പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മ്മാണവുമായി മുന്നോട്ട്പോകുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തരവാദപരവും ജനവഞ്ചനയുമാണെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പറഞ്ഞു. ആറന്മുള നെല്‍വയല്‍ നികത്തുന്നതിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ട ടൗണില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള വിമാനത്താവള നിര്‍മ്മാണം സ്വകാര്യ കമ്പനിയുടെ സംരംഭമാണ്. സര്‍ക്കാരിന്റെ പദ്ധതിയല്ല. നിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്ന് പറയേണ്ടത് കമ്പനിയാണ്. അല്ലാതെ മുഖ്യമന്ത്രിയല്ല. ഒരു വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയുടെ ഉച്ചഭാഷിണിയായി മുഖ്യമന്ത്രി തരം താഴരുതെന്ന് കുമ്മനം പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ട വികസന പദ്ധതികള്‍ അതേപടി തുടരണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുള്ളതിനാലാണ് വിമാനത്താവള പദ്ധതിയുമായി മുമ്പോട്ടു പോകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മുന്‍ സര്‍ക്കാരിന്റെ വികസന നയം ജനവിരുദ്ധമാണെന്നും പദ്ധതികളെല്ലാം റദ്ദ് ചെയ്യുമെന്നുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ്കാലത്ത് യുഡിഎഫ് നേതാക്കള്‍ ജനങ്ങളോട് പറഞ്ഞത്. വിമാനത്താവളം അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു ആദ്യം ആറന്മുള എം.എല്‍.എയ്്ക്കുണ്ടായിരുന്നത്. പ്രകൃതിയും പൈതൃകവും നശിപ്പിച്ചാണെങ്കിലും വിമാനത്താവളം നിര്‍മ്മിക്കാന്‍ വേണ്ടി ഇപ്പോള്‍ വാക്കുമാറ്റി പറയുന്നത് എന്തിനാണെന്ന് ജനങ്ങള്‍ക്കറിയാം. വ്യവസായ ഭീമന്മാരുടെ സ്വാധീനത്തിന് വഴങ്ങിയും വ്യാജ രേഖകളിലൂടെ വന്‍ തട്ടിപ്പു നടത്തുന്നവര്‍ക്കും ഒത്താശ ചെയ്തും വിമാനത്താവള കമ്പനിക്ക് നെല്‍ വയലും നീര്‍ത്തടവും പുഴയും തീറെഴുതി കൊടുക്കുവാനുള്ള മുഖ്യമന്ത്രിയുടെ ഏതു നീക്കത്തേയും ജനങ്ങള്‍ ശക്തിയായി എതിര്‍ക്കും.
ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ ഭൂമാഫിയകള്‍ കോടികളുടെ കുംഭകോണം നടത്തിയിട്ടുണ്ട്. കോടികളുടെ അഴിമതിക്കഥകള്‍ പുറത്തു വരാനിരിക്കുന്നതേയൊള്ളൂ. വ്യാജരേഖകള്‍ ചമച്ചും നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചും ഭൂമി സ്വന്തമാക്കിയവര്‍ക്ക് മുഖ്യമന്ത്രി സംരക്ഷണം നല്‍കരുത്. ഒരുനുള്ളു മണ്ണുപോലും നെല്‍വയലില്‍ ഇടരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞത് ഒരുമാസം മുമ്പാണ്. എല്ലാ നെല്‍വയലും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് കൂടെക്കുടെ ആണയിട്ടു പറയുന്ന മുഖ്യമന്ത്രി ആറന്മുള നെല്‍വയല്‍ മാത്രം നികത്താന്‍ കൂട്ടുനില്ക്കുന്നതില് ദുരുദ്ദേശവും ദുരൂഹതയുമുണ്ട്.
240 ഏക്കര്‍ നെല്‍വയല്‍ നിയമവിരുദ്ധമായി സ്വന്തമാക്കിയ വിമാനത്താവള കമ്പനിക്കെതിരേ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമ്പോള്‍ മുഖ്യമന്ത്രി വിമാനത്താവള കമ്പനിയുടെ സംരക്ഷകനായി രംഗത്തുവരുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കൂച്ചുവിലങ്ങിടാനാണ്. സര്‍ക്കാര്‍ വിമാനത്താവള കമ്പനിയില്‍ ഷര് എടുക്കുന്നതിനെപ്പറ്റി തീരുമാനം എടുത്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഭാഷ്യം പച്ചക്കള്ളമാണ്. നിയമലംഘനം നടത്തിയ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്താനുള്ള ആര്‍ജ്ജവം ഉമ്മന്‍ചാണ്ടി കാണിക്കണം. പകരം സര്‍വ്വ അംഗീകാരവും അനുമതിയും നല്കി വിമാനത്താവള കമ്പനിയെ പ്രോത്സാഹിപ്പിക്കുന്നത് നാടിന് അപമാനകരമാണ്. വിജിലന്‍സ് കോടതിയും ജില്ലാ കോടതിയും ഹൈക്കോടതിയും ലാന്റ് റവന്യൂ കമ്മീഷണറും പ്രഥമദൃഷ്ട്യാ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയ ഒരു പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നില്ക്കുന്നവരുടെ ഭാഗം പിടിച്ചതും അവര്‍ക്കുവേണ്ടി മുഖ്യമന്ത്രി ശക്തമായി വാദിക്കുന്നതും രണഘടനാ ലംഘനവും ജനദ്രോഹപരവുമാണെന്ന് കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി.
അഡ്വ.പി.കെ.രാമചന്ദ്രന് അദ്ധ്യക്ഷതവഹിച്ചു. ആര്.പ്രദീപ് , സി.എ.ശ്രീകുമാര്‍, വി.എസ്.ഹരീഷ് ചന്ദ്രന്, പി.ആര്.ഷാജി, കെ.ഹരിദാസ്, കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: