക്കപ്പെടുക. മുന്‍തലമുറ കൈമാറിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് നാം മുന്നോട്ടു പോകേണ്ടതെന്നും സുധീരന് പറഞ്ഞു.
ജസ്റ്റിസ് കെ. തങ്കപ്പന് അധ്യക്ഷത വഹിച്ചു. പിന്നാക്കവിഭാഗങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തത് ഭരണഘടന ശരിയായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടാത്തതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് പങ്കിടുന്ന അവസരത്തില്‍ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നില്ല എന്ന അവസ്ഥ ദുഃഖകരമാണെന്നും ജസ്റ്റിസ് തങ്കപ്പന് അഭിപ്രായപ്പെട്ടു.
ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ആര്‍എസ്പി (ബി) ജില്ലാ സെക്രട്ടറി റെജികുമാര്‍, കുരുവിള മാത്യൂസ്, കരുവേലി ബാബുക്കുട്ടന്, ഭാസി പായിപ്പാട്, വി.പി. അയ്യപ്പന് എന്നിവര്‍ പ്രസംഗിച്ചു. ആഗോളീകരണത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ കെ.വി. മദനന് സംസാരിച്ചു. വിവിധ മേഖലകളില്‍ മികച്ച സേവനം നല്കിയ പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: