കൊച്ചി: സംസ്ഥാനത്ത് ഗതാഗതക്കുരുക്കേറിയ മേഖലകളില്‍ ഫ്ലൈ ഓവറുകള്‍ നിര്‍മിക്കുന്നതിന് പ്രത്യേക പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി നഗരത്തില്‍ ദേശീയപാത ബൈപ്പാസിലെ തിരക്കേറിയ നാല് ജംഗ്ഷനുകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ഫ്ലൈ ഓവറുകള്‍ നിര്‍മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദേശ രാജ്യങ്ങളും ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ നല്ല റോഡുകളുടെയും ഫ്ലൈ ഓവറുകളുടെയും കാര്യത്തില്‍ കേരളം ഏറെ പിന്നിലാണ്. സ്ഥലം ഏറ്റെടുക്കലും ടോള്‍ പിരിവുമാണ് ഈ രംഗത്തെ പ്രശ്നങ്ങള്‍. ഈ സാഹചര്യത്തില്‍ അമിതമായ ടോള്‍ ഈടാക്കാതെയും സ്ഥലമെടുപ്പിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയും വികസനം നടപ്പാക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഈ ലക്ഷ്യത്തോടെയാണ് പ്രത്യേക പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. എമെര്‍ജിംഗ് കേരളയുടെ തുടര്‍നടപടികള്‍ക്ക് ഈ സമ്മേളനം വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമരംഗങ്ങളില് സംസ്ഥാനം മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെ പിന്നിലാണ്. ഈ പിന്നോക്കാവസ്ഥ പരിഹരിച്ചാല്‍ മാത്രമേ സമഗ്ര വികസനം കൈവരിക്കാനാകൂ.
സംസ്ഥാനത്തെ റോഡ് വികസനത്തിനായി ബജറ്റിലുള്ളതിനേക്കാള്‍ 1200 കോടി രൂപ കൂടുതല്‍ കഴിഞ്ഞവര്‍ഷം അനുവദിച്ചു.
1204 കിലോമീറ്റര്‍ റോഡ് നിലവാരമുയര്‍ത്തുന്നതിനും പുനരധിവാസത്തിനുമായി വകുപ്പിന് കൈമാറിയതായും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ്, എം.എല്‍.എമാരായ ഹൈബി ഈഡന്, ഡൊമിനിക് പ്രസന്റേഷന്, എസ്. ശര്‍മ, കെ.എന്‍.എ. ഖാദര്‍, ലൂഡി ലൂയിസ്, പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: