ചാനലിലെ നിയന്ത്രണരേഖ. ചര്‍ച്ചാ വിഷയം നടിയുടെ പ്രസവം ചിത്രീകരിച്ചത്. പങ്കെടുക്കുന്നവര്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍, ശോഭാ സുരേന്ദ്രന്, സംവിധായകന് ബി.ഉണ്ണികൃഷ്ണന്, ജേര്‍ണലിസ്റ്റ് ഗീതാ ബക്ഷി.. സെബാസ്റ്റ്യന്‍ പോളിന് ധാര്‍മിക രോഷവും ശോഭക്ക് പ്രതിഷേധവുമുണ്ട്. എന്നാല്‍ ഉണ്ണികൃഷ്ണന്റേയും ഗീതാ ബക്ഷിയുടേയും അവതാരകയുടേയും ലാഘവയുക്തികള് അവരെ തോല്‍പ്പിക്കുന്നു. എന്ത് തോന്ന്യാസത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കൂട്ടുപിടിക്കാമല്ലൊ. നടീനടന്മാര് സംവിധായകന്റെ ഉപകരണങ്ങള്‍ മാത്രമാണെന്ന് ഉണ്ണികൃഷ്ണന്. (കവിയൂരിലും കിളിരൂരിലേയും രക്തവും മാംസവും വികാര വിചാരങ്ങളുമുള്ള മനുഷ്യക്കുട്ടികളെ ലതാനായരും ഉപകരണമായിട്ടാണ് കണ്ടത്.) കോയമ്പത്തൂരിലെ ഷൂട്ടിംഗ് കഴിഞ്ഞ് വാളയാര്‍ വഴി കേരളത്തിലേക്ക് വരുന്നതുപോലുള്ള ഒരു സാങ്കേതിക പരിപാടി മാത്രമാണ് ഗര്‍ഭപാത്രവാസം കഴിഞ്ഞ് ഒരു ശിശു ഭൂമിയിലേക്ക് വരുന്നതെന്ന തരത്തില്‍ “മനുഷ്യപ്പിറവി”യോടുള്ള ലാഘവ സമീപനത്തെപ്പറ്റി എന്തു പറയാനാണ്! കോയമ്പത്തൂരും വാളയാറും കേരളവുമൊക്കെ ക്യാമറയിലാക്കാമെങ്കില് ഗര്‍ഭസ്ഥ ശിശുവിന്റെ ബഹിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ എന്താണ് അധാര്‍മികത? ചോരക്കുഞ്ഞും പൊക്കിള്‍ക്കൊടിയും പ്ലാസന്റയുമൊക്കെ സിനിമയിലെ ദൃശസൗന്ദര്യ സൃഷ്ടിക്കുള്ള ഉപകരണങ്ങള്‍! ഒരവസരത്തില്‍ ഗീതാബക്ഷി ശോഭാസുരേന്ദ്രനെ തിരുത്തുന്നതിങ്ങിനെയാണ്. പേറ്റുമുറിയില്‍ പുരുഷ ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യം പാടില്ലെന്ന് ഏതെങ്കിലും സ്ത്രീ ആവശ്യപ്പെടാറുണ്ടോ? അതുപോലെയല്ലേയുള്ളൂ പുരുഷ ഷൂട്ടിങ്ങ് യൂണിറ്റിന്റെ സാന്നിധ്യം? നോക്കുക-ഭാരതസ്ത്രീയുടെ ഭാവശുദ്ധി! (ഒരു ഡോക്ടര്‍ സ്ത്രീയുടെ മാറില്‍ സ്പര്‍ശിക്കുന്നത് പരിശോധന. ഒരു യാത്രക്കാരനതു ചെയ്താല്‍ പീഡനം, പോലീസ് കേസ്-ലോകത്തിനാണ് വട്ട് അല്ലേ?) തീര്‍ന്നില്ല അശ്ലീലമുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക പ്രയോഗിച്ചുകൊള്ളുമെത്രെ! സിനിമ എടുത്തിട്ടും എഡിറ്റോറിയലെഴുതിയിട്ടും ‘ഇത് ഭാരതീയ സംസ്ക്കാരത്തിന് യോജിച്ചതാണോ’ എന്നന്വേഷിച്ചു നടക്കാന്‍ സമയമില്ല എന്നൊരു പരിഹാസവും കൂടിയുണ്ട്.
ഉണ്ണികൃഷ്ണനും ഗീതാബക്ഷിക്കും. ബ്ലസി സ്വന്തം സഹോദരിയുടെ പ്രസവം ഷൂട്ടു ചെയ്യുമോ, സിനിമാക്കാരന് തയ്യാറായാല്‍ തന്നെ സഹോദരി അതിന് സമ്മതിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അവര്‍ പരിഹസിച്ച ഭാരതീയ സംസ്ക്കാരം എന്നു തിരിച്ചറിയാനുള്ള മൂല്യബോധമെങ്കിലും വേണ്ടതായിരുന്നു.
കളിമണ്ണിന് വേണ്ടി പ്രസവം ചിത്രീകരിച്ചത് വിവാദമായിരിക്കുകയാണല്ലോ. കുടത്തില്‍നിന്നു ഭൂതത്തെയെന്നവണ്ണം വാര്‍ത്ത തുറന്നുവിട്ടിട്ട് പ്രതികരണം കാത്തിരിക്കുകയാണ് സംവിധായകന്. ഹരി എസ്.കര്‍ത്താ എഴുതിയപോലെ കമ്പോളസംസ്ക്കാരത്തിന്റെ വികൃതമുഖമാണ് ഇവിടെ അനാവൃതമാകുന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള ഒരു പുതിയ “അപസംസ്ക്കാരം” വളര്‍ന്നുവരികയാണ്. ദൃശ്യമാധ്യമങ്ങള്‍ റേറ്റിംഗ് വര്‍ധിപ്പിച്ചു പണം പിടുങ്ങാന്‍ ഇതിനെ വളര്‍ത്തി ചൂഷണം ചെയ്യുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയിലൂടെയോ ഭരണഘടനയുടെ ചാട്ടവാറിലൂടെയോ അല്ല, അലിഖിതമായ ചില ബോധങ്ങളിലൂടെയും നിയന്ത്രങ്ങളിലൂടെയുമാണ് മാനവസംസ്ക്കാരം നിലനില്‍ക്കുന്നത്. കലാകാരന്റെ ഉള്ളിലെ സെന്‍സര്‍ ബോര്‍ഡ് കത്രിക പ്രയോഗിക്കാന്‍ തയ്യാറാകാതെ വരുമ്പോഴാണ് പുറമേ നിന്ന് അത് അടിച്ചേല്‍പ്പിക്കേണ്ടി വരുന്നത്. എന്തൊക്കെ യുക്തികള്‍ നിരത്തിയാലും അങ്ങനെ സംഭവിക്കുന്നത്.
സാംസ്ക്കാരിക അധഃപതനത്തിന്റെ ലക്ഷണമാണ്. ആ സിനിമ പിറക്കാത്തതുകൊണ്ടുമാത്രം പ്രചരിച്ച അഥവാ പ്രചരിപ്പിക്കപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള പ്രതിവാദങ്ങള്‍ അസ്ഥാനത്താകുന്നില്ല. പിറക്കാത്ത കുഞ്ഞിനെക്കുറിച്ച് തര്‍ക്കിക്കുകയല്ല, പിറക്കുന്ന കുഞ്ഞ് എങ്ങനെ ആയിരിക്കരുത് എന്നു നിഷ്കര്ഷിക്കാനുളള അര്‍ഹത സമൂഹത്തിനുണ്ട്. പരിധി കല്‍പ്പിക്കുന്നില്ലെങ്കില്‍ ബ്ലൂഫിലിമിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം നല്‍കേണ്ടിവരും. ഇന്ന് ക്യാമറയുമായി പേറ്റുമുറിയിലേക്ക് കടന്ന കമ്പോളം നാളെ ആദ്യരാത്രിയിലേക്കും കടന്നു കയറും. ഭൗമ മണ്ഡലത്തിലെ ഓസോണ്‍ പാളികളെപ്പോലെ, മനോമണ്ഡലത്തില്‍ സംസ്ക്കാരത്തില്‍ കുളിര്‍മ നിലനിര്‍ത്തുന്ന അലിഖിത ബോധങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്തുന്ന ഇത്തരം മാനസിക മലിനീകരണം ക്രമേണ സമൂഹത്തെ മൃഗത്വത്തിലേക്ക് നയിക്കുമെന്നുറപ്പ്. കിട്ടിയ പൂമാലകളൊക്കെ കുരങ്ങനെപ്പോലെ ആഘോഷിച്ച ചരിത്രവും സമൂഹത്തിനുണ്ട്. പലവിധ സ്വാതന്ത്ര്യങ്ങളുടെ പേരില്‍ പലരും പല അതിര്‍ത്തി വരകളും മായ്ക്കാന്‍ തുടങ്ങിയതാണ് ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന പല തിന്മകള്ക്കും കാരണം. അതുകൊണ്ടാണ് ബ്ലസി “കുടം തുറക്കു”ന്നതിനെക്കുറിച്ച് പലരും ആശങ്കപ്പെടുന്നത്. ഇവിടെ ഒരധ്യാപകന്റെ കൈ വെട്ടി, അയര്‍ലന്റില്‍ ഗര്‍ഭഛിദ്രത്തിനെതിരേയുള്ള മതവാശി മൂലം ഒരമ്മ കൊല്ലപ്പെട്ടു, ഇനിയുമുണ്ട് ആയിരം ഉദാഹരണങ്ങള്‍. ബി.ഉണ്ണികൃഷ്ണനും ഗീതാബക്ഷിയുമൊക്കെ പരിഹസിച്ച ഭാരതീയ സംസ്ക്കാരത്തേക്കാള്‍ എത്രയോ ക്രൂരമാണ് അവര്‍ മൗനംകൊണ്ട് അംഗീകരിച്ച മറ്റു പല “സംസ്ക്കാരങ്ങളും” എന്നു നമ്മളെങ്കിലും തിരിച്ചറിയുക. ശ്വേതാമേനോന് റോള്‍മോഡലായ ഒരു സമൂഹത്തില്‍, പണ്ട് ശ്രീമതി ലീലാ മേനോന് ചോദിച്ചതുപോലെ “നമ്മുടെ പെണ്കുട്ടികള്ക്കെന്തുപറ്റി” എന്നു ചോദിക്കുന്നതേ നിര്‍ത്ഥകം.
>> വാസുദേവന്‍ പോറ്റി, വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: