ഉത്തര്‍പ്രദേശിലെ സരയൂ നദിക്കരയില്‍ ക്ഷേത്രം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി ബാര്‍ബര്‍ നിര്‍മ്മിച്ച മകുടം തകര്‍ന്നതിന്റെ ഇരുപതാം വാര്‍ഷികമാണിന്ന്. അയോധ്യയിലെ ശ്രീരാമജന്മസ്ഥാനക്ഷേത്രമാണ് ബാബര്‍ തകര്‍ത്തത്. ബാബറുടെ നിര്‍ദ്ദേശാനുസരണം 1527ല്‍ നിര്‍മ്മിച്ച കെട്ടിടം പള്ളിയാണെന്ന് ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അവിടെ നമാസ് നടക്കുകയോ, മുസ്ലീങ്ങള്‍ കയറി ചെല്ലുകയോ പതിവല്ലാതായിട്ട് ഏഴ് പതിറ്റാണ്ടെങ്കിലും പിന്നിട്ടു. എന്നിട്ടും ചില നിക്ഷിപ്ത താല്പര്യക്കാര് അത് പള്ളിയാണെന്നും 1992 ഡിസംബര്‍ 6ന് പള്ളി തകര്ക്കപ്പെട്ടേ എന്ന് മുറവിളി കൂട്ടുകയും അതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുകയുണ്ടായി. അതിന്നും തുടരുന്നുണ്ടെങ്കിലും അതിന്റെ ശക്തി ചോര്‍ന്നു. പ്രസക്തി നഷ്ടപ്പെട്ടു. എന്നാലും മുസ്ലീങ്ങളെ കൂടെ നിര്‍ത്താനുള്ള നല്ലൊരു ഉപായമെന്ന രീതിയില്‍ അതിനെ ഉപയോഗിക്കുന്നുണ്ട്. മുസ്ലീങ്ങള്‍ക്ക് മെക്കപോലെ ക്രിസ്ത്യാനികള്‍ക്ക് ജറുസലേം പോലെ പവിത്രമാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ. ക്ഷേത്രങ്ങള്‍ നിരവധിയുണ്ടെങ്കിലും ശ്രീരാമന്റെ ജന്മസ്ഥാനം വേറൊന്നില്ല. ആയിരക്കണക്കിന് വര്‍ഷം മുമ്പ് പണിത ഒന്നാന്തരം ശ്രീരാമക്ഷേത്രം തകര്‍ക്കേണ്ടത് മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ ആവശ്യമായിരുന്നു. ക്ഷേത്രം തകര്‍ത്തതിന്റെ അവശിഷ്ടം ഉപയോഗിച്ചാണ് ബാബര്‍ സ്വന്തം സ്മാരകമുണ്ടാക്കിയത്. അന്നു മുതല്‍ ജന്മസ്ഥാന് തിരിച്ചുപിടിക്കാനുള്ള പ്രയത്നം തുടര്‍ന്നുകൊണ്ടിരിക്കുന്നു. നിരവധി പോരാട്ടങ്ങള്‍ നടന്നു. അതിന്റെ പേരില്‍ ആയിരക്കണക്കിനാളുകള്‍ ബലിദാനികളായി. ആ പോരാട്ടത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് 1992 ഡിസംബര്‍ ആറിനുണ്ടായ സംഭവങ്ങളും. അതുവരെ അവിടെ പള്ളിയായി ആരും പരിഗണിച്ചില്ല. പക്ഷെ പൂജയും ആരാധനയും മുടക്കം കൂടാതെ തുടര്‍ന്നുപോന്നു.
യുപി സര്‍ക്കാറാണ് അവിടെ പൂജാരിയെ നിശ്ചയിക്കുന്നത്. ശമ്പളം കൊടുക്കുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാരാണ്. തര്‍ക്കസമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി ചവാനടക്കം അയോധ്യ സന്ദര്‍ശിച്ചിട്ടും അവിടെ പള്ളിയല്ല ക്ഷേത്രമാണ് കാണാനായത്. അവിടെ ക്ഷേത്രം ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ക്ഷേത്രമല്ലാതെ മറ്റൊന്നും അവിടെ ഇനിയും ഉയരാനും പോകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അയോധ്യയുടെ പേരില്‍ പ്രകോപനമുണ്ടാക്കാന്‍ ഇപ്പോള്‍ നടത്തുന്ന കോപ്രായങ്ങള്‍ക്ക് ദുഷ്ടലാക്ക് മാത്രമാണ്. അയോധ്യയിലെ മുസ്ലീങ്ങള്‍ അവിടെ ശ്രീരാമക്ഷേത്രം മതി എന്നാഗ്രഹിക്കുമ്പോള്‍ ദല്‍ഹിയിലും കേരളത്തിലുമുള്ള പള്ളിയില്‍ പോലും പോകാത്ത ചിലരുടെ വെപ്രാളം ഇന്ത്യയെ ശിഥിലമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നതില്‍ സംശയമില്ല.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതീയരുടെ മനസ്സില്‍ മര്യാദാപുരുഷോത്തമനായ ശ്രീരാമന് മഹിതസ്വഭാവത്തിന്റെ പ്രതീകമാണ്. രാമരാജ്യമാകട്ടെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ക്ഷേമ രാഷ്ട്രമാണ്. അതുകൊണ്ട് തന്നെയാണ് തന്റെ സങ്കല്പം രാമരാജ്യമാണെന്ന് മഹാത്മാഗാന്ധിജി പ്രഖ്യാപിച്ചത്.
ശ്രീരാമകഥകള്‍ കൊണ്ട് സമ്പുഷ്ടവും സമ്പന്നവുമാകാത്ത ഒരൊറ്റ നാടോടി പൈതൃകം പോലും നമുക്കില്ല. ശ്രീരാമന്റെ ജന്മസ്ഥലത്തോട് ഹൈന്ദവര്‍ക്ക് സഹസ്രാബ്ദങ്ങളിലൂടെ അത്യഗാധമായ ഒരാത്മീയ ഭക്തിയുണ്ട്. ജന്മസ്ഥാനത്തു നിന്ന് ഉദ്ഗ്രഥനം നടത്തിയപ്പോള്‍ കണ്ടെത്തിയ വസ്തുക്കള്‍ അവിടെ ഒന്നാന്തരം ക്ഷേത്രം നിലനിന്നതിന്റെ മതിയായ തെളിവുകളാണ്. സേനാനായകനായ മിര്ബാക്കിയെന്ന അക്രമിയാണ് ബാബറുടെ നിര്‍ദ്ദേശാനുസരണം ക്ഷേത്രം തകര്‍ത്തത്. ആ ചരിത്രം ആരും പറയുന്നില്ല. എന്നാല്‍ അക്രമകാരികളുടെ വിജയ പ്രതീകം ആത്മാഭിമാനമുള്ള ഒരു ജനതയ്ക്കും പൊറുപ്പിക്കാവതല്ല. അതുതന്നെയാണ് ഡിസംബര്‍ 6ന് സംഭവിച്ചത്. ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആരംഭിച്ച അയോധ്യാ പ്രസ്ഥാനം ഇന്നും ശക്തവും സത്യവുമാണ്.
ഉണരുന്ന ദേശീയ ബോധത്തിന്റെ പ്രതീകമാണ് അയോധ്യയിലെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം. കപട മതേതരത്വ നിലപാടുകള്‍ രാഷ്ട്ര ഭദ്രതയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ശ്രീരാമ ജന്മസ്ഥാനത്ത് ക്ഷേത്രം പുനര്‍നിര്‍മ്മാണമല്ല. മറിച്ച് പൊതുജീവിതത്തെ സംശുദ്ധമാക്കി രാഷ്ട്രത്തെ രാമരാജ്യ സങ്കല്പത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടെത്തിക്കുക എന്നതു തന്നെയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് ജന്മസ്ഥാന് ക്ഷേത്രനിര്‍മ്മാണ പ്രക്രിയയ്ക്ക് ജനകോടികളുടെ പിന്തുണയും പങ്കാളിത്തവും ഉണ്ടാകുന്നത്. ഉയിരുകൊടുത്തും ഉയര്ത്തിക്കൊണ്ടുവരേണ്ടതാണ് ശ്രീരാമക്ഷേത്രമെന്ന് പ്രതിജ്ഞയെടുത്ത കോടാനുകോടി ജനങ്ങള്‍ അതിന് പിന്നിലുണ്ട്. ഭാരതം കണ്ട ആവേശകരമായ മുന്നേറ്റമാണ് ശ്രീരാമജന്മഭൂമി പ്രസ്ഥാനത്തിനുള്ളത്. രാമജന്മഭൂമിയെ സംബന്ധിച്ചുള്ള അത്യുല്‍കൃഷ്ടമായ ജനാഭിലാഷത്തെ മാനിക്കാന്‍ ഹിന്ദുവിരുദ്ധ സര്‍ക്കാരുകള്‍ തയ്യാറായില്ലെങ്കിലും ജനങ്ങള്‍ പിന്നോട്ടില്ല. സത്യത്തിന് വിരുദ്ധമായ പ്രചാരണങ്ങളും വര്‍ഗ്ഗീയ വിഷം തേച്ച വാക്കുകളും ആര്‍ക്കും ഗുണം ചെയ്യില്ല. ഇല്ലാത്ത പള്ളി പൊളിച്ചു എന്ന പ്രചാരണമാണ് രാജ്യത്തിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കിയത്. അതിന്റെ ഉത്തരവാദിത്തം അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനും മതേതരത്വത്തിന്റെ മുഖം മൂടിയണിഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ്. ആ പിഴവ് തിരുത്താന്‍ ഇനിയെങ്കിലും അവര്‍ തയ്യാറാവണം. രാഷ്ട്രത്തിന്റെ അഭിമാനമെന്നോണം അയോധ്യയില്‍ ശ്രീരാമജന്മസ്ഥാനത്ത് ഉചിതമായ ക്ഷേത്രം നിര്‍മ്മിക്കാനുള്ള സഹായവും സാഹചര്യവും സൃഷ്ടിക്കാന്‍ തയ്യാറാവണം. ഗുജറാത്തിലെ സോമനാഥക്ഷേത്രം പുനര്‍ നിര്‍മ്മിച്ചത് നെഹ്റു മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ്. സമാനമായ സ്ഥിതിതന്നെയാണ് അയോധ്യയിലേതും. അത് മനസ്സിലാക്കാനും ജനകോടികളുടെ ഹൃദയവികാരം മാനിക്കാനും ഒട്ടും വൈകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: