ഇസ്ലാമാബാദ്: പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലികിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയേക്കും. ഡിസംബര്‍ 11 മുതല്‍ 13 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഇത് 14 മുതല്‍ 16വരെ ആക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിന്റെ പുതുക്കിയ തീയതി പാക് അധികൃതര്‍ തന്നെയാണ് അറിയിച്ചത്. ഡിസംബര്‍ 12ന് മാലികിന്റെ പിറന്നാള്‍ താജ്മഹലില്‍ വെച്ച് ആഘോഷിക്കുവാനും നിശ്ചയിച്ചിരുന്നു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ആദ്യം നിശ്ചയിച്ചിരുന്ന തീയതിയില്‍ തുര്‍ക്കി സന്ദര്ശനമുള്ളതിനാലാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്നും പാക് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന മാലിക് സന്ദര്‍ശനം മാറ്റിവെച്ചിരുന്നു. ഇന്ത്യന്‍ അധികൃതരുടെ ആവശ്യപ്രകാരമാണ് സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയത്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം നീട്ടിയതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഇരു നേതാക്കളും നിഷേധിക്കുകയും ചെയ്തിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തിയതിനുശേഷം ഇത് രണ്ടാം വട്ടമാണ് മാലിക് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: