ചില്ലറ വില്പനമേഖലയില് വിദേശനിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച് ജനവികാരം ചര്‍ച്ചയിലൂടെ പാര്‍ലമെന്റില്‍ പ്രതിഫലിച്ചിരിക്കുന്നു. ലോക്സഭയിലെ വോട്ടുനിലയിലും ബഹുഭൂരിപക്ഷം സര്ക്കാരിനോടൊപ്പമല്ല. 544 അംഗ സഭയില്‍ 253 അംഗങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ചത്.
എതിര്‍ക്കുന്നവരുടെ അനൈക്യംകൊണ്ടുമാത്രം സര്‍ക്കാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും ചില കക്ഷികളും നേതാക്കളും ചില്ലറ വില്പന മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് വിചിത്രമായ നിലപാടാണ് സ്വീകരിച്ചത്. അതാകട്ടെ തികച്ചും നാണംകെട്ടതും. കേരളത്തിലെ യുഡിഎഫ് വിദേശനിക്ഷേപത്തെ ശക്തമായി എതിര്‍ക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ യുഡിഎഫ് പാര്‍ലമെന്റ് അംഗങ്ങള്‍ വിദേശനിക്ഷേപം അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലമായി വോട്ടുചെയ്യുകയുമാണ് ചെയ്തത്. വിദേശനിക്ഷേപം സംബന്ധിച്ച് വ്യക്തമായ നയമോ പരിപാടിയോ കോണ്‍ഗ്രസ് സര്‍ക്കാരിനില്ലെന്ന് വ്യക്തമാണ്. ആരുടെയൊക്കെയോ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന യന്ത്രമനുഷ്യനെ പോലെയാണ് കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് എംപിമാരുമെല്ലാം പെരുമാറിയത്. പ്രതിപക്ഷം ഉയര്‍ത്തിയ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്കാന് പോലും കഴിയാതെ മന്ത്രിമാര്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. വാണിജ്യമന്ത്രി ആനന്ദ്ശര്മ്മയ്ക്കും പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥിനും പലപ്പോഴും മറുപടി നല്‍കാനായില്ല. വിദേശ നിക്ഷേപത്തിന് അനുകൂലമായി പുറത്ത് പറഞ്ഞ കാര്യങ്ങളൊന്നും സഭയില്‍ സ്ഥാപിക്കാനാകാതെ കോണ്‍ഗ്രസ് കുഴയുന്നത് ചര്‍ച്ചയില്‍ കണ്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ കള്ളക്കളി തുറന്നു കാട്ടാന്‍ പ്രതിപക്ഷത്തിന് സാധിച്ചു. കര്‍ഷകര്‍ക്ക് കൂടുതല്‍ ജോലിയും മികച്ച വിലയും കിട്ടുമെന്നതായിരുന്നു സര്‍ക്കാരിന്റെ വാദം.
കൂടുതല്‍ ജോലി നല്കണമെങ്കില് ഇന്ത്യയില്‍ തന്നെയുള്ള കുത്തക കമ്പനികള്‍ പോരെ. വാള്‍മാര്‍ട്ട് വേണമെന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമില്ല. സര്‍ക്കാരുകളുടെ തൊഴില്‍ നയത്തിന് അനുസരിച്ചാണ് തൊഴില്‍ അവസരങ്ങള്‍ കൂടുകയും കുറയുകയും ചെയ്യുന്നത്. അല്ലാതെ വിദേശ നിക്ഷേപം മൂലമല്ലെന്ന യാഥാര്‍ത്ഥ്യത്തിനു മുന്നിലും സര്‍ക്കാരിന് മറുപടിയില്ലായിരുന്നു. കര്‍ഷകരില്‍ നിന്നും ആവശ്യക്കാരിലേക്കുള്ള വിതരണ ശൃംഖല വാള്‍മാര്‍ട്ട് വന്നാല്‍ മികച്ചതാകും എന്നതായിരുന്നു രണ്ടാമത്തെ വാദം. ഭക്ഷ്യ സംസ്കരണ മേഖലയിലും മറ്റും ഇപ്പോള്‍ 100 ശതമാനം വിദേശ നിക്ഷേപമുണ്ട്. അതിനാല്‍ ഇതിന്റെ വിതരണ ശൃംഖല വീട്ടുപടിക്കലെത്തി എന്നു പറയാന്‍ ആര്‍ക്കും കഴിയില്ല. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ തന്നെ നടപ്പാക്കുന്ന പദ്ധതികളൊന്നും ഫലപ്രദമായില്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് വാള്‍മാര്‍ട്ടിനെ പിന്തുണയ്ക്കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്തത്. മികച്ച മാര്ക്കറ്റുകളുണ്ടെങ്കില് കര്ഷകന് നല്ല വില കിട്ടും. അധിക ഉല്പാദനമുണ്ടാകുമ്പോള് മാത്രമാണ് ഇപ്പോള്‍ പച്ചക്കറിയും അരിയും മറ്റും കയറ്റി അയക്കുന്നത്. ഇതു സംബന്ധിച്ച നയം മാറ്റിയാല്‍ തന്നെ കര്ഷകന് നല്ല വില കിട്ടും. അതിന് വാള്‍മാര്‍ട്ട് വന്ന് അരി വാങ്ങി കയറ്റി അയക്കണമെന്നില്ല. കര്ഷകന് ആഭ്യന്തര മാര്‍ക്കറ്റില്‍ തന്നെ നല്ല വില ലഭ്യമാകുമെന്നതാണ് യാഥാര്‍ത്ഥ്യം. സ്വതന്ത്ര വിപണിയുണ്ടാകണമെന്നു മാത്രം. നിര്‍ഭാഗ്യവശാല്‍ അതില്ല. ഇടനിലക്കാരാണ് വിപണി നിയന്ത്രിക്കുന്നത്. മറ്റൊരു ഇടനിലക്കാരനായി വാള്‍മാര്‍ട്ട് വന്നതുകൊണ്ട് ആഭ്യന്തര വിപണിയില്‍ എന്തുമാറ്റമുണ്ടാകാനാണെന്നതും സംശയാസ്പദമാണ്. എഫ്ഡിഐ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പൂര്‍ണ്ണ ചിത്രം പ്രതിപക്ഷം സഭയില്‍ അവതരിപ്പിക്കുക തന്നെ ചെയ്തു. പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിന്റെ പ്രസംഗം വിഷയത്തിന്റെ കാതല്‍ ഉള്‍കൊണ്ട് ആറ്റിക്കുറുക്കിയതായിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയ സുഷമയുടെ വാക്കുകള്‍ക്കൊന്നും മറുപടി പറയാന്‍ സര്‍ക്കാരിന് വേണ്ടി പ്രസംഗിച്ച കപില്‍ സിബലിനോ പ്രഫുല്‍ പട്ടേലിനോ കഴിഞ്ഞില്ല. പ്രതിപക്ഷ കക്ഷികള്‍ എല്ലാം സര്‍ക്കാരിന്റെ ഭാഗമായ ഡിഎംകെയും അടുത്തകാലം വരെ ഭാഗമായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും പുറത്തുനിന്നു പിന്തുണയ്ക്കുന്ന മായാവതിയും മുലായവും എഫ്ഡിഐ ഭീഷണി വരച്ചു കാട്ടി. ഗൗരവമുള്ള ചര്‍ച്ചയായിട്ടും കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയോ മകന് രാഹുല്‍ ഗാന്ധിയോ വായ് തുറക്കാതിരുന്നതും ശ്രദ്ധേയമായി. ലോകസഭയിലെ അവസ്ഥതന്നെയാണ് ഇന്ന് രാജ്യസഭയിലും സംഭവിക്കാന്‍പോകുന്നത്. ലോകസഭയില്‍ വാക്കൗട്ട് നടത്തി സര്‍ക്കാരിനെ സഹായിച്ച സമാജ്വാദി പാര്‍ട്ടി ആ നിലപാട് രാജ്യസഭയിലും തുടരും. എന്നാല്‍ ബിഎസ്പി വോട്ടെടുപ്പില്‍ സര്‍ക്കാരിനെ അനുകൂലിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. 244 അംഗങ്ങളുള്ള രാജ്യസഭയില്‍ 123 അംഗങ്ങളുടെ പിന്‍ബലമുണ്ടെങ്കിലേ ഭൂരിപക്ഷം ലഭിക്കൂ. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 10 അംഗങ്ങളടക്കം 96 പേരുടെ പിന്തുണമാത്രമാണ് സര്‍ക്കാരിനുള്ളത്.പ്രേരണചെലുത്തിയും പ്രീണിപ്പിച്ചും നേടാന്‍കഴിയുന്ന അംഗങ്ങളുടെ എണ്ണം പിന്നെയും പത്തുമാത്രമാണ്. ബിഎസ്പി പിന്തുണച്ചാലും 121 അംഗങ്ങളുടെ പിന്‍ബലം മാത്രമേ സര്‍ക്കാരിന് ലഭിക്കൂ. ലോകസഭയിലെപ്പോലെ രാജ്യസഭയിലും ന്യൂനപക്ഷമാണ് സര്‍ക്കാരെന്ന് ഇതോടെ തെളിയിക്കപ്പെടുകയാണ്. അത് ഒഴിവാക്കാനായിരുന്നു വോട്ടെടുപ്പോടെ ചര്‍ച്ച വേണ്ടെന്ന സര്‍ക്കാര്‍ നിലപാട്. അതെല്ലാം പാളി. സാങ്കേതികമായി അധികാരത്തില്‍ നില്ക്കാന് യുപിഎ സര്‍ക്കാരിന് കഴിയും. എന്നാല്‍ ധാര്‍മ്മികമായി ഒരുനിമിഷം പോലും യുപിഎയ്ക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ല. ചിലരുടെ നാണംകെട്ട നിലപാടിലൂടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത് നാണക്കേട് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: