ന്യൂബറ്റാന്‍: ദക്ഷിണ ഫിലിപ്പീന്‍സില്‍ കനത്തനാശം വിതച്ച ബോഫാ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. നൂറുകണക്കിന് ആളുകളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച മിന്‍ഡനാവോ ദ്വീപിലാണ് ബോഫാ ആഞ്ഞടിച്ചത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശുന്നത്. ഇതെത്തുടര്‍ന്ന് കനത്തമഴയും പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. 475 പേരുടെ മരണം സ്ഥിരീകരിച്ചതായും നിരവധി പേരെ കാണാതായതായും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
വെള്ളപ്പാച്ചിലില്‍ റോഡ് ഗതാഗതം പൂര്‍ണമായി തകര്‍ന്നു. മിന്‍ഡനാവോയിലെ കമ്പോസ്റ്റെല്ലാ താഴ്വരയില് മാത്രം 184 മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു സൈനിക ക്യാമ്പിലും രണ്ട് അഭയാര്‍ഥിക്യാമ്പുകളിലും വെള്ളപ്പൊക്കം കയറിയതിനെത്തുടര്‍ന്ന് നിരവധി പേര് മുങ്ങിമരിച്ചു. 319 പേരെ കാണാതായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി മാനുവല്‍ റോക്സാസ് പറഞ്ഞു. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ദുരിതബാധിത മേഖലകളില്‍ പല സ്ഥലങ്ങളിലും സൈനികര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും എത്താനായിട്ടില്ല. എട്ടു പ്രവിശ്യകളിലാണ് ദുരിതം നേരിടുന്നത്. വാര്‍ത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ട ദുരിതമേഖലകളില്‍ നിരവധി റോഡുകളും പാലങ്ങളും തകര്‍ന്ന നിലയിലാണ്. വ്യോമഗതാഗതാവും തടസപ്പെട്ടിരിക്കുകയാണ്. 150ഓളം വിമാനസര്‍വ്വീസുകളെയാണ് കാലാവസ്ഥ ബാധിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തോളം പേര് ഭവനരഹിതരായെന്നാണ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും ദുരിതം ഇരട്ടിയാക്കിയതായി പ്രദേശവാസികള്‍ പറഞ്ഞു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍ തകര്‍ന്നു. 87000 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
വര്‍ഷത്തില്‍ ശരാശരി 20 ചുഴലിക്കാറ്റ് വീശുന്ന ഫിലിപ്പീന്‍സില്‍ ഈ വര്‍ഷം ഏറ്റവും നാശം വിതച്ചത് ബോഫയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വീശിയ വാഷി ചുഴലിക്കാറ്റില്‍ 1200 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: