ജെറുസലേം: അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ കോടതിയില്‍ അംഗത്വം തേടുമെന്ന് പാലസ്തീന്. ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷക സ്ഥാനത്തുനിന്നും ഉയര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പലസ്തീന്റെ പുതിയ നീക്കം. ഇസ്രായേലിനെതിരെ പാലസ്തീന് സ്വീകരിക്കുന്ന നടപടികളെ ആകാംഷാപൂര്‍വ്വമാണ് ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്. ഇസ്രായേലിനെ ഭയപ്പെടുത്തുക മാത്രമാണ് ഈ നീക്കത്തിന് പിന്നിലെന്നും നിയമനടപടിയുമായി പാലസ്തീന് മുന്നോട്ടുപോകില്ലെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
എന്നാല്‍ ജെറുസലേമിലും വെസ്റ്റ്ബാങ്കിലും ഇസ്രായേല്‍ നടത്തുന്ന പാര്‍പ്പിട നിര്‍മ്മാണ പദ്ധതികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പോകുമെന്നാണ് പാലസ്തീന് ഔദ്യോഗിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്. സൗഹൃദ രാജ്യമായ അമേരിക്കയും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വെസ്റ്റ്ബാങ്ക്, ഗാസ, കിഴക്കന്‍ ജെറുസലേം എന്നിവിടങ്ങളില്‍ 3000ത്തോളം പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനാണ് ഇസ്രായേല്‍ നീക്കം. എന്നാല്‍ ആരൊക്കെ എതിര്‍ത്താലും നിര്‍മ്മാണ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ നീക്കത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് ഇസ്രായേല്‍ ഉപപ്രധാനമന്ത്രി ഡാനി ആയലോണ് വ്യക്തമാക്കി.
തങ്ങള്‍ക്കെതിരെ ആക്രമണം നടത്താത്ത പക്ഷം കോടതിയെ സമീപിക്കില്ല. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടാകുന്ന പക്ഷം കോടതിയെ സമീപിക്കുമെന്ന് പലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് അറിയിച്ചു. ഇക്കാര്യം മറ്റ് രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ സൗഹൃദ രാഷ്ട്രമായ അമേരിക്കയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു. പാലസ്തീന് നിരീക്ഷക രാഷ്ട്രപദവി നല്‍കിയതിന് തൊട്ടുപിന്നാലെ പ്രകോപന നടപടിയായാണ് ജെറുസലേമിലും വെസ്റ്റ്ബാങ്കിലും 3000ത്തിലധികം ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചത്. തുടര്‍ന്ന് പലസ്തീന് നല്‍കിവരുന്ന നികുതിവിഹിതം വെട്ടിക്കുറക്കാനും ഇസ്രായേല്‍ തീരുമാനിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ തന്നെയും ഇസ്രായേലിനെതിരെ ശക്തമായി നടപടി കൈക്കൊള്ളാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനായി ഐക്യരാഷ്ട്രസഭയില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പദവി പലസ്തീന് ദുരുപയോഗം ചെയ്യുമെന്നാണ് ഇസ്രായേലിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: