മനില: ഫിലിപ്പീന്‍സിലെ മിന്‍ഡനാവോ മേഖലയില്‍ ആഞ്ഞടിച്ച ബോഫോ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 230 കവിഞ്ഞു. നൂറുകണക്കിനാളുകളെ കാണാനില്ലെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. പതിനായിരക്കണക്കിനാളുകള്‍ക്ക് വീട് നഷ്ടപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. 4000ത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.
ന്യൂബാറ്റന് പട്ടണത്തിലാണ് കൂടുതല്‍ ദുരിതം ഉണ്ടായത്. ഇവിടെ മലവെള്ളപ്പാച്ചിലില്‍ 43 പേര് മരിച്ചു. കോംപോസ്റ്റെലാ വാലി പ്രവിശ്യയില്‍ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷതേടി ഗ്രാമീണര്‍ അഭയം പ്രാപിച്ചിരുന്ന ഒരു സ്ക്കൂളും വില്ലേജ് ഹാളും മുങ്ങിപ്പോയതായി സൈന്യം അറിയിച്ചു. ഒരു സൈനിക ട്രക്ക് ഒഴികിപ്പോയി.
രക്ഷാപ്രവര്‍ത്തനം നടത്തിയ ആറ് സൈനികരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. കനത്ത മഴ പ്രദേശത്ത് തുടരുകയാണ്. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ അര്‍ട്ടുറോ ഉയി പറഞ്ഞു.
മരം വീണുറോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ സൈനികര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ന്യൂബാറ്റാന് പട്ടണത്തിലെത്താനായിട്ടില്ലെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദവാവോ ഓറിയന്റല്‍ തെക്കന്‍ ഫിലിപ്പീന്‍സിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. മിന്ഡിനാവോയില് തന്നെ 142 പേര് കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 241പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. സ്ഥിതിഗതികള്‍ ആശങ്കാവഹമാണെന്ന് സാമൂഹിക ക്ഷേമ സെക്രട്ടറി കൊറാസോണ്‍ സോളിമന് പറഞ്ഞു. റോഡ് ഗതാഗതം പൂര്‍ണമായും താറുമാറായിരിക്കുകയാണ്. സൈനിക വിമാനവും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. മിന്‍ഡനാവോ പ്രദേശത്തെ വൈദ്യുതി ബന്ധവും ടെലിഫോണ്‍ സര്‍വ്വീസും പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. പ്രദേശത്തെ ആശുപത്രികളും, സ്വകാര്യ സ്ഥാപനങ്ങളും ചുഴലിക്കാറ്റില്‍ തകര്‍ന്നിട്ടുണ്ട്.
200 സൈനികോദ്യോഗസ്ഥരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് ബെര്‍ണാര്‍ഡോ പറഞ്ഞു. 87,000 ലധികം പേര് അഭയാര്‍ത്ഥി ക്യാമ്പുകളിലുണ്ടെന്നാണ് കണക്ക്. ഈ വര്‍ഷം ഫിലിപ്പീന്‍സില്‍ ആഞ്ഞടിക്കുന്ന പതിനാറാമത്തെ ചുഴലിക്കാറ്റാണ് ഇത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ ചുഴലിക്കാറ്റില്‍ 1200 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: