ജോര്‍ജിയ: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായി പ്രഖ്യാപിക്കപ്പെട്ട മുത്തശ്ശി അന്തരിച്ചു. 116 വയസുണ്ടായിരുന്ന ബിസി കൂപ്പറാണ് ജോര്‍ജിയയിലെ മണ്‍റോയിലുള്ള നഴ്സിംഗ് ഹോമില്‍ അന്തരിച്ചത്. വയറ്റിലുണ്ടായ അസുഖത്തെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്ന ഇവരുടെ നില കഴിഞ്ഞ ആഴ്ച അവസാനം വഷളായെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി നേരിയ പുരോഗതി കണ്ടിരുന്നു. ചൊവ്വാഴ്ച സ്വന്തമായി മുടി ചീകിയൊതുക്കിയ മുത്തശ്ശി ഒരു ക്രിസ്തുമസ് വീഡിയോദൃശ്യവും കണ്ടതായി മകന് സിഡ്നി കൂപ്പര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് പെട്ടന്ന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ശ്വസനപ്രക്രിയ നിയന്ത്രിക്കാന്‍ ഓക്സിജന്‍ നല്‍കിയെങ്കിലും പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ബിസി കൂപ്പര്‍ ലോകത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ മെയില്‍ ബ്രസീലിലെ മരിയ ഗോമസ് വാലന്റീന്‍ മുത്തശ്ശിക്ക് ബിസി കൂപ്പറെക്കാള് 48 ദിവസം പ്രായക്കൂടുതലുണ്ടെന്ന് ഗ്വിന്നസ് വേള്‍ഡ് റെക്കാര്‍ഡ്സ് അധികൃതര്‍ കണ്ടെത്തിയതോടെ ഇവര്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ 21 ന് വാലന്റീന്‍ മരിച്ചതോടെ ഈ റിക്കാര്‍ഡ് വീണ്ടും ബിസി കൂപ്പറെ തേടിയെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: