എടപ്പാളിനടുത്തുള്ള കുമരനല്ലൂര്‍ ഹരിമംഗലം ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഭാഗവതോത്സവം നടക്കുന്നു. ഇന്ന് നാട്ടിലുടനീളം പാരായണങ്ങളും സത്രങ്ങളും യാഗങ്ങളും യജ്ഞങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍, ഈ ഭാഗവതോത്സവത്തിന് ചില പ്രത്യേകതകളുണ്ട്. മഹാകവി അക്കിത്തം തന്റെ കുട്ടിക്കാലത്ത് പൂജ നടത്തുകയും തന്റെ മനസ്സിലുദിച്ച കവിത, ക്ഷേത്രഭിത്തിയില്‍ കരിക്കട്ടകൊണ്ട് എഴുതിവയ്ക്കുകയും ചെയ്ത ക്ഷേത്രമാണിത്.
കേരളത്തിലും ഭാരതത്തിലും അറിയപ്പെട്ട ആ ഋഷി തുല്യനായ മഹാകവിയുടെ ആദ്യ കവിത പിറന്നുവീണ സ്ഥലമാണ് ഉത്സവസ്ഥലം. അദ്ദേഹം, സംസ്കൃതം മൂലത്തില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ശ്രീമദ് ഭാഗവതം പാരായണം ചെയ്ത് വ്യാഖ്യാനിച്ച് സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുന്നതാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത. ഈ മഹോത്സവത്തിനു കാരണമായത്. മഹാകവി അക്കിത്തം രക്ഷാധികാരിയായി തപസ്യ കലാസാഹിത്യ വേദിയുടെ ഒരു യൂണിറ്റ് അവിടെ അടുത്തകാലത്ത് രൂപംകൊണ്ടു എന്നതാണ്. അതിന്റെ അദ്ധ്യക്ഷന്‍ ചരിത്ര അദ്ധ്യാപകനായിരുന്ന പ്രൊഫ.വിജയകുമാറാണ്. ഭാഗവതം വായിച്ചു വ്യാഖ്യാനിക്കുന്നത് ആചാര്യന് വി.ബി.മാധവന് നമ്പൂതിരിയുമാണ്. ഉത്സവത്തിന്റെ പ്രാരംഭമായി, പ്രശസ്ത ചിത്രകാരന് നമ്പൂതിരിയും തത്തുല്യരായ ഒട്ടനവധി പേരും പങ്കെടുക്കുന്ന ശ്രീഭാഗവതത്തെ ആസ്പദമാക്കിയുള്ള ചിത്രരചനാ മത്സരവും നടക്കുന്നുണ്ട്. കേരളത്തിന്റെ ഗാനഗന്ധര്വന് ശ്രീ യേശുദാസാണ് ഉത്സവം ഉദ്ഘാടനം ചെയ്യുന്നത്. ഒട്ടനവധി പ്രഭാഷകരും ഭക്തജനങ്ങളും പങ്കെടുക്കുന്ന വ്യത്യസ്തമായ ഒരു ഉത്സവമാണ് ഏഴുദിവസം ഈ ചെറുഗ്രാമത്തില്‍ നടക്കാന്‍ പോകുന്നത്.
കേരളത്തിന്റെ ഭാഗ്യമായ വന്ദ്യവയോധികന് മഹാകവി അക്കിത്തമാണ് ഈ മഹോത്സവത്തിന്റെ കേന്ദ്രബിന്ദു. കവി രമേശന് നായരും ഈ ലേഖകനും ഈ ഉത്സവത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഈ പരിപാടിയെ ഒരു വലിയ കാലഘട്ടത്തിന്റെ പരിവര്‍ത്തന ദശയായി വിലയിരുത്താന്‍ എനിക്കാഗ്രഹമുണ്ട്. 1970 ല്‍ ‘നിള’യുടെ ഇതിഹാസമെന്ന ‘കേസരി’യുടെ ഒരു വാര്ഷികപ്പതിപ്പു തയ്യാറാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ആകാശവാണിയില്‍ ആദ്യമായി പോയി പരിചയപ്പെട്ട കവി അക്കിത്തത്തെയാണ് ഞാന്‍ ഓര്‍ക്കുന്നത്. 50 ലേറെ വര്‍ഷങ്ങളായി കാലചക്രത്തിന്റെ തിരിച്ചിലില്‍ കേരളത്തില്‍ സംഭവിച്ച മാറ്റം അഥവാ സാംസ്ക്കാരികമായ പരിവര്‍ത്തനം ഈ മഹോത്സവത്തില്‍ ദൃശ്യമാണ്.
കേരളത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസവും അനാചാരങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഒരു പറ്റം യുവാക്കള്‍ വിവിധ മണ്ഡലങ്ങളില്‍ കൂടി പ്രതിഷേധവും പ്രക്ഷോഭവുമായി മുന്നോട്ടുവന്ന അരനൂറ്റാണ്ടിനപ്പുറമുള്ള കാലഘട്ടം ഇവിടെ ചിന്താ വിഷയമാകുന്നു. ക്ഷേത്രങ്ങളും ബ്രാഹ്മണ്യവും ആചാരാനുഷ്ഠാനങ്ങളും എല്ലാവിധ അധഃപതനത്തിനും കാരണമാണെന്നും ധരിച്ചവരായിരുന്നു അവരില്‍ പലരും. രാമായണം അച്ചടിച്ച് തലയില്‍ വച്ചുകൊണ്ട് നടന്ന് പൊതുജനമധ്യത്തില്‍ വച്ചു ദഹിപ്പിച്ചവരും അഷ്ടഗ്രഹയോഗ സമയത്ത് ബിരിയാണി യജ്ഞം നടത്തിയവരും അന്നിവിടെയുണ്ടായിരുന്നു. സനാതന ധര്‍മത്തിനാധാരമായ ഹിന്ദുമതത്തില്പ്പെട്ടവ എല്ലാം തന്നെ അധഃപതനത്തിനാധാരമാണെന്നു ധരിച്ചുകൊണ്ട് യുക്തിവാദ പ്രസ്ഥാനങ്ങളും വൈദേശിക വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിരീശ്വരവാദ പ്രചരണവും നടത്തിവന്നതും ഓര്‍ക്കേണ്ടതുണ്ട്. യജ്ഞാദി കര്‍മങ്ങളുടെ അവകാശികള്പോലും അനാചാരത്തിന്റെ കുത്തകക്കാരാണെന്നു ധരിച്ചിരുന്നു. അവരുടെ ഇടയില്‍ പരിവര്‍ത്തനവാദികളായി ഉയര്‍ന്നുവന്ന ചെറുപ്പക്കാര്‍ പഴമയുടേതെല്ലാം തകര്ക്കേണ്ടതാണെന്ന് ധരിക്കുകയും ധരിപ്പിക്കുകയും ചെയ്തിരുന്നു. കര്‍ഷകനും രാഷ്ട്രീയക്കാരനും തൊഴിലാളിയും മാത്രമല്ല, കലാകാരനും സാഹിത്യകാരനും പഴയതിനെയെല്ലാം തള്ളിപ്പറയാനും തുടങ്ങിയിരുന്നു. അതിനുവേണ്ടിയും പുതിയ പ്രസ്ഥാനങ്ങള്‍ പലതും രൂപം കൊണ്ടിരുന്നു.
എന്നാല്‍ പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും ഇടയില്‍നിന്നുതന്നെ ഈ നാടിന്റെ ആര്‍ഷപാരമ്പര്യത്തിന്റെ അലകള്‍ വിവിധ രംഗങ്ങളില്‍ കൂടി ഉണര്‍ന്നെഴുന്നേല്‍ക്കാനും തുടങ്ങിയിരുന്നു. 64 അനാചാരങ്ങള്‍ക്ക് അംഗീകാരം കൊടുക്കാന്‍ ആധികാരിക ശ്ലോകങ്ങള്‍ രചിച്ച അതേ സമുദായത്തില്‍നിന്ന് തന്നെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്കുവന്ന പരിവര്‍ത്തനത്തിന്റെ സദ്ഫലം ഇവിടെ ദൃശ്യമാണ്. ഭഗവാന് നാരായണഗുരുവിനെ ഭഗവാന് കാറല്‍ മാര്‍ക്സായി കണ്ട് സാഹിത്യ സൃഷ്ടി നടത്തിയവര്‍ക്ക് തെറ്റുപറ്റിയെന്ന് പിന്നീട് മനസ്സിലായി. അമ്പതുകളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പുറത്തുവന്നപ്പോള്‍ ആര്‍ഷധര്‍മത്തിന്റെ സത്ത ലോകമംഗീകരിക്കണമെന്ന ആഹ്വാനമായിരുന്നു അതിലടങ്ങിയിരുന്നത്. അതില്ലെങ്കില്‍ വിനാശത്തിലേക്കായിരിക്കും ലോകത്തെ നയിക്കുന്നതെന്ന് പ്രവചിച്ച മഹാനായ കവിയുടെ സാന്നിദ്ധ്യമാണ് ഈ മഹോത്സവത്തിന്റെ പ്രത്യേകത.
കഴിഞ്ഞ അമ്പതുവര്‍ഷം കേരളത്തില്‍ നടന്നത് ഒരു പാലാഴിമഥനമാണ്. ആ ദേവാസുര സംഘര്‍ഷത്തില്‍നിന്ന് ഉയര്‍ന്നുവന്നത് ആര്‍ഷധര്‍മത്തിന്റെ അനശ്വര അമൃതകുംഭമാണ്. ആ പരിവര്‍ത്തനം വിലയിരുത്താന്‍ ചിന്താശീലര്‍ക്ക് അവസരമൊരുക്കുകയാണ് എന്റെ ലക്ഷ്യം. ഈ ഉത്സവത്തിന്റെ ലക്ഷ്യമതായിരിക്കണം. ലോകത്തെങ്ങുമില്ലാതിരുന്ന തീണ്ടലും തൊടീലും പോലുള്ള അനാചാരങ്ങള്‍ ഇവിടെ നിലനിന്നിരുന്നുവെന്നും അതില്‍നിന്നും മോചിതരായിട്ടാണ് ഒരു നവോത്ഥാനത്തിന്റെ പാതയില്‍ കൂടി മുന്നോട്ട് പോകുന്നത് എന്നും ഓര്‍ക്കേണ്ടതുണ്ട്. വിഗ്രഹാരാധനയെ അധിക്ഷേപിച്ചവര്‍, ബഹുവിധ ആരാധനാക്രമങ്ങളെ പരിഹസിച്ചവര്‍, പാരമ്പര്യധര്മ്മത്തെ അഭ്യസിക്കാതെ ഭോഷ്ക് എന്ന് പറഞ്ഞു നടന്നവര്‍, എല്ലാവിധ അധഃപതനത്തിനും കാരണം ഹിന്ദുധര്‍മമാണെന്ന് വിശ്വസിച്ചവര്‍ എല്ലാം ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മണ്ണിന്റെ മണമുള്ള പാരമ്പര്യത്തെ കുറിച്ച് പഠനം നടത്തുന്നു. രാഷ്ട്രീയക്കാര്‍ പരിപാടിയുടെ സ്വഭാവം മാറ്റി വഴിയോരങ്ങളില്‍ പൊങ്കാലയിട്ട് പായസ പ്രസാദം കഴിക്കുന്നു. വിവേകാനന്ദനെയും ശ്രീനാരായണനെയും ആദരിക്കുന്നു. ഈ പരിവര്‍ത്തനത്തിനുവേണ്ടിയുള്ള സംഘടിത പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ മുപ്പത്തിയാറു വര്‍ഷം മുമ്പ് തപസ്യ രൂപംകൊണ്ടത്. തപസ്യയുമായി ബന്ധപ്പെടാന്‍ മഹാകവി തയ്യാറായതും ഈ പരിവര്‍ത്തനത്തിന്റെ ഭാഗമാണ്. യുക്തിവാദത്തിലുറച്ചുനിന്ന വി.ടി.ഭട്ടതിരിപ്പാടിന്റെ സമ്പര്‍ക്കമാണ് മഹാകവിയുമായി അടുക്കാന്‍ എനിക്കവസരം ലഭിച്ചത്.
ക്ഷേത്രവും പൂജയും ഉപേക്ഷിച്ച് ഹോട്ടല്‍ ജോലിക്കു പോയവരെ ക്ഷേത്ര ചൈതന്യ രഹസ്യം പറഞ്ഞു മനസ്സിലാക്കാന്‍ വേണ്ടി ശ്രീ.പി.മാധവ്ജി ചെയ്ത സാഹസിക പരിശ്രമങ്ങള്‍ ഈ അവസരത്തില്‍ അനുസ്മരിക്കേണ്ടതാണ്. അതിരാത്രത്തില്‍ ആടിനെക്കൊന്ന് ‘വപ’യെടുക്കാന്‍ സന്നദ്ധമായ പൗരോഹിത്യത്തിനെതിരെ രംഗത്തുവന്ന വി.ടി.ഭട്ടതിരിപ്പാടിനെയും മറക്കാന്‍ പാടില്ല. കേരളത്തിന്റെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയുടെ നാനാദിക്കില്‍ തകര്‍ന്നു കിടന്ന ക്ഷേത്രങ്ങളെ സമുദ്ധരിക്കാന്‍ നടന്ന സമരങ്ങളും പരിശ്രമങ്ങളും മറന്നുകൂടാ. നമ്മുടെ മുഖ്യാതിഥിയുടെ സംഗീതസപര്യ ആര്‍ഷപാരമ്പര്യത്തിന്റെ പരിവര്‍ത്തനമാണെന്ന് മനസ്സിലാക്കണം. അകന്നുനില്ക്കുന്ന സെമിറ്റിക് ചിന്താഗതികളെ ഉല്ഗ്രഥിപ്പിക്കാനുള്ള കഴിവ് ആര്ഷപാരമ്പര്യത്തിനുണ്ടെന്ന് മനസ്സിലാക്കിയ കലാ-സാഹിത്യ രംഗവും ഇത്തരം നവോത്ഥാനത്തിന് കാരണമാണ്. ഇതൊക്കെയാണെങ്കിലും വീണ്ടും അനാചാരത്തിലേക്ക് മടങ്ങിപ്പോകാതെ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന സാംസ്ക്കാരിക രംഗത്തെ മുന്നേറ്റം നേരായവഴിക്ക് നയിക്കാന്‍, മഹാനായ അക്കിത്തത്തിന്റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഈ ഭാഗവതോത്സവം കാരണമാകണം. മഹാകവിയുമായുള്ള സന്തത സമ്പര്‍ക്കം എന്നിലും അദ്ദേഹത്തിലും വരുത്തിയ പരിവര്‍ത്തനത്തിന്റെ സദ്ഫലമാണ് ഈ ഉത്സവമെന്ന് ഞാന്‍ അഭിമാനിക്കുന്നു.
>> എം.എ.കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: