അമേരിക്കയില്‍ ഒരു മതമഹാസമ്മേളനം നടന്നെന്നും അതിലേക്ക് ഹിന്ദുസന്ന്യാസിയെ അയച്ചിരുന്നെന്നും ഓരോ കൂലിവേലക്കാരനും അറിയാമെന്ന വസ്തുത എന്നെ അദ്ഭുതപ്പെടുത്തുന്നു. അതു കാട്ടുന്നത് എവിടേക്കാണ് കാറ്റടിക്കുന്നത്, ജനതയുടെ ജീവിതമെവിടെ, എന്നാണ്. ഭൂഗോളപര്യടനക്കാര് വിശേഷിച്ചും വൈദേശികര്‍, പൗരസ്ത്യമായ സാമാന്യജനങ്ങളുടെ അജ്ഞതയില്‍ ഖേദിച്ചുകൊണ്ട് എഴുതിയ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അതില്‍ കുറെ സത്യവും കുറെ അസത്യവും കലര്‍ന്നിരിക്കുന്നു എന്ന് ഞാന്‍ കണ്ടു. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലുള്ള ഒരു ഉഴവുകാരനോട് അയാള്‍ ഏതു രാഷ്ട്രീയകക്ഷിയിലാണെന്നു ചോദിച്ചാല്‍ അയാള്‍ പറയും, താന്‍ തീവ്രവാദിയാണോ യാഥാസ്ഥികനാണോ, തന്റെ വോട്ട് ആര്‍ക്കാണ് കൊടുക്കുക എന്ന്.
അമേരിക്കയില്‍ റിപ്പബ്ലിക്കോ ഡമോക്രാറ്റോ ആരാണ് താന്‍ എന്നയാള്‍ പറയും. എന്നല്ല വെള്ളിയെപ്പറ്റിയുള്ള പ്രശ്നത്തെക്കുറിച്ചും അയാള്‍ക്കു കുറേയൊക്കെ അറിയാമെന്നുവരും. അയാളുടെ മതത്തെപ്പറ്റി ചോദിച്ചാലോ, പള്ളിയില്‍ പോകാറുണ്ടെന്നായിരിക്കും ഉത്തരം; താന്‍ ഏതു പ്രത്യേകസഭയില്പ്പെടുന്നു എന്നു പറയും. ഇത്രയേ അയാള്‍ക്കു തിട്ടമുള്ളൂ; ഇതു മതിയെന്നും അയാള്‍ കരുതുന്നു.
ഇനി ഭാരതത്തില്‍ വന്ന് നമ്മുടെ ഉഴവുകാരനോടു ചോദിച്ചുനോക്കുക. രാഷ്ട്രതന്ത്രത്തെപ്പറ്റി വല്ലതുമറിയാമോ? അയാള്‍ മറുപടി പറയും ‘എന്താണത്’? സ്ഥിതിസമത്വപ്രസ്ഥാനങ്ങളെക്കുറിച്ചോ, മുതലും വേലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ അയാള്‍ക്ക് ഒരു പിടുത്തവുമില്ല. അയാളുടെ ജീവിതത്തില്‍ ഇതുപോലൊന്നിനെക്കുറിച്ച് ഒട്ടു കേട്ടിട്ടുമില്ല. അയാള്‍ തിമരെ പണിയെടുക്കുന്നു; അങ്ങനെ അഷ്ടിക്കുള്ള വക നേടുന്നു. എന്നാല്‍ ചോദിക്കൂ, ‘നിങ്ങളുടെ മതമേത്?’ ഉത്തരം നല്കുകയായി ‘നോക്കൂ, ചങ്ങാതി, അതെന്റെ നെറ്റിയില്‍ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.’ മതപരമായ പ്രശ്നങ്ങളെപ്പറ്റി ഒന്നുരണ്ട് ഈടുള്ളകാര്യങ്ങള് പറഞ്ഞുതരാനുള്ള കഴിവും അയാള്‍ക്കു കാണും. അങ്ങനെയാണ് എന്റെ അനുഭവം. അതാണ് നമ്മുടെ ജനതയുടെ ജീവിതം.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: