മട്ടന്നൂര്‍: അടുത്ത മാര്‍ച്ച് 31 നകം കണ്ണൂര്‍ വിമാനത്താവള റണ്‍വേ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും 2015 ഡിസംബര്‍ 31 നകം മൂര്‍ഖന്‍ പറമ്പില്‍ നിന്ന് വിമാനം ഉയരാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്ക് പരിഹരിച്ചത് കേവലം ഒരു വര്‍ഷം മുമ്പ് മാത്രമാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജില്ലാ കേന്ദ്രത്തില്‍ നിന്ന് മൂന്ന് റോഡുകളുടെ സര്‍വേ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം ഘട്ടത്തിലെ 738 ഏക്കര്‍ സ്ഥലവും റോഡിനാവശ്യമായ സ്ഥലവും മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. വിമാനത്താവളം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മട്ടന്നൂരില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ(കിയാല്‍) ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ്, കൃഷിമന്ത്രി കെ.പി.മോഹനന് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
കിയാല്‍ ഓഫീസിന്റെ താക്കോല്‍ കൈമാറ്റം മന്ത്രി കെ.സി.ജോസഫ് കിയാല്‍ മാനേജിങ്ങ് ഡയരക്ടര്‍ വി.തുളസീദാസിന് നല്കി നിര്‍വഹിച്ചു. വിമാനത്താവളം രൂപകല്‍പ്പന ചെയ്ത കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളായ തോമസ് ജോസഫ്, പി.സജിത്ത് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്കി. ചടങ്ങില്‍ ഇ.പി.ജയരാജന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കിയാല്‍ മാനേജിങ്ങ് ഡയരക്ടര്‍ വി.തുളസീദാസ് സ്വാഗതവും ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: